Wednesday, December 28, 2011

ഒരു പറിച്ചു നടല്‍


ഒരു പറിച്ചു നടല്‍
എന്റെ ബ്ലോഗ്ഗ് സ്ഥിരമായി വായിക്കാറുള്ള എന്റെ സുഹൃത്ത്‌ എന്നൊരു ചോദിച്ചു സ്ത്രീകളെ പറ്റി എന്താ ഒന്നും എഴുതാത്തതെന്ന്. അപ്പോളാണ് ഞാനും ചിന്തിച്ചത്, പല നാടുകളിലായി ജീവിതം ഒരു കടമ പോലെ ജീവിച്ചു തീര്‍ക്കുന്ന സഹോദരിമാര്‍ക്കായ്‌ ഒന്നും എഴുതിയില്ലല്ലോ എന്ന് . എന്റെ ഈ ഒരു ബ്ലോഗ്ഗ് എത്ര പേര്‍ വായിക്കും ആരൊക്കെ മനസിലാക്കും എന്ന് എനിക്ക് അറിയില്ല.

ഒരു പെണ്‍കുട്ടി ജനിച്ച നാള്‍ മുതല്‍ എല്ലാവരുടേം മനസ്സില്‍ ഒരു ഭാരമാണ്. എന്നെങ്കിലും ഒഴിച്ച് വിടേണ്ട ഒരു ഭാരം അത് സ്വന്തം അമ്മക്ക് പോലും. പൂമ്പാറ്റപോലെ പാറി നടക്കുന്ന അവളെ നോക്കി ഇവളെ എങ്ങനെ കെട്ടിച്ചു വിടും എന്ന് ചിന്തിച്ചു നെടുവീര്‍പ്പിടുന്ന അച്ഛനമ്മമാര്‍. ചുരുക്കം ചില ഭാഗ്യം ഉള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം ആണ്‍ മക്കളെക്കാള്‍ സ്നേഹം കിട്ടുന്നു, അവളെ കുടുംബത്തിലെ ഐശ്വര്യമായി കാണുന്നു. കല്യാണത്തിന് ശേഷവും അച്ഛനും അമ്മയും അവളുടെ കൂടെ എല്ലാ സന്തോഷത്തിലും ദുഖത്തിലും കൂടെ നില്‍ക്കുന്നു. എന്നാല്‍ ഭൂരിഭാഗം പേരുടെയും ജീവിതം ചെന്ന് കയറുന്ന വീട്, വീട്ടുകാര്‍ എന്നിവരെ ആശ്രയിച്ചിരിക്കും. 

സ്ത്രീ സ്വാതന്ത്യം കൊട്ടിഘോഷിക്കുന്ന നമ്മുടെ നാട്ടിലും പഠിക്കാന്‍ പോയ മകള്‍ തിരിച്ചെത്തും വരെ ആധിയോടെ വീട്ടുകാര്‍ കാത്തിരിക്കുന്ന സാഹചര്യമാണ് ഇന്നും. എന്നോ വില്‍ക്കാനുള്ള ഒരു മാടിനെ പോലെ ഭക്ഷണം തന്നു, വസ്ത്രം തന്നു അവളെ അവര്‍ വളര്‍ത്തുന്നു. തുറിച്ചു നോക്കുന്ന കണ്ണ്കള്‍ക്ക് നടുവിലൂടെ അവള്‍ വളര്‍ന്നു വരുന്നു. ഇഷ്ടപെട്ടതൊന്നും ചെയ്യാന്‍ പറ്റാതെ കുറെ നിയന്ത്രണ രേഖകുള്ളില്‍ അവളുടെ ജീവിതം ഒതുക്കപെടുന്നു. അച്ഛനമ്മമാര്‍ക്ക് ചെയ്യാന്‍ പറ്റാതെ പോയ കടമകള്‍ അവളുടെ ഉള്ളില്‍ എന്നേക്കുമായി മൂടി കിടക്കുന്നു. പഠിക്കുക ജോലി സമ്പാദിക്കുക എന്നതൊക്കെ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് മിക്കവാറും ഒരു മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതാം. എത്ര പഠിച്ചാലും ഒറ്റയ്ക്ക് പുറമേ പോകാന്‍ കഴിയാതെ എത്ര പേര്‍ ആ മോഹമൊക്കെ ഉപേക്ഷിച്ചു ശമ്പളം പറ്റാത്ത ജോലിക്കാരിയെ പോലെ കഴിയുന്നു.

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവിതത്തിനു വേണ്ടി അവളുടെ പടിപ്പ് , ഭാവി എല്ലാം തീറെഴുതുന്നു. ചെന്ന് കയറുന്ന വീടിലെ സാഹചര്യം, അവിടുത്തെ ആള്‍ക്കാരുടെ  മനോഭാവം അത് അനുസരിച്ച് അവളുടെ ജീവിതം തീരുമാനിക്കപെടുന്നു. ഒരു ദിവസം കൊണ്ട് ജനിച്ചു വളര്‍ന്ന വീട്ടില്‍ അവള്‍ അന്യയാകുന്നു. പടിയിറങ്ങി പോകുമ്പോ അമ്മമാര് കരയുന്നത് ചിലപ്പോ ആനന്ദ അശ്രുവാകം. " ഇന്ന് മുതല്‍ ഇവരെ നീ അമ്മയെന്ന് വിളിക്കണം, അച്ഛനെന്നു വിളിക്കണം , അവര് പ്രായമായവരാണ്  അവരുടെ സ്വഭാവത്തിനനുസരിച്ചു നീ മാറണം. പറയുന്നത് ഒക്കേ അനുസരിക്കണം. ഇഷ്ടമില്ലാത്ത എന്തെങ്ങിലും പറഞ്ഞാലും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടണം." അങ്ങനെ പല ഉപദേശങ്ങള്‍. ഒരു കുരിശു ചുമലില്‍ നിന്ന് മാറ്റിയ സന്തോഷത്തോടെ അവളുടെ വീട്ടുകാര്‍ സുഖമായ് ഉറങ്ങുന്നു.

അങ്ങനെ വേരോടെ പിഴുതു മാറ്റി വെള്ളമൊഴിച്ച് , വളമിട്ടു വേറെ ഒരു മണ്ണില്‍ ഒരു പറിച്ചു നടല്‍. പേടിയോടെ കാലൊച്ച കേള്‍ക്കാതെ ആ വീട്ടില്‍ അവള്‍ നടക്കുന്നു.അപരിചിതമായ  ആ ചുറ്റുപാടില്‍ അവള്‍ അവളെ തന്നെ പാകപെടുത്തിഎടുക്കാന്‍ ശ്രമിക്കുന്നു. ഒരിക്കലും അത് എളുപ്പമല്ല. എത്ര മാനസിക പിരിമുറുക്കം അവള്‍ അനുഭവിക്കുന്നു. പുതിയ പെണ്ണിനെ അളക്കുന്ന കണ്ണുകൾ ക്കിടയിലൂടെ അവള്‍ നടക്കുന്നു, ഇരിക്കുന്നു, പണികള്‍ ചെയ്യുന്നു ഒരു പാവയെ പോലെ. എന്നാലോ എന്നും ആ വീട്ടിലും അവള്‍ അന്യയാണ്. പുതിയ  വീട്ടില്‍ അവളുടെ സ്ഥാനം എന്താണ് എന്ന്. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും അതാന്നു ഇനി നിന്റെ വീടെന്നു പറഞ്ഞാണല്ലോ അയച്ചത്. എന്നിട്ടിവിടെ കേള്‍ക്കുന്നു നിന്റെ വീട്, വീട്ടുകാര്‍ എന്ന്. ഇത് ന്യായമോ? 

ഒരു കുഞ്ഞുആകുന്നതോടെ അവളുടെ സ്ഥാനം വീടിന്റെ അതിര്‍ത്തിയിലേക് ഒതുങ്ങുന്നു. ചെയ്യുന്ന എല്ലാ കാര്യത്തിലും കുറ്റം മാത്രം എല്ലാവരും കാണുന്നു. സ്വന്തമായി ഒരു അഭിപ്രായം പെണ്‍കുട്ടികള്‍ക്ക് പാടില്ല, അവള്‍ ഒറ്റക്ക് പു റത്തു പോകാന്‍ പാടില്ല, സ്വന്തം വീട്ടില്‍ പോകാന്‍ അമ്മയെ കാണാന്‍ വേറെ ഒരാളുടെ അനുവാദം, സഹായം എല്ലാം വേണ്ടി വരുന്നു . അത്ര നാള്‍ വരെ എല്ലാം എന്ന് കരുതിയ കൂട്ടുകാരും ജീവിതത്തില്‍ ഇല്ലാതാകുന്നു.

എത്ര പുറമേ കാണിച്ചാലും അമ്മമാര്‍ക്ക് സ്വന്തം മകളെ പോലെ വേറെ ഒരു പെണ്‍കുട്ടിയെ കാണാന്‍ കഴിയുന്നില്ല. മകള്‍ പറയുന്ന ഒരു കാര്യം തന്നെ മരുമകള്‍ പറഞ്ഞാല്‍ അത് പരാതിയാകുന്നു. മകളോട് തുറന്നു പറയുന്ന പോലെ മരുമകളോട് അമ്മമാര്‍ മനസ്സ് തുറന്നു പരയുനില്ല ഒന്നും. ഇസ്ടപെടാത്ത എന്തെങ്ങിലും ചെയ്താല്‍ വേറെ ആളുകളോട്  പറയുന്നു എന്നല്ലാതെ. മകള്‍ വാങ്ങി കൊടുക്കുന്ന ഒരു സാധനത്തിന്റെ വില മരുമകള്‍ എന്ത് കൊടുത്താലും കിട്ടില്ല. എത്രയൊക്കെ പുരോഗമിച്ചു  എന്ന് പറഞ്ഞാലും " അവളെ എന്റെ മകളെക്കാള്‍  നാന്‍ സ്നേഹിക്കുന്നു " എന്ന് ഒരു അമ്മ മരുമകളെ പറ്റി പറഞ്ഞാലും ഇന്നും മിക്ക വീടുകളിലും എന്തൊകെയോ നീറി പടരുന്നു.

ഓരോരുത്തര്‍ക്കും അവരുടെതായ ന്യായങ്ങള്‍ ഉണ്ടാകും. അമ്മക്ക് പറയാന്‍ അമ്മയുടെ, അച്ഛന് അച്ഛന്റെ , മകള്‍ക്ക് അവളുടെ , മരുമകള്‍ക്ക് അവളുടെ, ഭര്‍ത്താവിനു അവന്റെ. അവസാനം അതില്‍ ന്യായം  നോക്കി വിധി കല്പിക്കുന്നതാര്? എന്റെ നിന്റെ എന്നാ വേര്‍തിരിവില്ലാതെ ഒരു കുടുംബം എന്ന് മുന്നോട്ടു പോകുന്നോ അന്ന് അത് സ്വര്‍ഗമാകും. വിവാഹം ചെയ്തു കൊടുത്ത മകള്‍ അവള്‍ ആ വീടിനെ സ്നേഹിക്കണം, ആ അമ്മയെ സ്നേഹിക്കണം എന്ന് മനസിലാകി കൊടുക്കുന്നതോടെ അമ്മയുടെ കടമ തീര്‍ന്നു. അല്ലാതെ അവരുടെ ജീവിതത്തില്‍ ഇടയ്ക്കിടെ വലിഞ്ഞു കയറി ഇടപെടാനുള്ള അധികാരം അമ്മമാര്കില്ലതാകുന്നു.

ഇന്നും നേരം ഇരുട്ടുമ്പോള്‍ ടി വിയുടെ മുന്നില്‍ ഇരുന്നു കണ്ണിമക്കാതെ സീരിയല്‍ കാന്നുന്ന ആളുകള്‍ ഉള്ളതിന് കാരണവും, സീരിയല്‍ നിര്‍മാതാക്കള്‍ കാശു ഉണ്ടാക്കുന്നതും ഈ ഒരു മകള്‍ മരുമകള്‍ തിരിവ് വെച്ചാണല്ലോ. മരുമകളെ തല്ലുകയും തൊഴിക്കുകയും ചെയ്യുന്ന കഥ മാറ്റി ക്രൂരയായ മരുമകളെ കാണിച്ചു തുടങ്ങി എന്നല്ലാതെ വലിയ മാറ്റമൊന്നുമില്ല. ഭാര്യ എന്ത് തോന്നിവാസം കാണിച്ചാലും കൂടുനില്‍ക്കുന്ന ഭര്‍ത്താവും, ഭാര്യയുടെ സന്തോഷതിനായ്  എന്തിനും തുള്ളുന്ന കോന്തന്‍ ഭര്‍ത്താവും  ഈ കഥാപാത്രങ്ങള്‍ കഥാ രചയിതാകള്‍ക്ക് കിട്ടുന്നത് ചുറ്റുമുള്ള ജീവിതത്തില്‍ നിന്നോ?

