ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍ എന്നാണെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ഒട്ടും ആലോചിക്കാതെ തന്നെ " അത് എന്റെ കലാലയ ദിനങ്ങള്‍ " എന്ന്.
അത് വരെ കൂട്ടിലിട്ട കിളികളെ പോലെ പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളില്‍ നിന്ന് പെട്ടെന്ന് ഒരു പറിച്ചു മാറ്റല്‍ ശെരിക്കു പറഞ്ഞാല്‍ മനസിന്നെ പേടിപ്പിച്ചിരുന്നു, ആദ്യം പഠിച്ചിരുന്ന എന്റെ കലാലയം അതൊരു കടംകഥ പോലെ മനസ്സിലുണ്ട്. ചുറ്റും കാറ്റാടി മരങ്ങള്‍ നിറഞ്ഞ ആ കോളേജില്‍ വളരെ കുറച്ചു ദിവസങ്ങളെ അവിടെ പോകേണ്ടി വന്നിട്ടുളൂ. സമരങ്ങളും, കോലാഹലങ്ങളും നിറഞ്ഞ ആ കാമ്പസിലും, കാറ്റാടിമരങ്ങള്‍ക്ക് താഴെ ഇണ പ്രാവുകളെ പോലെ പരിസരം മറന്നു സംസാരിക്കുന്ന കമിതാക്കളെ കണ്ടു അദ്ബുധപെട്ടിടുണ്ട്. പ്രീ ഡിഗ്രി എന്നാ കടമ്പ പൂര്‍ത്തിയാക്കി. കഷ്ടിച്ചു പാസ്സായി, അവിടം വെച്ച് തന്നെ എന്റെ പഠിത്തം അവസാനിച്ചു എന്ന് കരുതിയ നാളുകള്‍, എവിടെയും പ്രവേശനം കിട്ടാതെ എല്ലാവരെയും പോലെ പാരലല്‍ കോളേജില്‍ പൊയ് ചേര്‍ന്നു. പഴയ സ്കൂളിലേക്ക് തിരിച്ചു പോയ പോലെ തോന്നി.
തീരെ പ്രതീക്ഷിക്കാതെ എനിക്ക് ശ്രീ നാരായണ കോളേജ്, നാട്ടികയില്‍ ബി എ സി ബോട്ടനിക്ക് കാര്‍ഡ് വന്നത്. പ്രത്യേകിച്ചൊരു കണക്കു കൂട്ടലുമില്ലാതെ ആ പടി കടന്നപ്പോ എനിക്കറിയുന്നുണ്ടായിരുനില്ല എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ മൂന്നു വര്‍ഷങ്ങള്‍ അവിടെ എനിക്കായി കാത്തിരിക്കുന്നു എന്ന്.
ആദ്യമായി കലാലയത്തിന്റെ മുന്നില്‍ വീണു കിടക്കുന്ന ചുവന്ന പൂക്കളെ ചവിട്ടി മെതിച്ചു നടന്ന ദിവസം, സിനിമയില്‍ നായിക വരുന്ന പോലെ എന്റെ കാല്‍ പതിഞ്ഞപ്പോള്‍ കാറ്റ് വീശിയില്ല, മഴ പെയ്തില്ല . പക്ഷെ എല്ലാം എന്റെ മനസ്സിലായിരുന്നു. ചെറിയ ഒരു ക്ലാസ്സ് മുറിയില്‍ ഇരുപ്പത്തി അഞ്ചില്‍ ഒന്നായി ഞാനും. അപരിചിതരായ പല സ്ഥലത്ത് നിന്ന് വരുന്ന കുറെ പേര്‍. അവര്‍ക്കിടയില്‍ മനസ്സില്‍ തെല്ലു പേടിയും, അതിലേറെ ആകാംഷയമുമായി ഞാനിരുന്നു. ഓരോ മണിക്കൂറിലും മാറി വരുന്ന അധ്യാപകർ , അവരുടെ ഉപദേശങ്ങള്‍ എല്ലാം അത്ഭുതത്തോടെ നോക്കിയിരുന്നു. ഇടയ്ക്കു വീണു കിട്ടുന്ന ഇടവേളകളില്‍ പരിജയപെടാനെന്ന പേരില്‍ വരുന്ന മുതിര്‍ന്ന ചേട്ടന്മാര്‍. സത്യത്തില്‍ അവര്‍ തേടുന്നത് അവര്‍ക്ക് പറ്റിയ ഇണ പ്രാവുകളെ ആണെന്നതാണ്സ ത്യം.പരസ്പര ബന്ധമില്ലാത്ത ചോദ്യങ്ങളും അതിനു കിട്ടുന്ന ഉത്തരങ്ങളും അവരെ തൃപ്തിപെടുതുന്നില്ലെന്നു മുഖം കണ്ടാല്‍ അറിയാം.