ഇനി നാളെ നമ്മളും ഇത് പോലൊക്കെ തന്നെ ആയി മാറുമോ? എന്റെ മകന്റെ ജീവിതത്തിലും  ഒരു പെണ്‍കുട്ടി കടന്നു വരും, എന്റെ മകള് വേറെ കുടുംബതിലേക്കു പോകും. അന്ന് സാഹചര്യങ്ങള്‍ ഒരു പാട് മാറിയിരിക്കാം. എത്ര സ്നേഹിച്ചാലും തിരിച്ചു കിട്ടാത്ത സ്നേഹം അതൊരു വിങ്ങലാണ് എന്ന് എനിക്ക് ഈ ജീവിതം മനസിലാക്കി  തരുന്നു. 



*****************************************************************************************







Wednesday, October 19, 2011

കലാലയ ദിനങ്ങള്‍



ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍ എന്നാണെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ഒട്ടും ആലോചിക്കാതെ തന്നെ " അത് എന്റെ കലാലയ  ദിനങ്ങള്‍ " എന്ന്. 

അത് വരെ കൂട്ടിലിട്ട  കിളികളെ പോലെ പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളില്‍ നിന്ന് പെട്ടെന്ന് ഒരു പറിച്ചു മാറ്റല്‍ ശെരിക്കു പറഞ്ഞാല്‍ മനസിന്നെ പേടിപ്പിച്ചിരുന്നു, ആദ്യം പഠിച്ചിരുന്ന എന്റെ കലാലയം അതൊരു കടംകഥ പോലെ മനസ്സിലുണ്ട്. ചുറ്റും കാറ്റാടി മരങ്ങള്‍ നിറഞ്ഞ  ആ കോളേജില്‍ വളരെ കുറച്ചു  ദിവസങ്ങളെ അവിടെ പോകേണ്ടി വന്നിട്ടുളൂ. സമരങ്ങളും, കോലാഹലങ്ങളും നിറഞ്ഞ ആ കാമ്പസിലും, കാറ്റാടിമരങ്ങള്‍ക്ക് താഴെ ഇണ പ്രാവുകളെ പോലെ പരിസരം മറന്നു സംസാരിക്കുന്ന കമിതാക്കളെ കണ്ടു അദ്ബുധപെട്ടിടുണ്ട്. പ്രീ ഡിഗ്രി എന്നാ കടമ്പ പൂര്‍ത്തിയാക്കി. കഷ്ടിച്ചു പാസ്സായി, അവിടം വെച്ച് തന്നെ എന്റെ പഠിത്തം അവസാനിച്ചു എന്ന് കരുതിയ നാളുകള്‍, എവിടെയും പ്രവേശനം കിട്ടാതെ എല്ലാവരെയും പോലെ പാരലല്‍ കോളേജില്‍ പൊയ് ചേര്‍ന്നു. പഴയ സ്കൂളിലേക്ക് തിരിച്ചു പോയ പോലെ തോന്നി.

തീരെ പ്രതീക്ഷിക്കാതെ എനിക്ക് ശ്രീ നാരായണ കോളേജ്, നാട്ടികയില്‍ ബി എ സി ബോട്ടനിക്ക് കാര്‍ഡ്‌ വന്നത്. പ്രത്യേകിച്ചൊരു കണക്കു കൂട്ടലുമില്ലാതെ ആ പടി കടന്നപ്പോ എനിക്കറിയുന്നുണ്ടായിരുനില്ല എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ മൂന്നു വര്‍ഷങ്ങള്‍ അവിടെ എനിക്കായി  കാത്തിരിക്കുന്നു എന്ന്.

ആദ്യമായി കലാലയത്തിന്റെ മുന്നില്‍ വീണു കിടക്കുന്ന ചുവന്ന പൂക്കളെ ചവിട്ടി മെതിച്ചു നടന്ന ദിവസം, സിനിമയില്‍ നായിക വരുന്ന പോലെ എന്റെ കാല്‍ പതിഞ്ഞപ്പോള്‍ കാറ്റ് വീശിയില്ല, മഴ പെയ്തില്ല . പക്ഷെ എല്ലാം എന്റെ മനസ്സിലായിരുന്നു. ചെറിയ ഒരു ക്ലാസ്സ്‌ മുറിയില്‍ ഇരുപ്പത്തി അഞ്ചില്‍ ഒന്നായി ഞാനും. അപരിചിതരായ പല സ്ഥലത്ത് നിന്ന് വരുന്ന കുറെ പേര്‍. അവര്‍ക്കിടയില്‍ മനസ്സില്‍ തെല്ലു പേടിയും, അതിലേറെ ആകാംഷയമുമായി ഞാനിരുന്നു. ഓരോ മണിക്കൂറിലും  മാറി വരുന്ന അധ്യാപകർ , അവരുടെ ഉപദേശങ്ങള്‍ എല്ലാം അത്ഭുതത്തോടെ നോക്കിയിരുന്നു. ഇടയ്ക്കു വീണു കിട്ടുന്ന ഇടവേളകളില്‍ പരിജയപെടാനെന്ന പേരില്‍ വരുന്ന മുതിര്‍ന്ന ചേട്ടന്മാര്‍. സത്യത്തില്‍ അവര്‍ തേടുന്നത് അവര്‍ക്ക് പറ്റിയ ഇണ പ്രാവുകളെ ആണെന്നതാണ്സ ത്യം.പരസ്പര ബന്ധമില്ലാത്ത ചോദ്യങ്ങളും അതിനു കിട്ടുന്ന ഉത്തരങ്ങളും അവരെ തൃപ്തിപെടുതുന്നില്ലെന്നു മുഖം കണ്ടാല്‍ അറിയാം.

ഹിന്ദി ക്ലാസ്സിനും ഇംഗ്ലീഷ് ക്ലാസ്സിനും ഞങ്ങള്‍ക്ക് വേറെ ക്ലാസ്സുകളിലേക്ക് പോണം. ഹിന്ദി ക്ലാസ്സില്‍ മിക്കവാറും ഇടം കിട്ടുക ഏറ്റവും പുറകിലാവും. വലിയ ഒരു ഹാളിന്റെ ഏറ്റവും പുറകില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് ടീച്ചറെ കാണാന്‍ തന്നെ പറ്റുന്നുണ്ടാവില്ല. ടീച്ചര് പറയുന്ന ശബ്ദം ദുര്‍ബലമായി മാത്രം കേള്‍ക്കാം. ഊണ് കഴിഞ്ഞുള്ള ഉച്ച മയക്കത്തില്‍ കനം തൂങ്ങുന്ന കണ്ണ്  കഷ്ടപ്പെട്ട് വലിച്ചു തുറന്നു ഇരിക്കും.ഇന്നും ആ ഉച്ച മയക്കത്തിന്റെ ആലസ്യം മനസ്സില്‍ മായാതെ നിക്കുന്നു.

ഓരോ ദിവസം കഴിയും തോറും എന്റെ വീടിനെക്കാള്‍ ഞാന്‍ എന്റെ കോളേജിനെ സ്നേഹിച്ചു തുടങ്ങി. എന്നും നേരം പുലര്‍ന്നാല്‍ എത്രയും പെട്ടന്ന് അവിടെത്തി കൂട്ടുകാരെ കാണുന്നവരെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ ക്ലാസ്സു കോളേജിന്റെ ആദ്യത്തെ നിലയിലായിരുന്നു, മുന്നിലത്തെ ചെറിയ വരാന്തയിലാകും മിക്കപോഴും ഞങ്ങളുടെ കൊച്ചു വര്‍ത്തമാനങ്ങള്‍. ആരോടും പിണക്കമില്ലാതെ, എല്ലാവരേം സ്നേഹിക്കാന്‍ മാത്രം പഠിച്ചു. ഒരുപാടു നല്ല സുഹൃത്തുകള്‍, അദ്യാപകര്‍. തിരിച്ചു വീട്ടിലെത്തിയാലും പിറ്റേന്ന് കോളേജില്‍ പോകുന്ന വരെ ഒറ്റപെട്ട പോലെ തോന്നും. അങ്ങനെ ഒരു കൊല്ലം എത്ര വേഗത്തില്‍ കടന്നു പോയി. നല്ല നാളുകള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് മിന്നല്‍ വേഗതയില്‍ എന്തിനാണ് പാഞ്ഞു പോകുന്നത്? 

അടുത്ത കൊല്ലം തുടങ്ങി കലാലയ മുറ്റത്തെ വാകപൂത്തും കൊഴിഞ്ഞും നിന്നു, മാറി വരുന്ന വിദ്യാര്‍ത്ഥികളെ  കണ്ടു മാറ്റമില്ലാതെ നില്‍ക്കുന്ന അവര്‍ അഹങ്കരിച്ചു. അങ്ങനെ ഞങ്ങളും സീനിയർ ആയി . കാമ്പസിനെ സ്നേഹിക്കുന്ന പോലെ എന്റെ പുസ്തകങ്ങളെയും ഞാന്‍ സ്നേഹിച്ചു. മടുപ്പിക്കുന്ന ക്ലാസുകള്‍ കട്ട്‌ ചെയ്തു  കോളെജിനു പുറകിലുള്ള പച്ച തുരുത്തില്‍ പോയി ഇരുന്നു എന്തൊക്കെയോ സംസാരിച്ചു. വിഷയങ്ങള്‍ക്ക്‌ ദാരിദ്ര്യമില്ലായിരുന്നു. തമാശകള്‍ പറഞ്ഞു ഇടയ്ക്കു ശ്വാസം കിട്ടാതെ ചിരിച്ചും, വഴിയില്‍ കാണുന്ന എല്ലാവരെയും കമന്റ്‌ ചെയ്തും നടന്നിരുന്ന നാളുകള്‍. അന്നത്തെ എനിക്ക് ചുറ്റും വേറെ ഒന്നും ഉണ്ടായിരുനില്ല. ബന്ധങ്ങളുടെ ചങ്ങലകളും, വിലക്കുകളും ഒന്നും. തുറന്നു വിട്ട പക്ഷിയെ പോലെ ഞാന്‍ എന്റെ സ്വാതന്ത്ര്യം നുകരുകയായിരുന്നു. അന്ന് ഞാന്‍ അറിഞ്ഞിരുനില്ല എല്ലാം ഇത്ര പെട്ടന്ന് അവസാനികുമെന്നു.

ഇടയ്ക്കു വരുന്ന സമരങ്ങളും, തിരഞ്ഞെടുപ്പും എല്ലാം  ഞങ്ങള്‍ ആസ്വദിച്ചു. ബസ്സില്‍ കോളേജിലെക്കുള്ള  യാത്രകളും, തിരിച്ചു വീട്ടിലേക്കുള്ള  യാത്രകളും വരെ ഞങ്ങള്‍ ആഘോഷിച്ചു. ബസ്സില്‍ കയറി എത്തുന്നത്‌ വരെ എന്തേലും കോമാളിത്തരങ്ങള്‍ ചെയ്തു ചിരിച്ചു കൊണ്ടിരിക്കും. കണ്ടിരുന്ന ആളുകള്‍  കരുതി കാണും ഏതോ ഭ്രാന്താശുപത്രിയിൽ  നിന്ന് ചാടി പോന്നതാണെന്നു. ആരെന്തു പറയും എന്നത് അന്ന് ഞങ്ങളെ ബാധിചിരുനില്ല. ക്ലാസ്സില്‍ ഉള്ള എല്ലാവരെയും അടുത്തറിഞ്ഞതും ആ കൊല്ലമാണ്. 

ആ കൊല്ലവും കടന്നു പോയി. ഫൈനല്‍ ഇയറായി. മറ്റു വിഷയങ്ങളൊന്നും ഇല്ലാതെ വെറും സസ്യശാസ്ത്രത്തില്‍ മാത്രം പഠനം. അതിനിടയില്‍ പല പ്രണയങ്ങളും പൂത്തു കൊഴിയുന്നതും കണ്ടു. പുറത്തു കത്തുന്ന വെയിലുള്ളപോള്‍ ഞങ്ങള്ക് ചുറ്റും മഞ്ഞു പെയ്യുന്ന പോലെ, കണ്ണില്‍ കണ്ണില്‍ നോക്കുമ്പോ  എത്രയോ ജന്മം ഒന്നിച്ചായിരുന്ന പോലെ, നൂലു പൊട്ടിയ പട്ടം പോലെ ഞങ്ങളുടെ മനസ്സ് എന്നൊക്കെ കരുതിയിരുന്ന പല പ്രണയങ്ങളും കുമിളകള്‍ പോലെ പൊട്ടി പോകുന്നതും. ചിലര്‍ പുതിയത് നെയ്യാന്‍ ശ്രമിക്കുന്നതും കണ്ടു. ഞങ്ങളുടെ ലാബും അവിടെ എന്തിനോ വേണ്ടി ചെയ്ത പരീക്ഷങ്ങളും അവിടുത്തെ ഗന്ധവും ഗൃഹാതുരമായ ഓര്‍മ്മകള്‍ ബാക്കിയാകി.

അങ്ങനെയിരിക്കെ ക്ലാസ്സില്‍ തന്നെ ഒന്ന് രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അവരുടെ കല്യാണത്തില്‍ പോയി കൂടെ നിന്ന് ഫോട്ടോ എടുക്കുമ്പോളും എനിക്കും വളരെ പെട്ടന്ന് ഇത് പോലെ നിക്കേണ്ടി വരുമെന്നത് സ്വപ്നത്തില്‍ പോലും വന്നില്ല. അങ്ങനെയിരിക്കെ സ്റ്റഡി ടൂര്‍ വന്നു. നിര്‍ബന്ധിതമായ കാരണം വീട്ടില്‍ നിന്ന് വിലക്കൊന്നും ഇല്ല. കോളേജില്‍ നിന്ന് പുറപെടുന്നതിനു ഒരാഴ്ച മുന്‍പ് തൊട്ടേ എനിക്കുറക്കം ഇല്ലാതായി. എന്തൊക്കെ എടുത്തു വെക്കണം, ഏതു ഡ്രസ്സ്‌ ഇടണം എന്നൊക്കെ ആലോചിച്ചു തല പുകഞ്ഞു. അത്രക്കും ഞാന്‍ ഇതു വരെ സന്തോഷിച്ചിട്ടില്ല. ബസ്സില്‍ കയറിയപ്പോ തൊട്ടു പാട്ടും ഡാന്‍സുമായി ബഹളം, പുറത്തെ കാഴ്കള്‍ നോക്കാന്‍ പോലും സമയം കിട്ടിയില്ല.

ഊട്ടി എത്തി. അവിടുത്തെ ഹോട്ടലിലെ ഡോര്‍മെട്രിയില്‍ നിരത്തി വെള്ള പുതച്ച കട്ടിലില്‍ കിടന്നു അന്ന് രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്റെ ഉണ്ട കണ്ണ് കണ്ടു പേടിച്ചു അത് അടപ്പികാനുള്ള ശ്രമമായി അടുത്ത് കിടക്കുന്നവര്‍. അങ്ങനെ അപരിചിതമായ ആ സ്ഥലത്ത്, എന്റെ കൂട്ടുകാര്‍ക്കൊപ്പം അത് വരെ അനുഭവിക്കാത്ത സംതൃപ്തിയോടെ എപ്പോളോ ഉറങ്ങി പോയി. നേരം വെളുത്തപ്പോഴേക്കും പുറത്തു ചാടി. പല നിറത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുള്ള തോട്ടം , മഞ്ഞു വീണു നനഞ്ഞ ഇളം പച്ച പുല്‍ത്തകിടി. അതിലൂടെ ഒരു സിനിമാഗാനത്തിലെ നിര പകിട്ടാര്‍ന്ന രംഗം പോലെ ഞങ്ങള്‍ ഓടി നടന്നു. ബോട്ടാണിക്കല്‍ ഗാർഡനിൽ  പൂക്കളും, ഇലകളും പറിച്ചു നടക്കുന്ന ഞങ്ങള്‍ക്ക് ദാഹവും വിശപ്പും  ഒന്നും തോന്നിയില്ല. ക്യാമറ കൊണ്ട് പോകാത്ത നഷ്ടബോധം  ഇന്നും മനസ്സില്‍ നൊമ്പരമായി നില്‍ക്കുന്നു. എങ്കിലും ചിത്രങ്ങള്‍ ഒന്നും വേണ്ടാതെ തന്നെ എല്ലാ നിമിഷവും മനസ്സില്‍ ചിലിട്ടു വെച്ച പോലെ ഉണ്ടു. ആ മൂന്ന് ദിവസങ്ങളും മൂന്ന് നിമിഷം പോലെ കടന്നുപോയി. ഊട്ടി വിട്ടു തിരിച്ചു ബസ്സില്‍ കയറുമ്പോ ഏതൊക്കെയോ മറന്നു വെച്ച പോലെ, ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തോ? 

തുടര്‍ന്ന് പഠിക്കാനുള്ള വാശിയില്‍ ഞാന്‍ പരമാവധി പഠിച്ചു, പരീക്ഷയില്‍ നല്ല മാര്‍ക്കുകള്‍ നേടി. തീരെ പ്രതീക്ഷിക്കാത്ത മറ്റു ചിലത് സംഭവിച്ചു. എല്ലാ മാതാപിതാക്കളെയും പോലെ പെണ്‍കുട്ടി എന്ന ഭാരം ഇറക്കി വെക്കാന്‍ എന്റെ വീട്ടുകാരും തീരുമാനിച്ചു. പിന്നെ എല്ലാം മുറ പോലെ ജാതകം, ഫോട്ടോ കാണല്‍, പെണ്ണ് കാണല്‍. എന്റെ ലോകം മാറി പോയി. എന്നില്‍ നിന്ന് ഓരോന്നായി അകന്നു പോയി. പുതിയ സ്വപ്നങ്ങളുടെ മായലോകത്തില്‍ ഞാന്‍ എന്റെ കലാലയത്തെ മറന്നു, കൂട്ടുകാരെ മറന്നു. കല്യാണം കഴിഞ്ഞു, ആളുകള്‍ ഒഴിഞ്ഞു, ബഹളങ്ങള്‍ തീര്‍ന്നു, സ്വപ്നലോകത്തില്‍ കൂട്ടുണ്ടായ അവനും എന്നെ തനിച്ചാക്കി ജോലി സ്ഥലത്തേക്ക് പോയി. ഒരു ദിവസം കണ്ണ് തുറന്നപ്പോ ഞാന്‍ ഒരു സ്വര്‍ണ കൂട്ടില്‍ ആയിരുന്നു. എന്റെ ചേതന എന്നെ വിട്ടു പോയിരുന്നു. കണ്ണാടിയില്‍ കാന്നുന്ന എന്നെ എനിക്ക് അപരിചിതമായി തോന്നി. അതോ ഞാന്‍ അത്ര നാളും സ്വപ്നം കാണുകയായിരുന്നോ? 

മഞ്ഞ നിറമുള്ള എന്റെ കോളേജും, മുന്‍വശത്തെ വിശാലമായ മുറ്റവും, എന്റെ കുഞ്ഞു ക്ലാസ്സുമുറിയും എല്ലാം സ്വപ്നമാണോ? സത്യമാണോ? എന്ന് വേര്‍തിരിച്ചറിയാന്‍ ആവാതെ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു  ഇന്നും.
.......................................................................................................................................................

Sunday, September 25, 2011

മാലാഖമാര്‍

ഭൂമിയിലെ മാലാഖമാർ

തീരെ പ്രതീക്ഷിക്കാതെ ഇന്നലെ ഫാദിയ വിളിച്ചപ്പോ ഞാന്‍ അറിയാതെ തന്നെ വീണ്ടും ആ പഴയ കാലത്തിന്റെ നടുങ്ങുന്ന ഓര്‍മകളിലേക്ക് തിരിച്ചു പോയ്‌. ആ നാളുകള്‍ എന്റെ മറ്റൊരു ജന്മമായിരുന്നോ ?

ഇരുണ്ട വെളിച്ചമുള്ള തണുത്ത വായുവുമുള്ള ആ മുറി മരണമായിരുന്നോ? പക്ഷെ അപ്പോളും ഞാന്‍ അവരുടെ വെളുത്ത കുപ്പായവും നീല മേലങ്ങിയും കാണുന്നുണ്ടായിരുന്നു . എന്റെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ കഷ്ടപെടുന്ന യന്ത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കൈയിലെ ഞരമ്പുകളിലേക്ക് കുത്തിയിറക്കുന്ന സൂചിയുടെ വേദന അറിയുന്നുണ്ടായിരുന്നു. മൂക്കിലൂടെ ഭക്ഷണം ഒഴുകുന്ന കുഴലിന്റെ അസ്വസ്ഥത അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് ജീവനുണ്ട്.

ആ വേദനകള്‍കിടയിലും ഞാനോരോ മനോഹരമായ സ്വപ്നങ്ങളും, പേടിപെടുത്തുന്ന സ്വപ്നങ്ങളും കണ്ടു കൊണ്ടേയിരുന്നു. ഒന്നും തിരിച്ചറിയാനാവാത്ത അവസ്ഥ.  ചിലപ്പോൾ എനിക്കു തോന്നി ഞാൻ കിടക്കുന്ന മുറിയിൽ കുറെ പേർ ഉണ്ട് .കുറെ സ്ത്രീകൾ   അവർ ഭക്ഷണം പാകം ചെയ്യുന്നു .എനിക്കു വല്ലാതെ ദാഹിച്ചു ..തൊണ്ട വരണ്ടു ..പക്ഷെ ഒരു തുള്ളി വെള്ളം കിട്ടാതെ ഞാൻ കിടന്നു. പരസ്പരം ബന്ധമില്ലാത്ത സ്വപ്നം പോലെ ചില കാഴ്ചകൾ.ഒരിക്കൽ എനിക്കു തോന്നി എന്റെ ഡോക്ടർ എന്റെ അടുത്തേക്ക് ഒരു പാമ്പിനെ വിടുന്നു, അതു എന്റെ അടുത്തേക്ക് നീങ്ങുമ്പോൾ എനിക്കു എഴുനേറ്റു ഓടണം എന്നു തോന്നുന്നു .പക്ഷെ എനിക്കു അനങ്ങാൻ പറ്റുന്നില്ല. സ്വപ്നവും, യാഥാർഥ്യവും ഇഴ ചേർന്ന് എനിക്കു തന്നെ തിരിച്ചറിയാതെ മാറാലകൾ പോലെ ഓർമ്മകൾ. എല്ലാം ഉള്ളിൽ കയറുന്ന മരുന്നിന്റെ മായ കാഴ്ചകൾ മാത്രം.
  എപ്പോളോക്കെയോ ആരൊക്കെയോ പലപല റൂമുകളിലേക്ക് എന്നെ കൊണ്ട് പോകുന്നു. കണ്‍മുന്നില്‍ മങ്ങി തെളിയുന്ന വെളിച്ചം, ഗുഹയുടെ ഉള്ളില്‍ നിന്നെന്ന പോലെ പല ശബ്ദങ്ങള്‍, എന്തൊക്കെയോ പൊട്ടിത്തകരുന്ന വേദന. പലപ്പോളും എണീറ്റ് ഓടി എന്റെ മോന്റെയും ഏട്ടന്റെയും അടുത്തെത്താന്‍ മനസ്സ് കൊതിച്ചു. അപ്പോളാണ് ഞാന്‍ അറിഞ്ഞത് എന്റെ കൈകൾ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിരുന്നു. കാലുകളും അനക്കനാവുനില്ല, ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ നാവും ശബ്ദവും പുറത്തു വരുനില്ല. ഞാന്‍ എവിടെയാണ്?എനിക്കെന്താ പറ്റിയത്?