ഹിന്ദി ക്ലാസ്സിനും ഇംഗ്ലീഷ് ക്ലാസ്സിനും ഞങ്ങള്‍ക്ക് വേറെ ക്ലാസ്സുകളിലേക്ക് പോണം. ഹിന്ദി ക്ലാസ്സില്‍ മിക്കവാറും ഇടം കിട്ടുക ഏറ്റവും പുറകിലാവും. വലിയ ഒരു ഹാളിന്റെ ഏറ്റവും പുറകില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് ടീച്ചറെ കാണാന്‍ തന്നെ പറ്റുന്നുണ്ടാവില്ല. ടീച്ചര് പറയുന്ന ശബ്ദം ദുര്‍ബലമായി മാത്രം കേള്‍ക്കാം. ഊണ് കഴിഞ്ഞുള്ള ഉച്ച മയക്കത്തില്‍ കനം തൂങ്ങുന്ന കണ്ണ് കഷ്ടപ്പെട്ട് വലിച്ചു തുറന്നു ഇരിക്കും.ഇന്നും ആ ഉച്ച മയക്കത്തിന്റെ ആലസ്യം മനസ്സില്‍ മായാതെ നിക്കുന്നു.
ഓരോ ദിവസം കഴിയും തോറും എന്റെ വീടിനെക്കാള്‍ ഞാന്‍ എന്റെ കോളേജിനെ സ്നേഹിച്ചു തുടങ്ങി. എന്നും നേരം പുലര്‍ന്നാല്‍ എത്രയും പെട്ടന്ന് അവിടെത്തി കൂട്ടുകാരെ കാണുന്നവരെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ ക്ലാസ്സു കോളേജിന്റെ ആദ്യത്തെ നിലയിലായിരുന്നു, മുന്നിലത്തെ ചെറിയ വരാന്തയിലാകും മിക്കപോഴും ഞങ്ങളുടെ കൊച്ചു വര്‍ത്തമാനങ്ങള്‍. ആരോടും പിണക്കമില്ലാതെ, എല്ലാവരേം സ്നേഹിക്കാന്‍ മാത്രം പഠിച്ചു. ഒരുപാടു നല്ല സുഹൃത്തുകള്‍, അദ്യാപകര്‍. തിരിച്ചു വീട്ടിലെത്തിയാലും പിറ്റേന്ന് കോളേജില്‍ പോകുന്ന വരെ ഒറ്റപെട്ട പോലെ തോന്നും. അങ്ങനെ ഒരു കൊല്ലം എത്ര വേഗത്തില്‍ കടന്നു പോയി. നല്ല നാളുകള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് മിന്നല്‍ വേഗതയില്‍ എന്തിനാണ് പാഞ്ഞു പോകുന്നത്?