മണിക്കൂറുകളും , ദിവസങ്ങളും, മാസങ്ങളും കടന്നു പൊയ്. അത്ര കാലം മൂടല്‍മഞ്ഞിലൂടെ എന്നാ പോലെ കണ്ട മുഖങ്ങള്‍ വ്യക്തമാകാന്‍ തുടങ്ങി. എന്നെ കാണാന്‍ വരുന്നവരെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. വലുതായി വരുന്ന എന്റെ വയറും, തളര്‍ന്നു കിടക്കുന്ന എന്റെ കൈകളും, കാലുകളും ഞാന്‍ കണ്ടു. നിറഞ്ഞ കണ്ണുമായി എന്റെ ഏട്ടനെ കണ്ടു. അപ്പോളൊക്കെ എന്റെ അമ്മയെപോലെ എന്നെ പരിചരിച്ചു കൊണ്ടാ മാലാഖമാര്‍ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചിലരൊക്കെ സാധാരണ മനുഷ്യരെ പോലെ അമര്‍ഷവും, വെറുപ്പും, ദേഷ്യവും പ്രകടിപ്പിച്ചു. പക്ഷെ ഇടയില്‍  ആകാശം  പോലെ തെളിഞ്ഞ മനസ്സുള്ള കുറെ മാലാഖമാര്‍.

ചിലരുടെ മുഖം ഇന്നും എന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അതിൽ ഒരാളാണ് പാലസ്തീൻ സ്വദേശിനിയായ ഫാദിയ. വെള്ളാരം കണ്ണുകളും,  എപ്പോളും ചിരിക്കുന്ന മുഖവും .  ഫാദിയക്ക് ഒന്നിനെയും പേടിയില്ല   എന്നെ എപ്പോളും സുന്ദരി ആക്കാനായ്,  മുടി പിന്നിയിട്ടു . പല തരം ക്രീം പുരട്ടി. വെള്ളം ദാഹിക്കുമ്പോ കുറച്ചു കുറച്ചു വായിൽ ഒഴിച്ച് തന്നു.  വെന്റിലേറ്റർ കഴുത്തിൽ ഉള്ള കാരണം വായിലൂടെ വെള്ളം പോലും തരാൻ ഡോക്ടർ വിലക്കിയിരുന്നു.

പിന്നെ മേഴ്‌സി സിസ്റ്റർ " എന്താ കള്ളി പെണ്ണെ" എന്നു വിളിച്ചു കൊണ്ടാണ് മുറിയിൽ വരുന്നത്.  വായ ക്ലീൻ ആക്കുന്നതും, മൂത്രവും , മലവും ഉള്ള പാമ്പേഴ്സ് അഴിച്ചു കളയുമ്പോളും സ്വന്തം കുഞ്ഞിനെയെന്ന പോലെ , മുഖത്തു വെറുപ്പിന്റെ കണിക പോലും കണ്ടിട്ടില്ല ഒരിക്കലും .

പിന്നെ ചിരിച്ചു കൊണ്ടു കടന്നു വരുന്ന ഷിമോൾ സിസ്റ്റർ. .എപ്പോളും പ്രാർത്ഥിക്കണം എന്നു പറയുന്ന ആനി സിസ്റ്റർ, ബ്രിജിത് സിസ്റ്റർ.  അങ്ങനെ മാലാഖാമാർക്ക് പല മുഖവും, പല രൂപവും. 

തൊണ്ട വരളുമ്പോള്‍ അവര്‍ പഞ്ഞിയില്‍ മുക്കി ഇറ്റിച്ചു തരുന്ന വെള്ളം അതായിരുന്നോ കഥകളില്‍ വായിച്ചിരുന്ന അമൃത്. കിടന്നു ചൂട് പിടിച്ച എന്റെ ദേഹം ചെരിച്ചു കിടത്തി നനഞ്ഞ തുണി കൊണ്ട് തുടച്ചു, ക്രീമും, പൗഡറും  പുരട്ടി കിടത്തുമ്പോള്‍ ഞാന്‍ അവരുടെ മുന്നില്‍ ഒരു കൈക്കുഞ്ഞായി  മാറുകയായിരുന്നു. ആ മുറിയുടെ ഒരാള്‍ പൊക്കത്തില്‍ കാണുന്ന ചില്ലിലൂടെ ഞാന്‍ അവരുടെ ചലനങ്ങള്‍ നോക്കി കിടന്നു. പലപ്പോളും തിരക്ക് പിടിച്ചു ഓടുന്ന അവരെ കാണുമ്പോള്‍ എനിക്കറിയാം തൊട്ടപ്പുറത്ത് ആരുടെയോ ശ്വാസം നിലച്ചിരിക്കുന്നു. എന്റെ അടുത്തേക്ക് വരുന്ന കാലന്റെ കാലിന്റെ ശബ്ദം കാതോര്‍ത്തു കണ്ണുകള്‍ ഇറുക്കിയടക്കും.

എന്നും എന്നെ കാണാന്‍ വരുന്ന ഏട്ടന്റെ മുഖം കാണുമ്പോള്‍ വീണ്ടും ജീവിക്കാനായി ഞാന്‍ കൊതിച്ചു പോകുകയായിരുന്നു. എന്റെ വയറ്റിലെ ചെറിയ ചലനങ്ങള്‍ എന്നെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. അങ്ങനെ എത്ര നാളുകള്‍ . കൂടെ താങ്ങും തണലുമായി ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ സഹോദരിമാരും. ഇടക്കെപ്പോലോക്കെയോ കൃത്രിമശ്വാസത്തിന്റെ സഹായം മാറ്റി പഴയ പോലെ ആകാനായി ഡോക്ടറുടെ ഉപദേശത്തോടെ അവര്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.. പലപ്പോളും പകുതി ദിവസത്തോടെ ഞാനും ജീവ വായുവിനായുള്ള മല്പിടുത്തവും  തുടരും. പിന്നെ ഞാന്‍ തോറ്റു  വിയര്‍ത്തു ശ്വാസം കിട്ടാതെ പിടയുമ്പോ ഓടിവന്നു സാരമില്ലെന്നു പറഞ്ഞു വിയര്‍പ്പൊപ്പി വീണ്ടും അവര്‍ ആ യന്ത്രം  എനിക്ക് വെച്ച് തന്നു.

അങ്ങനെ ആറു മാസത്തോളം അവരുടെ കണ്മുന്നില്‍, എന്റെ കുഞ്ഞിന്റെ ഹൃദയ താളം എന്നേക്കാള്‍ അവര്‍ക്ക് പരിചിതമായിരുന്നു. ആ ശബ്ദം ഒന്നു മങ്ങിയാൽ അവരുടെ മുഖവും മങ്ങും  ഓപ്പറേഷൻ തിയേറ്ററിൽ  കൊണ്ട് പോകുമ്പോളും ആകാംഷയോടെ അവര്‍ ഒപ്പം നിന്നു. അങ്ങനെ രണ്ടായിരത്തി അഞ്ചു , ഏപ്രില്‍ മാസം പതിനാലിന് , മലയാളികള്‍ വിഷു ആഘോഷിക്കുന്ന ദിവസം എനിക്കെന്റെ മകളെ കിട്ടി. എന്റെ മോളേ അവര്‍ അവരുടെ കുഞ്ഞിനെപ്പോലെ സ്നേഹിച്ചു. പെട്ടന്ന് തന്നെ എനിക്ക് യന്തസഹായമില്ലാതെ ശ്വസിക്കാന്‍ പറ്റിതുടങ്ങി. ടൂബിലൂടെ ഒഴുകുന്ന ഭക്ഷണം മാറ്റി ആദ്യമായി വായിലേക്ക് ഭക്ഷണം വെച്ച് തരുമ്പോള്‍ ഭഗവാനോട് അവര്‍ സ്തുതി പറഞ്ഞു.

എല്ലാ രോഗികളെയും പോലെ എന്നെയും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. എന്നാൽ ഇത്ര നാളും കൂടെ ഉണ്ടായിരുന്ന അവരെ വിട്ടു പോകുന്നത് ഓർത്തപ്പോൾ നെഞ്ചിൽ ഒരു ഭാരം . എന്നാല്‍ അവരവിടെ നിന്ന് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ വേറൊരു നല്ല ജീവിതത്തിലേക്ക് പറഞ്ഞയച്ച സംതൃപ്തിയോടെ നില്‍ക്കുകയായിരുന്നു. ഒരു മാസത്തോളം  വാര്‍ഡിലെ ജീവിതത്തില്‍ അവരുടെ കുറവ് നികത്താനിന്ന പോലെ എന്റെ അമ്മയെത്തി എന്നെ നോക്കാന്‍. 

ഫിസിയോതെറാപ്പിയുടെ ഇന്ദ്രജാലം കൊണ്ട് ഒരു ഫ്രെയ്മിന്റെ സഹായത്തോടെ ഞാന്‍ നടക്കാന്‍ തുടങ്ങി. ആദ്യമായി പിച്ച വെച്ച് നടക്കുന്ന കുഞ്ഞിന്റെ സന്തോഷത്തോടെ. വീടിലെത്തി കുഞ്ഞുങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുമ്പോളും രാത്രി പാതി ഉറക്കത്തില്‍ അവരുടെ ചിരിക്കുന്ന മുഖങ്ങളും, ആ കണ്ണിലെ വാത്സല്യവും ഞാന്‍ സ്വപ്നം കണ്ടു. ഓരോരോ കൊല്ലങ്ങള്‍ കഴിഞ്ഞു, ഇന്നെന്റെ മകൾക്കു പന്ത്രണ്ടു  വയസ്സായി. ഈ സമയത്തിനുള്ളില്‍ പലരും പല സ്ഥലത്തേക്ക് പൊയ്, ഞാനും എന്റെ ലോകത്തില്‍ ഒതുങ്ങി കൂടി. 

ഇന്നലത്തെ  ഫോണ്‍വിളിയിലൂടെ ഞാന്‍  ഓര്‍ത്തു. ഇത്ര രോഗികള്‍ കയറി ഇറങ്ങി പോകുന്ന അവരുടെ മനസ്സില്‍ ഇന്നും എനിക്കൊരു സ്ഥാനമുണ്ടെന്ന്. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലരാകും എന്നെന്നും ഓര്‍മിക്കാനുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്നത്. ഒരു ബന്ധത്തിന്റെയും പേരില്ലാതെ, ഒരു കടപാടിന്റെയും പേരിലല്ലാതെ അങ്ങനെയും ചില ബന്ധങ്ങളുണ്ടെന്ന് മനസിലാക്കി തന്ന മാലാഖമാര്‍ക്ക് നന്ദി പറഞ്ഞാല്‍ അത്  ഈശ്വരന്‍ പൊറുക്കില്ല . എന്നും ഓര്‍ക്കും എന്നൊരു വാക്കല്ലാതെ.

--------------------------------------------------------------------------------------------------------------------



Tuesday, September 20, 2011

ഒരു അവധി ക്കാലം കൂടി









അക്കരെ നിക്കുമ്പോൾ ഇക്കരെ പച്ച എന്ന അവസ്ഥയാണ് എല്ലാം പ്രവാസികൾക്കും. ഇവിടെ കുറച്ചു കാലം നിന്നു കഴിയുമ്പോൾ, ഒരു ഗൃഹാതുരത മനസ്സിനെ അലട്ടും. എന്റെ നാട്, എന്റെ വീടു, എന്റെ പ്രിയപ്പെട്ടവർ എന്നിങ്ങനെ. അവധിക്കു പോകുന്ന ദിവസം കലണ്ടറിൽ വട്ടമിട്ടു അക്ഷമയോടെ കാത്തിരിക്കും.  പിന്നെ പോണ ദിവസം അടുക്കും തോറും എന്തിനെന്നു അറിയാത്ത ഒരു ആധിയാണ്. കഴിച്ചിട്ട് ഭക്ഷണം ഇറങ്ങാത്ത, ഉറങ്ങാൻ കിടന്നിട്ടു തിരിഞ്ഞു മറിഞ്ഞു നേരം വെളുപ്പിക്കുന്ന വിവരിക്കാൻ പറ്റാത്ത എന്തോ ഒന്നു.

നാട്ടിൽ ചെന്നു കഴിഞ്ഞാലോ എല്ലാം ആവർത്തനം.  വിമാനത്താവളം തൊട്ടു തുടങ്ങുന്ന ഔപചാരികതകൾ.  ആരോ വരച്ച വരയിലൂടെ ഒരു പാവയെ പോലെ ഞാൻ നീങ്ങുന്നു.  ഇതാണോ എന്റെ നാട്,  എന്നെ കാത്തിരിക്കുന്ന എന്റെ വീടു,. സങ്കൽപ്പത്തിൽ നിന്നു ഒരു പാട് മാറ്റം ഉണ്ട് ഓരോ യാഥാർഥ്യത്തിനും.