അടുത്ത കൊല്ലം തുടങ്ങി കലാലയ മുറ്റത്തെ വാകപൂത്തും കൊഴിഞ്ഞും നിന്നു, മാറി വരുന്ന വിദ്യാര്‍ത്ഥികളെ കണ്ടു മാറ്റമില്ലാതെ നില്‍ക്കുന്ന അവര്‍ അഹങ്കരിച്ചു. അങ്ങനെ ഞങ്ങളും സീനിയർ ആയി . കാമ്പസിനെ സ്നേഹിക്കുന്ന പോലെ എന്റെ പുസ്തകങ്ങളെയും ഞാന്‍ സ്നേഹിച്ചു. മടുപ്പിക്കുന്ന ക്ലാസുകള്‍ കട്ട് ചെയ്തു കോളെജിനു പുറകിലുള്ള പച്ച തുരുത്തില്‍ പോയി ഇരുന്നു എന്തൊക്കെയോ സംസാരിച്ചു. വിഷയങ്ങള്‍ക്ക് ദാരിദ്ര്യമില്ലായിരുന്നു. തമാശകള്‍ പറഞ്ഞു ഇടയ്ക്കു ശ്വാസം കിട്ടാതെ ചിരിച്ചും, വഴിയില്‍ കാണുന്ന എല്ലാവരെയും കമന്റ് ചെയ്തും നടന്നിരുന്ന നാളുകള്‍. അന്നത്തെ എനിക്ക് ചുറ്റും വേറെ ഒന്നും ഉണ്ടായിരുനില്ല. ബന്ധങ്ങളുടെ ചങ്ങലകളും, വിലക്കുകളും ഒന്നും. തുറന്നു വിട്ട പക്ഷിയെ പോലെ ഞാന്‍ എന്റെ സ്വാതന്ത്ര്യം നുകരുകയായിരുന്നു. അന്ന് ഞാന്‍ അറിഞ്ഞിരുനില്ല എല്ലാം ഇത്ര പെട്ടന്ന് അവസാനികുമെന്നു.
ഇടയ്ക്കു വരുന്ന സമരങ്ങളും, തിരഞ്ഞെടുപ്പും എല്ലാം ഞങ്ങള്‍ ആസ്വദിച്ചു. ബസ്സില്‍ കോളേജിലെക്കുള്ള യാത്രകളും, തിരിച്ചു വീട്ടിലേക്കുള്ള യാത്രകളും വരെ ഞങ്ങള്‍ ആഘോഷിച്ചു. ബസ്സില്‍ കയറി എത്തുന്നത് വരെ എന്തേലും കോമാളിത്തരങ്ങള്‍ ചെയ്തു ചിരിച്ചു കൊണ്ടിരിക്കും. കണ്ടിരുന്ന ആളുകള്‍ കരുതി കാണും ഏതോ ഭ്രാന്താശുപത്രിയിൽ നിന്ന് ചാടി പോന്നതാണെന്നു. ആരെന്തു പറയും എന്നത് അന്ന് ഞങ്ങളെ ബാധിചിരുനില്ല. ക്ലാസ്സില്‍ ഉള്ള എല്ലാവരെയും അടുത്തറിഞ്ഞതും ആ കൊല്ലമാണ്.
ആ കൊല്ലവും കടന്നു പോയി. ഫൈനല്‍ ഇയറായി. മറ്റു വിഷയങ്ങളൊന്നും ഇല്ലാതെ വെറും സസ്യശാസ്ത്രത്തില്‍ മാത്രം പഠനം. അതിനിടയില്‍ പല പ്രണയങ്ങളും പൂത്തു കൊഴിയുന്നതും കണ്ടു. പുറത്തു കത്തുന്ന വെയിലുള്ളപോള്‍ ഞങ്ങള്ക് ചുറ്റും മഞ്ഞു പെയ്യുന്ന പോലെ, കണ്ണില്‍ കണ്ണില്‍ നോക്കുമ്പോ എത്രയോ ജന്മം ഒന്നിച്ചായിരുന്ന പോലെ, നൂലു പൊട്ടിയ പട്ടം പോലെ ഞങ്ങളുടെ മനസ്സ് എന്നൊക്കെ കരുതിയിരുന്ന പല പ്രണയങ്ങളും കുമിളകള്‍ പോലെ പൊട്ടി പോകുന്നതും. ചിലര്‍ പുതിയത് നെയ്യാന്‍ ശ്രമിക്കുന്നതും കണ്ടു. ഞങ്ങളുടെ ലാബും അവിടെ എന്തിനോ വേണ്ടി ചെയ്ത പരീക്ഷങ്ങളും അവിടുത്തെ ഗന്ധവും ഗൃഹാതുരമായ ഓര്‍മ്മകള്‍ ബാക്കിയാകി.