ചില സമയത്തു ഒരു തടവുകാരനെ പോലെ എന്റെ മനസ്സ് വിമ്മിഷ്ടപെടും. എന്റെ  ചുറ്റും ഉള്ള മുഖങ്ങൾ എവിടെയോ കണ്ട ഓർമ്മകൾ മാത്രം.  ഒരു ബാധ്യത പോലെ ചിലർ എന്നെ സ്നേഹിക്കുന്നു , ചിലർ വെറുക്കുന്നു,  വേറെ ചിലർ സ്നേഹിക്കുന്ന പോലെ അഭിനയിക്കുന്നു.  ഇതിൽ ഏതാണ് സത്യം എന്നറിയാതെ ഞാൻ പകച്ചു നിൽക്കുന്നു.
എത്ര കൊല്ലം കഴിഞ്ഞാലും മാറാത്ത ചില കാഴ്ചകൾ നമ്മുടെ നാട്ടിലെ കാണാൻ കിട്ടൂ. അതു പോലെ എത്ര നാള് ലീവ് എന്ന പതിവ് ചോദ്യവും.  ഇതു എന്റെ കൂടി മണ്ണാണ്.  ഒരിക്കൽ തിരിച്ചു വരേണ്ട മണ്ണ്.  ഇവിടെ ഞാൻ എങ്ങനെ അതിഥി ആവും.
 എല്ലാവർക്കും ചൂഷണം ചെയ്യാൻ നിന്നു കൊടുക്കേണ്ടി വരുന്ന പാവം പ്രവാസി.  എയർപോർട്ടിൽ ഡ്യൂട്ടി അതു ഇതെന്ന് തുടങ്ങി  പിന്നെ തിരിച്ചു പോരും വരെ പല തരത്തിൽ ഉള്ള ചൂഷണം.  പൊരി വെയിലത്ത്‌ കൊല്ലങ്ങൾ പണി ചെയ്തു പ്രിയപ്പെട്ട ആൾക്കാരെ കാണാൻ കൊതിച്ചു വരുന്ന അവന്റെ പെട്ടിയിൽ പല കഴുകന്മാരുടെ കണ്ണുകൾ. എത്ര പാവം മനുഷ്യർ ഉണ്ണാതെ ഉറങ്ങാതെ കുടുംബത്തിന് വേണ്ടി ഉറുമ്പ് അരിമണി കൂട്ടും പോലെ കൂട്ടി വെച്ച അവന്റെ സമ്പാദ്യം. പണ്ടത്തെ പ്രവാസി ജീവിതത്തിൽ നിന്നു ഒരു പാടൊക്കെ മാറിയിരിക്കുന്നു ഇന്നും.  എങ്കിലും അവധിക്കാലം ഒക്കെ അതു പോലെ തന്നെ.  സ്വന്തം നാട്ടിലും വീട്ടിലും വിരുന്നുകാർ ആയുള്ള അവസ്ഥ.
അങ്ങനെ അവധി ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി. ഇട മുറിയാതെ പെയ്യുന്ന മഴയത്തു,  ചൂട് ചായ മൊത്തികുടിച്ചു,  ഒറ്റയ്ക്ക് ഇരിക്കാൻ ഒരുപാട് മോഹിക്കും.  പക്ഷെ ഒന്നു സ്വസ്ഥമായി ഇരിക്കാൻ പോലും  പറ്റാറില്ല എന്നതാണ് വാസ്തവം. പകുതിയിലേറെ ദിവസങ്ങൾ അമ്പലങ്ങളിൽ, ഡോക്ടറുടെ അടുത്തു.  കൂടാതെ കല്യാണങ്ങൾ,  പേര് വിളി,  പാല് കാച്ചൽ പോരാത്തതിന് ബന്ധു വീടുകളിൽ സന്ദർശനം, വിരുന്നുകൾ എല്ലാം കഴിയുമ്പോളേക്കും ആറ്റുനോറ്റ് കാത്തിരുന്ന ദിനങ്ങൾ കൊഴിഞ്ഞു പോയി, ആരുമറിയാതെ.

ഒരു അവധിക്കാലത്ത് ചെയ്യാനുള്ള ഒരു പാട് കടമകൾ ചെയ്തു തീർത്തു ചിലത് അടുത്ത അവധിക്കു വേണ്ടി മാറ്റി വെച്ച് വീണ്ടും യാത്ര...







..................................................................................................................................................

Wednesday, March 2, 2011

അമ്മക്കിളികൂട്





ഇന്നും എന്നും വേദനിപ്പിക്കുന്നതും, കണ്ടും ജീവിച്ചും കൊതി തീരാത്തതുമായ എന്റെ അമ്മക്കിളിക്കൂട് ത്രിശൂർ  ജില്ലയിലെ കാഞ്ഞാണിയിലാണ്‌. ബാല്യത്തിന്റെ ഒരു പാട് നിറങ്ങള്‍ മനസ്സില്‍ കോറിയിട്ട പിങ്ക് നിറത്തില്‍ ചുവരുകളുള്ള പാടത്തിന്റെ നടുക്കായി ആ വീട്. എല്ലാവരെയും പോലെ ഞാനും  എല്ലാ അവധിക്കും എന്റെ അമ്മയുടെ കൈ പിടിച്ചു,  വഴുതുന്ന ഇട വഴിലൂടെയും, പാടവരംബിലൂടെയും പല പ്രാവശ്യം അങ്ങോട്ട്‌ കയറി ചെന്നിടുണ്ട്.

വീടിന്റെ ഉമ്മറത്ത്‌ നിറഞ്ഞ ചിരിയോടെ എന്റെ അമ്മമ്മ ഇരിക്കുന്നുണ്ടാവും എപ്പോളും. വെളുത്ത സില്‍ക്ക് പോലുള്ള മുടിയാണ് എനിക്ക് ഓര്‍മ്മ വെക്കുമ്പോളെ  അമ്മാമ്മക്ക്. അവിടെ എത്തിയാല്‍ പിന്നെ ഞാന്‍ അദ്ബുദ ലോകത്തെത്തിയ  ആലീസിനെ പോലെ ആയി മാറും. വീടിന്റെ രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടങ്ങളാണ്. എപ്പോളും വീശി കൊണ്ടിരിക്കുന്ന തണുത്ത കാറ്റു. വീടിന്റെ തൊടി നിറയെ പേരയും, മാവുമാണ്.

വേനലവധിക്ക് വരുമ്പോള്‍ മിക്കപ്പോളും നിറയെ മാങ്ങയും പേരക്കയും ഒക്കെ ഉണ്ടാവും. ചുമന്ന നിറത്തില്‍ ഉള്ളു നിറയെ കുരുവുള്ള പേരക്കയും, കുരു അധികം ഇല്ലാത്ത വെള്ള പേരക്കയും ഒരു പാട് ഉണ്ടായിരുന്നു . പറമ്പിന്റെ തെക്കേ അറ്റത്തു നല്ല ഒരു മല്‍പിരിയന്‍ മാവ് ഉണ്ടായിരുന്നു. കുറച്ചൊന്നു ചെരിഞ്ഞു നിക്കുന്ന അവന്റെ പുറത്തു കയറിയാണ് ഞങ്ങള്‍ കുട്ടികളുടെ മാങ്ങാ തീറ്റ.  അധിക്കവും ഞാനും എന്റെ മേമയുടെ മോന്‍ മുന്നയും ആ മാവിന്റെ മേലെയിരുന്നാണ് കഥ പറച്ചില്‍. അവൻ ഒരു പാട് കഥകൾ ഉണ്ടാക്കി പറഞ്ഞു തരും. ഇല്ലാത്തതാണ് എന്നു അറിഞ്ഞു തന്നെ ഞാൻ കേട്ടിരിക്കും. ഒക്കെ അവന്റെ തന്നെ വീരസാഹസിക കഥകൾ ആവും. 

ആ വീട്ടിന്റെ ചുമരുകള്‍ക്കു എപ്പോളും പിങ്ക് നിറത്തിലുള്ള ഓയില്‍ പൈന്റാണ്. ചെന്ന് കയറുന്ന ഇറയത്തു,ചതുരത്തിലുള്ള ഒരു തൂണ് ഉണ്ട്. വെറുതെ ഇരിക്കുമ്പോ അതിലെ പെയിന്റ് അടര്‍ത്തി കളയലു എന്റെ ഹോബിയാണ്. തൂണില്‍ പല ഷേപില്‍ ചിത്രങ്ങള്‍ പോലെ തോന്നും അത് കാണുമ്പോ.

അമ്മ അനിയനെ  പ്രസവിച്ചത് തൊട്ടാണ് ആ വീടു എനിക്ക് കൂട്ടായതു. അന്ന് എന്റെ അമ്മയുടെ അനിയത്തിയാണ് എന്നെ നോക്കിയിരുന്നത്. ഒരു അമ്മയെ പോലെ എന്നെ നോക്കിയത്. കോളേജിൽ. MAkkuപഠിച്ചിരുന്നു മേമ. എവിടെ പോകുമ്പോളും ഒരു വാല് പോലെ ഞാനും കൂടെ പോവും.  പാവാടയും ബ്ലൌസും ഇട്ടു തലയില്‍ മുല്ല മുട്ട് മാല വെച്ച് ഒരിക്കല്‍ ഞങ്ങള്‍ ബ്രഹ്മകുളം തിയറ്ററില്‍ സിനിമ കാണാന്‍ പോയത് ഓര്‍ക്കുന്നു. ഗീതാഞ്ജലി ആയിരുന്നു പടം എന്നാണ് ഓര്‍മ്മ. തിയറ്ററില്‍ വെച്ച് മുല്ല മുട്ട് വിരിയുംബോല്ലുള്ള ആ നറുമണം ഇന്നും എനിക്ക് അനുഭവപെടും.

ചില അവധിക്കു എല്ലാരും ഒത്തു കൂടും. ഗള്‍ഫില്‍ നിന്ന് വരുന്ന വല്യ മാമനും അമ്മായിയും രണ്ടു പെണ്‍കുട്ടികളും, വല്യമ്മയും മക്കളും, അമ്മയുടെ രണ്ടാമത്തെ അനിയത്തിയും മക്കളും. എന്റെ ഏറ്റവും ചെറിയ മാമന്റെ കല്യാണത്തിന്ന്നു ആണെന്ന് തോന്നുന്നു ഒരിക്കല്‍ എല്ലാരും കൂടിയത്. എല്ലാവരും ഉള്ളപ്പോൾ ഞങ്ങൾ രണ്ടു ഗ്രൂപ്പ്‌ ആയി മാറും.  ഞാനും അനിയനും,  മേമയുടെ മക്കളും ഒരു സൈഡ്.  മാമന്റെ മക്കൾ ഒരു സൈഡ്.  ഒരു തരത്തിൽ പറഞ്ഞാൽ വെളുത്തു തുടുത്തു ഇരിക്കുന്ന അവരോടു ചെറിയ അസൂയ ഉള്ളിൽ ഉണ്ടായിരുന്നു.  പിന്നെ അവരുടെ മുഖത്തു ഞങ്ങളെ കാണുമ്പോൾ അന്യഗ്രഹ ജീവികളെ കണ്ട പോലെ ഒരു അപരിചിതത്വം, അതു കാണുമ്പോൾ അവര് നമ്മുടെ ശത്രുക്കൾ ആണെന്ന് ഞങ്ങൾ വിശ്വസിച്ചു പോന്നു. ഇടയ്ക്കു അടക്കി വെച്ചാ ദേഷ്യം മുന്ന പുറത്തെടുക്കും.  

ഞാനും മുന്നയും ഒരു വിധം എല്ലാ സ്കൂള്‍ പൂട്ടിനും  ഉണ്ടാവും. കുറെ തല്ലു കൂടും കുറെ കളിക്കും. പാടത്തു ചൂണ്ടയിട്ടും, അയല്‍പക്കത്തെ കുട്ടികളുമായി ഓടി കളിച്ചും, മാങ്ങ തിന്നും നടക്കും ഉച്ച തിരിയും വരെ. ചായയുടെ സമയമാവുമ്പോ അമ്മമ്മ റസ്ക് വാങ്ങാന്‍ പറഞ്ഞയക്കും. ജയ ബേക്കറിയുടെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് വീടിനടുത് തന്നെയാണ്. അവിടെ എത്തുമ്പോളേക്കും ബ്രെഡിന്റെ കൊതിപ്പിക്കുന്ന മണം വരും. നല്ല ചൂടുള്ള മുറിക്കാത്ത ബ്രെഡും മൊരിഞ്ഞ റസ്കും, പഫ്സും ഓക്കേ വാങ്ങിയാണ് തിരച്ചു വരിക.

മേമയുടെ കല്യാണം കഴിഞ്ഞിട്ടു  അവർ വീട്ടിൽ വരുമ്പോൾ,  പാപ്പനായിരുന്നു എന്റെ ഹീറോ.  പാപ്പൻ മേമയുടെ കഴുത്തിൽ കെട്ടിയ പൊക്കിൾ വരെ നീണ്ടു കിടക്കുന്ന താലി മാല കണ്ടു ആ ആളെ തന്നെ ഞാനും കല്യാണം കഴിച്ചാലോ എന്നു പോലും അഞ്ചാറ് വയസ്സുള്ള എനിക്ക് തോന്നി.  

ചില സ്കൂള്‍ പൂട്ടിനു ഞാന്‍ മാത്രെ ഉണ്ടാവൂ അമ്മമ്മയുടെ കൂടെ. എങ്കിലും എനിക്കും ബോറടിച്ചിരുന്നില്ല. ഒറ്റയ്ക്ക് അലഞ്ഞു തിരിഞ്ഞു നടക്കും തട്ടിന്‍ പുറത്തും, പാഷന്‍ ഫ്രൂട്ട് പെറുക്കാനും പാടത്തും.പേടി വരുമ്പോൾ ഞാൻ എന്നോട് തന്നെ സംസാരിച്ചു. ഉച്ചക്ക് വടക്കേ അതിരില്‍ നില്‍ക്കുന്ന മൈലാഞ്ചി പൊട്ടിച്ചു അരച്ച് കയില്‍ ഇടും ഇടയ്ക്കു.  ചില സമയത്ത് തോന്നുമ്പോള്‍ അമ്മാമയുടെ അനുവാദം വാങ്ങി പാഠം കടന്നു " കുന്നതേക്ക് " അത് ഞങളുടെ തന്നെ ബന്ധു കളുടെ വീടായിരുന്നു. വലിയ ഒരു കുളമുണ്ട് ചാത്തന്‍ കുളം. കലങ്ങിയ വെള്ളമുള്ള ആ വലിയ കുളത്തിന്റെ പിന്നിലാണ് ആ വീട്. അവരുടെ വീട്ടില്‍ പോകുന്നതിന്റെ മുഖ്യ ഉദ്ദേശം മുല്ല പൂവ് ഉണ്ടോന്നു നോക്കാനാണ്. അവരുടെ പറമ്പില്‍ നിറയെ കുറ്റി മുല്ലകളുണ്ട്‌. അവിടെ ചെന്നാല്‍ അവിടുത്തെ ചേച്ചി മുല്ല മുട്ട് പൊട്ടിച്ചു മാല കെട്ടി തരും.

രാത്രി അമ്മമ്മയുടെ സ്പെഷ്യല്‍ പുളിശ്ശേരിയും കൂടി ചോറ് ഉണ്ട് കിടക്കും. പുറത്തേക്കു നോക്കുമ്പോ നിലാവിൽ  പേരയുടെ ചില്ലകള്‍ മനുഷ്യരെ പോലെ തോന്നും. പേടിച്ചു അമ്മമ്മയെ കെട്ടി പിടിക്കും. അമ്മമ്മ ചൊല്ലി തരുന്ന പ്രാര്‍ത്ഥന ചൊല്ലി കിടന്നു ഉറങ്ങും.

ഓരോ വയസ്സ് കൂടും തോറും ഞാനാ വീടിനേം അവിടുത്തെ ഓരോ മരങ്ങളെയും സ്നേഹിക്കാന്‍ തുടങ്ങി. ഇടക്കൊക്കെ കായ പൊഴിച്ച് തരുന്ന ബദാമും, വെള്ള നിറത്തില്‍ ചാമ്പക്ക ഉണ്ടാവുന്ന കുഞ്ഞി ചാമ്പയും, അമ്മാമ്മക് പ്രിയപ്പെട്ട കട പ്ലാവിന്‍ തയ്യും എന്റെ കൂട്ടുകാരായി. എന്നും രണ്ടു പൂവെങ്ങിലും ഉണ്ടാവുന്ന മുല്ലയുണ്ടായിരുന്നു തോട്ടത്തില്‍. പിന്നെ വല്യ ഒരു ചെമ്പരത്തി. പിങ്ക് നിറത്തില്‍ കട്ട ചെമ്പരത്തിയും അതില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞ കോളാമ്പിയും, പൂത്തു നിക്കുമ്പോള്‍ ഒരു കാവടി പോലെ തോന്നും. തോട്ടത്തിന്റെ പിന്നില്‍ ഒരു ഗോബര്‍ ഗ്യാസിന്റെ പ്ലാന്റ് ഉണ്ട്. അവിടേം ചെന്നിരിക്കും ചിലപ്പോ. കയ്യാലയില്‍ ആദ്യം മൂന്നു പശുവോക്കെ ഉണ്ടായിരുന്നു. പിനീട് അമ്മാമ്മക്ക് നോക്കാന്‍ പറ്റാതായപ്പോൾ ഓരോന്നായി കൊടുത്തു. അവസാനം ഒന്ന് മാത്രമായി.

പിന്നീടു സ്കൂളിൽ പഠിക്കുന്ന സമയത്താണ് അമ്മമ്മ വീണു എന്ന് കേട്ടത്. ആ വീഴ്ചയോടെ അമ്മാമ്മക്ക് നടക്കാന്‍ പറ്റാതായി. പിന്നെ റാണിയെ പോലെ പ്രൗഢിയിൽ ജീവിച്ച അമ്മമ്മയുടെ ജീവിതം കിടപ്പും ഇരിപ്പുമായി. ആ വീഴ്ചയോടെ ആ വീട് ഞങ്ങള്‍ക്ക് അന്യമായി.

പിന്നീടു ഒരിക്കൽ അവിടെ വീണ്ടും ഒരു മരണത്തിനു ഒത്തു കൂടി . അന്ന് പുല്ലു പിടിച്ചു കിടക്കുന്ന ആ വീട് കണ്ടപ്പോ ശെരിക്കു സങ്കടം വന്നു. എല്ലാരുടെം കാല്‍ സ്പര്‍ശം പതിഞ്ഞപ്പോ ആ വീടിനൊരു ജീവന്‍ വന്നു. വീണ്ടും എല്ലാ ചടങ്ങും കഴിഞ്ഞു എല്ലാരും പിരിഞ്ഞു പൊയ് . പൊളിഞ്ഞു തുടങ്ങിയ ഭിത്തികളും വിണ്ടു തുടങ്ങിയ തറയുമായി  ആ വീട് ഞങ്ങളെ യാത്രയാക്കി.

അവസാനം അമ്മമ്മയും പോയി. ഒരിക്കൽ എന്തോ കാര്യത്തിന് അവിടെ പോയപ്പോൾ,  എനിക്ക് തീരെ പരിജയം ഇല്ലാത്ത വീട് പോലെ തോന്നി. തൊട്ടടുത്ത പാടങ്ങൾ നികത്തി അവിടെ ഒക്കെ വീട്,   വഴികൾ. ആ വീട്ടിൽ അപ്പോൾ ആരോ വാടകക്ക് താമസിച്ചിരുന്നു. അപരിചിതരെ പോലെ ആ മുറ്റത്തു നിന്നു ഞാൻ മടങ്ങി പോന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം ഉള്ള ദിനങ്ങൾ എനിക്ക് സമ്മാനിച്ച എന്റെ അമ്മകിളിക്കൂട്........ 

ചിത്രം: ഇന്റര്‍നെറ്റില്‍ നിന്ന്

Tuesday, February 22, 2011

കലികാലം


അന്ന് ഞാന്‍ ധൃതിയിൽ  അലമാരയില്‍ എന്തോ  തിരയുകയായിരുന്നു. അപ്പോളാണ് ടീവിയില്‍ നിന്ന് ഓണത്തിന്റെ കുരവ  കേട്ടത്. പെട്ടന്ന് മനസിലൊരു ആവേശം, പക്ഷെ അത് അപ്പോള്‍ തന്നെ കെട്ടടങ്ങി. " എന്ത് ഓണം?"

വീണ്ടും തിരച്ചില്‍ തുടര്‍ന്നു. ഈയിടെയായി  മറവിയുടെ ചിലന്തി  വലകള്‍ ഓര്‍മകളെ മൂടിയിരിക്കുന്നു. ചുമരില്‍ തൂക്കിയിരിക്കുന്ന കലണ്ടറിലെ ചുവന്ന അക്കങ്ങളില്‍ കണ്ണ് പതിഞ്ഞു. ആഗസ്തിൽ ആണ് ഈ  പ്രാവശ്യത്തെ  ഓണം. ഈ പ്രാവശ്യവും ഓണം നാട്ടിൽ ആയിരിക്കും. പ്രത്ത്യേകിച്ചു ഒരു സന്തോഷവും തോന്നുന്നില്ല.  നാട്ടിൽ ഒരു ലിറ്റർ പാലടയിൽ ഒതുങ്ങുന്ന ഓണം.  തുണി കടക്കാർക്കു ചാകര.  അത്ര തന്നെ. ആരാ അമ്മേ മാവേലി എന്നു ചോദിക്കുമ്പോൾ ഗൂഗിൾ തപ്പുന്ന പുതിയ ജനറേഷൻ അമ്മമാർ. പഴയ കാല കളികൾ ഒക്കെ സന്ദർശന മുറിയിലെ വിഡ്ഢി പെട്ടിയിൽ തെളിയുമ്പോ "so boring" എന്നു പറഞ്ഞു ചാനൽ മാറ്റുന്ന പുതു തലമുറ.

പെട്ടന്ന് അമ്മൂമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. " ഇന്നൊക്കെ എന്ത് ഓണം? ഞങ്ങളുടെ കാലത്തേ ഓണമാണ് ഓണം . കലികാലം ! ശിവ ശിവ " അമ്മൂമ്മയുടെ കണ്ണില്‍ സന്തോഷത്തിന്റെ തിരയിളക്കം കാണാം അത്  പറയുമ്പോള്‍. പണ്ട് അമ്മൂമ്മയെ കാണാന്‍ നല്ല ചന്തമായിരുന്നു എന്ന് അമ്മൂമ്മ തന്നെ പറയാറുണ്ട് . ശെരി യായിരിക്കും ഇപ്പോളും അമ്മൂമ്മയുടെ നിറവും , മുടിയും  ഓക്കേ എന്ത് ഭംഗി ആണെന്നോ . പഞ്ഞി പോലുള്ള വെളുത്ത മുടി അരക്കൊപ്പം എത്തും. മുടി ഒരിക്കല്‍ കൂടി അഴിച്ചു കെട്ടി വെച്ച് അമ്മൂമ്മ കഥ പറയാന്‍ തുടങ്ങി.

" അന്നൊക്കെ ഓണത്തിനാണ് വയറു നിറയെ ആഹാരം കിട്ടുന്നത്. കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടാറുള്ള ചിട്ടി തുണിയുടെ പാവാടയും ജാക്കറ്റും. പുതിയ കുപ്പായവും ഇട്ടു പാടവരമ്പിലൂടെ ഗമയില്‍ നടന്നു അമ്പലത്തിലേക്ക് പോകും. അന്ന് പാടത്തൊക്കെ  ഓണ കാലത്ത് എത്ര തരം  പൂക്കളായിരുന്നു. പിന്നീട് മത്സരമാണ്‌ ആര് കൂടുതല്‍ പൂവ് പറിക്കും എന്ന്. കൂടയില്‍ പല തരം പൂക്കള്‍ , ചക്കി പൂവും , കാക്ക പൂവും , നെല്ലി പൂവും. ഉച്ചക്ക് കൂടുകാര് കൂടി ഊഞ്ഞാല് ആട്ടമാണ്. എത്ര തരം കളികൾ ആണ് ഇന്നത്തെ പോലെ കമ്പ്യൂട്ടറില്‍ നോക്കി ഊണും ഉറക്കവുമില്ലാത്ത കളികൾ അല്ല . തുമ്പി തുള്ളലും, തല പന്ത് കളിയും, കുറ്റിയും കോലും കളിയും, മുങ്ങാം കുഴിയിടലും. രാത്രി പകുതി വിടര്‍ന്ന മുല്ല മാല മുടിയില്‍ വെച്ച് വാലിട്ടു കണ്ണെഴുതി, വര കുറിയിട്ട്, മുണ്ടും നേര്യേതും ഇട്ടു തിരുവാതിര  കളിയ്ക്കാന്‍ ഒരു പോക്കുണ്ട്.  ഞാനാണ്‌ കൂട്ടത്തില്‍ മുടിയും നിറവുമൊക്കെ. അല്ലേലും നിന്റെ അമ്മയ്ക്കും അനിയത്തിമാർക്കും എന്റെ നിറമൊന്നും  കിട്ടിയിട്ടില്ല. അങ്ങനെ ഒരിക്കല്‍ ഓണത്തിനാണ് ആദ്യമായി നിന്റെ മുത്തച്ചനെ ഞാന്‍ കാണുന്നെ . തുമ്പി കളി കാണാന്‍ ഞാനും കൂട്ടുകാരികളും ഇരിക്കുമ്പോ നിന്റെ മുത്തച്ഛന്‍ എന്നേം നോക്കി ഇരിക്കായിരുന്നു. മുത്തച്ചനെ കണ്ടാലും ആരും നോക്കി പോകും. നല്ല ഒത്ത ഉയരവും, തടിയും, നല്ല നിറവും. പിന്നത്തെ ആഴ്ച തന്നെ എന്നെ പെണ്ണ് ചോദിച്ചു വന്നു. പിന്നത്തെ ഓണത്തിന് നിന്റെ അമ്മേം കൊണ്ട് ഞങ്ങള്‍ ഒന്നിച്ചാ  ഓണകളി കാണാന്‍ പോയത്."

അതൊക്കെ വിവരിക്കുമ്പോ മുഖത്തെ ചുവന്ന കല്ലുള്ള മൂക്കുതിക്കൊപ്പം ആ മുഖവും വെട്ടി തിളങ്ങും.

ഓണത്തിന്റെ അന്ന് വെളുപ്പിനെ എണീറ്റ് കുളത്തിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിയും കഴിഞ്ഞു പുതിയ ഉടുപ്പും ഇട്ടു കണ്ണടയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി പൂവ് പറിക്കാന്‍ പോകലായിരുന്നു ആദ്യത്തെ പണി. പാടത്തു വിരിഞ്ഞു നില്‍ക്കുന്ന ആമ്പലും, താമരയും ഓക്കേ പറിച്ചു .  പറമ്പിന്റെ ഒരു  അറ്റത്തു കുറെ തുമ്പ പൂക്കളും, മുക്കുറ്റിയും ഉണ്ടായിരുന്നു. ചാണകം കൊണ്ട് മെഴുകിയ കളത്തിൽ നല്ല ഭംഗിയിൽ പൂക്കള്‍ നിരത്തും. ആദ്യമാദ്യം പല നിറത്തിലുള്ള പൂക്കളവും പിന്നീടു നിറം മങ്ങിയ മുസാണ്ടയും,  തുമ്പ പൂവും ഒക്കെ ആവും. വീടിന്റെ തിണ്ണയിൽ ഇരുന്നാൽ  കാണാം പാടത്തു മഞ്ഞ നിറത്തിലുള്ള തുമ്പികള്‍ നിറയെ. അമ്മയും, ഇളയമ്മമാരും  അടുക്കളയില്‍ നാളികേരം ചെരുകുന്ന ശബ്ദവും , പപ്പടം കാച്ചുന്ന മണവും കേക്കുമ്പോ വിശന്നു തുടങ്ങും.

വാഴയിലയുടെ അപ്പുറത്തും, ഇപ്പുറത്തും എല്ലാവരും ഇരിക്കും. എന്നുമില്ലാത്ത പോലെ ചോറിനു നല്ല സ്വാദ് തോന്നും . വയറു നിറയെ ചോറും പായസവും ഓക്കേ കഴിക്കും. സദ്യയുടെ ക്ഷീണത്തില്‍ ഉച്ചക്ക് ബോധം കെട്ടു ഉറക്കവും. രാത്രി ഓണം കൊള്ളാൻ ഉള്ള  ഒരുക്കമാണ്. തൃക്കാക്കര അപ്പനെ കുളിപ്പിച്ച്പു, ള്ളി കുത്തൽ ഞങ്ങൾ കുട്ടികളുടെ പണിയാ.  പല നിറത്തിലുള്ള ചായങ്ങൾ . ആദ്യമാദ്യം നല്ല ഭംഗിയിൽ പുള്ളി കുത്തും, അവസാനം ആവും തോറും വലിയ പൊട്ടുകൾ ആവും . അരി പൊടിയില്‍ വെള്ളം ചേര്‍ത്ത്  വേണ്ടക്കയോ, കാച്ചിലോ ഇട്ടു കൊഴുപ്പാക്കിയാണ് അണിയുക. അട ചുടുന്ന  മണം  കേട്ടാല്‍ അടുക്കളയിലേക്കു ചെല്ലും. എടുക്കാന്‍ കൈ നീട്ടിയാൽ  അമ്മ ഒരു കൊട്ടു തരും . ഓണം കൊണ്ട് കഴിയാതെ കഴിക്കാൻ പാടില്ല എന്നു ശാസിക്കും . ഓണം കൊള്ളാന്‍ പൂജാരി വന്നു തേങ്ങ ഉടച്ചു, രണ്ടു പകുതിയാക്കി അതിൽ തുമ്പയുടെ ഇല പൊട്ടിച്ചു ഇട്ടിട്ടു അതു നീങ്ങുന്ന ദിശ നോക്കി ഫലം പറയും. അനിയനെ കൊണ്ടാണ് അന്ന് ആരാപ്പോ വിളിപ്പിക്കുക . അവന്‍ ഉറക്ക പിച്ചിൽ ഒന്നും മനസ്സിലാവാതെ കണ്ണും തുറുപ്പിച്ചു നിക്കും .  ഉറക്കെ വിളി കാട്ടാൻ  അവനു നാണമാണ് . പിന്നെ അട നിവേദിച്ചു, എല്ലാവരും വീതിച്ചു കഴിച്ചു പിരിയും. പിന്നെ അടുത്ത കൊല്ലാതെ ഓണത്തിനായി കാത്തിരിപ്പു.
ഇന്നു നമ്മുടെ കുട്ടികളോട് ഇതൊക്കെ പറഞ്ഞാ അവർക്കു പുച്ഛം,  ഇതൊക്കെ എന്ത് എന്നൊരു ഭാവം.  അവരെ പറഞ്ഞിട്ട് എന്ത് കാര്യം. നമ്മുടെ സ്ഥിതിയും അതു തന്നെ അല്ലേ.  ചെറുപ്പത്തിൽ നമ്മൾ അനുഭവിച്ച ആ നിർവൃതി ഇന്നു ഉണ്ടോ. 

ഇന്നു ഓണം ടീവിയിലെ പുതിയ സിനിമകൾ.  എന്തോ കടമ പോലെ ആർക്കോ വേണ്ടി ഉണ്ടാക്കുന്ന സദ്യ.  കലോറി ആലോചിച്ചു ടെൻഷൻ അടിച്ചു കുടിക്കുന്ന പായസം. കഴിഞ്ഞു ആഘോഷം. 

"ശിവ ശിവ കലികാലം! " അമ്മൂമ്മയെ പോലെ ഞാനും പിറുപിറുത്തു.

Wednesday, January 12, 2011

മഴ




ഒരു നിമിഷം ഒരു കൊച്ചുകുട്ടിയായിരുന്നെങ്കിൽ എന്നെപ്പോഴും  ആശിച്ചു പോകാറുണ്ട്, ഒന്നിനെ പറ്റിയും ഓര്‍ക്കാതെ ചിത്രശലഭം  പോലെ പറന്നു നടക്കുവാന്‍.

തുറന്നിട്ട ജാലകത്തിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. പുറത്തു മഴയുടെ വട്ടം കൂട്ടല്‍. മുറിയിലെ വെളിച്ചം അണച്ചപ്പോൾ പുറത്തു നിന്ന് മിന്നലിന്റെ വെളിച്ചം എന്‍റെ മുഖത്തു വീണു. ആകാശത്തില്‍ വിള്ളല്‍ പോലെ കീറിമുറിച്ചു പായുന്ന വെള്ളിവരകള്‍. കാണുമ്പോൾ ആദ്യമൊക്കെ മനസ്സില്‍ ഭയമായിരുന്നു. തണുത്ത കാറ്റു എന്നെ തലോടി മടങ്ങി പൊയ്. ഓര്‍മകളില്‍ ഇപ്പോളും തളിര്‍ത്തു നിക്കുന്ന ഓരോന്നായി മനസിലൂടെ കടന്നു പോയി.

ഒരുപാടു ശബ്ദങ്ങൾക്ക് ഇടയിൽ ആരും ശ്രദ്ധിക്കാതെ പോയൊരു വേറിട്ടൊരു ശബ്ദമായിരുന്നു ഞാന്‍. ഞാന്‍ ഏകാന്തതയെ  സ്നേഹിച്ചിരുന്നു. തനിയെ സ്വപ്നം കണ്ടിരിക്കാനായിരുന്നു ഏറെ ഇഷ്ടം. കരുകയുടെ ഇല പൊട്ടിച്ചു പൊടി തുടച്ചു വായിൽ ഇടുമ്പോളുള്ള ആ എരിവു എനിക്കൊരുപാടിഷ്ടമയിരുന്നു. വിശാലമായ അമ്പലമുറ്റത്തെ തണുത്ത കാറ്റു പല തലമുറകളുടെ കഥകള്‍ എനിക്ക് പറഞ്ഞു തന്നിരുന്നു. നിര്‍മലമായ ഒരു അനുഭൂതി  അപ്പോളൊക്കെ മനസ്സില്‍ വന്നു നിറയും.

ചിരപരിചിതമായ വഴികളിലൂടെ ഞാന്‍ അലഞ്ഞു നടക്കും. കുളത്തിന്റെ കരയില്‍ ഇരുന്നു കാലുകള്‍ തണുത്ത വെള്ളത്തിലിട്ടു നിഴലിക്കുന്ന തിളങ്ങുന്ന മണല്‍ തരികളെ നോക്കി ഇരിക്കും. പക്ഷെ കുളത്തിന്റെ അരികിലെ വേരുകള്‍ തൂങ്ങി കിടക്കുന്ന പോടുകളില്‍ നിന്ന് പല തരത്തിലുള്ള ശബ്ദങ്ങൾ  എന്നെ അവിടെ നിന്ന് പോകാന്‍ പ്രേരിപ്പിക്കും. പിന്നെയും നടക്കും പാടത്തു പടര്‍ന്നു കിടക്കുന്ന കക്കിരിവള്ളിയിലെ പിഞ്ചു കായകള്‍ പൊട്ടിച്ചു കഴിക്കും. പാടത്തിന്റെ  മൂലയില്‍ ഒരു പൊട്ടകുളം  ഉണ്ടായിരുന്നു. രണ്ടു കണ്ണുകള്‍ മാത്രം പുറത്താക്കി കിടക്കുന്ന തവള കുട്ടന്മാര്‍ എന്നെ കാന്നുമ്പോള്‍ ചാടി മറയും.

ഭൂതകാലത്തിന്റെ പുകമറയില്‍ നിന്ന് ഉണർത്താനെന്ന പോലെ ഒരു ഇടി വെട്ടി. വീണ്ടും മനസ് പിറകോട് പാഞ്ഞു.

മഴയുടെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ അവള്‍ വരുന്നതിനു മുന്നേ ഓടാനുള്ള വ്യഗ്രത മനസ്സില്‍ വരും. പുത്തന്‍ ഉടുപ്പും, ബാഗും നനക്കാനായി അവള്‍ പമ്മി പമ്മി വരും. കുടയുടെ മറ നീക്കി മുഖത്ത് വീഴുന്ന മഴ തുള്ളികള്‍ നാവു നീട്ടി നുണയും. വീട്ടിലെത്തി അമ്മയുടെ അടുത്ത് കിന്നാരം പറഞ്ഞു ചൂട് പലഹാരങ്ങള്‍ കഴിക്കുന്നതോര്‍ത്തു വെള്ളം തട്ടി തെറിപ്പിച്ചു  നടക്കും.

വീട്ടിലെത്തിയാല്‍ നനഞ്ഞു കുതിർന്ന ഉടുപ്പ് മാറ്റി കപ്പു നിറയെ ചൂട് ചായ മൊത്തി കുടിച്ചു ഓരോ കഥകള്‍ പറയും, ചിലപ്പോള്‍ അമ്മ മൂളുന്നുണ്ടാകും പിന്നെ അടുത്ത മഴക്കായി ഇറയത് കാത്തിരിക്കും.. കാറ്റു വീശുംപോലെക്കും അപ്പുറത്ത് അമ്മമ്മയുടെ പറമ്പിലെ കൊളമ്പു മാങ്ങകള്‍ വീഴുന്ന ശബ്ദം കേക്കുമ്പോള്‍ ഞാനും  അനിയനും ഓടും. അപ്പോളേക്കും മഴ വന്നെന്നെ പുണരും. പിന്നെ മഴയത്തു നിന്നു  കേറാന്‍ തോന്നില്ല . പനി പിടിക്കുംമെന്നു അമ്മ വഴക്ക് പറയുമ്പോള്‍ അമ്മയുടെ സമാധാനത്തിനു തലയില്‍ പ്ലാസ്റ്റിക്‌ കവറും ഇട്ടു മഴയുടെ താളത്തിനൊത്തു തുള്ളും.

പുറത്തു മഴ തകര്‍ത്തു പെയ്യുകയാണ്. ജനൽ പാളികൾ  തുറന്നടയുന്ന സബ്ദം. കാറ്റത്തു ദിശ മാറി വരുന്ന ചിതറി തെറിച്ച മഴ തുള്ളികള്‍ എന്നെ കൂടെ കളിയ്ക്കാന്‍ വിളിക്കുകയാണ്‌.ആ ഇരുട്ടത്ത്‌ ഇറങ്ങി നിക്കണം എന്ന് തോന്നുന്നു, പക്ഷെ കഴിയുനില്ല . ഒരുപാട് വളർന്നിരിക്കുന്നു ഞാന്‍. എന്‍റെ അടുത്ത് എന്‍റെ മക്കള്‍ കിടന്നു ഉറങ്ങുന്നു. എന്‍റെ മോളുടെ പാതി അടഞ്ഞ കണ്ണില്‍ ഒരു സ്വപ്നത്തിന്റെ തിരയിളക്കം. മഴ അവളുടെ സ്വപ്നത്തില്‍ നിറഞ്ഞു പെയ്യുകയവാം.

പുലര്‍ച്ചയ്ക്ക് പുറത്തിറങ്ങിയപ്പോ പുതുമണ്ണിന്റെ ഗണ്ഡം. കറുത്ത് നനഞ്ഞ മണ്ണില്‍ ഇളം പുല്‍നാമ്പുകള്‍. ഇന്നലെത്തെ മഴയുടെ താണ്ഡവത്തില്‍ തല കുനിച്ചു നിക്കുന്ന വലിയ പൂക്കളുള്ള ചുവന്ന ചെട്ടി മല്ലികള്‍. മനസ്സില്‍ എന്തോ ഒരു സന്തോഷം. എല്ലാ വിഷമങ്ങളും എന്‍റെ കണ്ണുനീരായി ഒലിച്ചു പോയതായിരുന്നോ ഇന്നലത്തെ മഴ. പുതിയൊരു ഊര്‍ജത്തോടെ ഞാന്‍ വീണ്ടുമൊരു തിരക്ക് പിടിച്ച ദിന ചര്യകളിലേക്ക്‌ നീങ്ങി.

------------------------------------------------------------------------------------------------------------------

Tuesday, January 11, 2011

രാത്രി


എന്തൊക്കെയോ  ചെയ്തു തീര്‍ക്കാനിനിയും ബാക്കി. കൂരിരുട്ടിന്‍റെ നിശബ്ദതയിൽ വെളിയിലെ നിലാവിനപ്പുറം എന്‍റെ മനസ്സില്‍ എന്തായിരുന്നു  തലയിണയില്‍ മുഖമമര്‍ത്തിയപ്പോള്‍ നനവ്‌. ഞാന്‍ കരയുകയയിരുന്നോ ? ഏറെ നാളായി ഞാന്‍ കരഞ്ഞിട്ടു. കരയാന്‍ തന്നെ ഞാന്‍ മറന്നു പോയിരിക്കുന്നു.
വഴിപാട് പോലെ ദിവസ്സവും കരയുകയും സ്വയം പഴിക്കുകയും ചെയ്തിരുന്ന ദിവസങ്ങള്‍ ഏറെ ഉണ്ടായിരുന്നു. പ്രതികാര ബുദ്ധിയോടെ  പലതും ചിന്തിക്കുകയും, പക്ഷെ ഒന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായതയും അതെന്നും എന്‍റെ ബലഹീനതയായിരുന്നു. രാത്രിയെ എന്നിക്കിഷ്ടമാല്ലായിരുന്നു. സന്ധ്യ മായുമ്പോള്‍ ഉള്ളില്‍ കടന്നു പോയ പകലിന്‍റെ ശാന്തത  ആയിരുന്നു.


കിടക്കയില്‍ കമിഴ്ന്നു കിടന്നു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കാലില്‍ മരണത്തിന്റെ എന്ന പോലെ തന്നുപ്പരിച്ചു കയറും. ഉറക്കെ വിളിച്ചു കൂവണമെന്നു തോന്നും പക്ഷെ  നാവിനു ചലന ശേഷി നഷ്ടപെടുന്ന പോലെ തോന്നും. ഇടക്കെപ്പോളോ  ഉറക്കമൊരു അനുഗ്രഹം പോലെ എന്നെ ചിറകിലേറി പറക്കും. ഒരുപാടു ഉയരത്തില്‍ എത്തുമ്പോള്‍ താഴേക്ക്‌ വീഴ്ത്തും. വീണ്ടും കണ്ണ് മിഴിച്ചു കിടക്കും. പുറത്തെ നിലാവിലേക്ക് നോക്കുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ആൾരൂപങ്ങളെ പോലെ തോന്നും. ചിവീടിന്റെ ശബദം എന്നെ കളിക്കാക്കി ചിരിക്കും പോലെ. സമയം കടന്നു പോകുന്നത് ക്ലോക്കിലെ സൂചിയുടെ ശബ്ദത്തിലൂടെ അറിയാം.
പിന്നെ അമ്പലത്തിലെ സുപ്രഭാദം കാതില്‍ വീഴുമ്പോ മനസ്സില്‍ ജീവന്‍ തുടിക്കും. ഒടുവിലെപ്പോലോ ഇരുട്ടിന്നെ ഞാന്‍ ഒരുപാടു സ്നേഹിച്ചു തുടങ്ങി. ഇടയ്ക്കു ശബ്ദമുണ്ടാക്കാതെ ഞാന്‍ വാതില്‍ തുറന്നു പുറത്തു കടക്കും. നനുത്ത ശബ്ദത്തില്‍ മഞ്ഞു പെയ്യുനുണ്ടാക്കും. മണ്ണിന്റെ കുതിര്‍ന്ന ഗന്ധം. മുറ്റത്തെ വെള്ള ചെമ്പരത്തിയില്‍ പടര്‍ന്നു കയറിയ മുല്ലവള്ളിയിലെ പകുതി വിടര്‍ന്ന മുല്ലമൊട്ടുകള്‍. മുന്നിലെ വഴികലറിയാതെ ഞാന്‍ നടന്നു സ്വപ്നാടനത്തില്‍ എന്ന  പോലെ.
വഴിയരികിലെ പുല്‍ നാമ്പുകളില്‍ നിറയെ മഞ്ഞുതുള്ളികലായിരുന്നു. ആ നനവ്‌ കാലില്‍ തട്ടുമ്പോ ഞാന്‍ വീണ്ടും വീണ്ടും രാത്രിയില്‍ അനുരക്തയായി മാറുകയായിരുന്നു. ഒടുവിലെപ്പോലോ രാത്രി എന്നെ തനിച്ചാക്കി വിട വാങ്ങാന്‍ ഒരുങ്ങും, വീണ്ടും വരാമെന്ന് കാതിൽ പറഞ്ഞു. വിരഹം അതെത്ര ചെറുതാനെങ്ങിലും വേര്‍പിരിയല്‍ വേദന തന്നെ. എന്നെ കണ്ണില്‍ കണ്ണുനീരിന്റെ മൂടല്‍ പോലെ . ഇനിയൊരു പകല്‍ കഴിയണം അവളെ ഒന്ന് കാണാന്‍. എന്തായാലും വരുമെന്ന പ്രതീക്ഷയില്‍ ഞാനെന്‍റെ പുതിയ കൂട്ടുകരിക്കായി കാത്തിരിക്കുന്നു.
---------------------------------------------------------------------------------------------------------

Sunday, January 9, 2011

എന്റെ മാത്രം നഷ്ടങ്ങള്‍



ഓടു മേഞ്ഞ ആ പഴയ തറവാടും ചുറ്റും പാല പൂക്കുന്ന പാമ്പിന്‍ കാവുകളും, പച്ച നിറത്തില്‍  വരാലുകൾ തുള്ളി നടക്കുന്ന വലിയ കുളവും, ബാല്യത്തിലെ എന്റെ നഷ്ടങ്ങൾ ആണ് . വെളുപ്പിന് അമ്പലത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ജ്ഞാനപ്പാനയും, ആ നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മയും എന്നില്‍ മാഞ്ഞു പോകുന്ന പോലെ. കാലത്ത് പാതി തുറന്ന കണ്ണുകളോടെ കയില്‍ ഉമികരിയും വെച്ച് മടി പിടിച്ചിരുന്നു മതി വരാത്ത പോലെ .

അവധിക്കാലത്തിനായി കാത്തിരുന്ന് അവസാന പരീക്ഷ കഴിയുന്ന ദിവസത്തെ സന്തോഷം. പിറ്റേന്ന് രാവിലെ തൊട്ടു മടി പിടിച്ചു കിടന്നു ഉറങ്ങാം. അമ്പലത്തില്‍ പോയി പായസവും കൊണ്ട് തിരിച്ചു വരും. അന്നത്തെ ആ ശർക്കര  പായസത്തിന്റെ രുചി ഇന്നും നാവിലുണ്ട്. ഞാനെന്നും ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. മാവിന്‍ ചുവട്ടില്‍,  കളികൂട്ടുകാരുമായി ഉണ്ണിപ്പുര വെച്ചു കളിക്കുമ്പോൾ ആവും മുന്നിലേക്ക്‌ നല്ല പഴുത്ത മാങ്ങാ വന്നു വീഴുക. പിന്നേ മാങ്ങയും കടിച്ചു അതിറെ ചാറും ഒലിപ്പിച്ചു, അമ്പലത്തിന്ലെ വെളുത്ത മണലിലൂടെ നടക്കും. ചെറിയ കുഴികള്‍ കുഴിച്ചു കുഴിയാനയെ പിടിച്ചും, പറമ്പിലെ ഇല മംഗലം പൊട്ടിച്ചു,  പൊടി കളയാൻ തലയിൽ തേച്ചു അതിന്റെ എരിവും നുകര്‍ന്ന് സ്വപ്നം കണ്ടു ഉള്ള നടത്തം. അതു എത്ര നേരമെന്നു ഞാന്‍ പോലും അറിയാറില്ല.

ബാല്യത്തിന്റെ നിഷ്കളങ്കത എനിക്കിനി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമായി മനസ്സില്‍ നീറി നീറി കിടക്കുകയാണ്. ഒന്നും അറിയാത്ത ആ കാലത്തില്‍ നിന്നും ഈ പ്രരാബ്ദങ്ങള്‍ക്കും ആധി കളുടെയും നടുവിലേക്ക് എന്റെ വലിച്ചെറിഞ്ഞിട്ട്‌ നീ ചിരിക്കുകയാണോ എന്റെ കൃഷ്ണ.