അങ്ങനെയിരിക്കെ ക്ലാസ്സില്‍ തന്നെ ഒന്ന് രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അവരുടെ കല്യാണത്തില്‍ പോയി കൂടെ നിന്ന് ഫോട്ടോ എടുക്കുമ്പോളും എനിക്കും വളരെ പെട്ടന്ന് ഇത് പോലെ നിക്കേണ്ടി വരുമെന്നത് സ്വപ്നത്തില്‍ പോലും വന്നില്ല. അങ്ങനെയിരിക്കെ സ്റ്റഡി ടൂര്‍ വന്നു. നിര്‍ബന്ധിതമായ കാരണം വീട്ടില്‍ നിന്ന് വിലക്കൊന്നും ഇല്ല. കോളേജില്‍ നിന്ന് പുറപെടുന്നതിനു ഒരാഴ്ച മുന്‍പ് തൊട്ടേ എനിക്കുറക്കം ഇല്ലാതായി. എന്തൊക്കെ എടുത്തു വെക്കണം, ഏതു ഡ്രസ്സ് ഇടണം എന്നൊക്കെ ആലോചിച്ചു തല പുകഞ്ഞു. അത്രക്കും ഞാന്‍ ഇതു വരെ സന്തോഷിച്ചിട്ടില്ല. ബസ്സില്‍ കയറിയപ്പോ തൊട്ടു പാട്ടും ഡാന്‍സുമായി ബഹളം, പുറത്തെ കാഴ്കള്‍ നോക്കാന്‍ പോലും സമയം കിട്ടിയില്ല.
ഊട്ടി എത്തി. അവിടുത്തെ ഹോട്ടലിലെ ഡോര്‍മെട്രിയില്‍ നിരത്തി വെള്ള പുതച്ച കട്ടിലില്‍ കിടന്നു അന്ന് രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്റെ ഉണ്ട കണ്ണ് കണ്ടു പേടിച്ചു അത് അടപ്പികാനുള്ള ശ്രമമായി അടുത്ത് കിടക്കുന്നവര്‍. അങ്ങനെ അപരിചിതമായ ആ സ്ഥലത്ത്, എന്റെ കൂട്ടുകാര്‍ക്കൊപ്പം അത് വരെ അനുഭവിക്കാത്ത സംതൃപ്തിയോടെ എപ്പോളോ ഉറങ്ങി പോയി. നേരം വെളുത്തപ്പോഴേക്കും പുറത്തു ചാടി. പല നിറത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുള്ള തോട്ടം , മഞ്ഞു വീണു നനഞ്ഞ ഇളം പച്ച പുല്‍ത്തകിടി. അതിലൂടെ ഒരു സിനിമാഗാനത്തിലെ നിര പകിട്ടാര്‍ന്ന രംഗം പോലെ ഞങ്ങള്‍ ഓടി നടന്നു. ബോട്ടാണിക്കല്‍ ഗാർഡനിൽ പൂക്കളും, ഇലകളും പറിച്ചു നടക്കുന്ന ഞങ്ങള്‍ക്ക് ദാഹവും വിശപ്പും ഒന്നും തോന്നിയില്ല. ക്യാമറ കൊണ്ട് പോകാത്ത നഷ്ടബോധം ഇന്നും മനസ്സില്‍ നൊമ്പരമായി നില്‍ക്കുന്നു. എങ്കിലും ചിത്രങ്ങള്‍ ഒന്നും വേണ്ടാതെ തന്നെ എല്ലാ നിമിഷവും മനസ്സില്‍ ചിലിട്ടു വെച്ച പോലെ ഉണ്ടു. ആ മൂന്ന് ദിവസങ്ങളും മൂന്ന് നിമിഷം പോലെ കടന്നുപോയി. ഊട്ടി വിട്ടു തിരിച്ചു ബസ്സില്‍ കയറുമ്പോ ഏതൊക്കെയോ മറന്നു വെച്ച പോലെ, ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തോ?
തുടര്‍ന്ന് പഠിക്കാനുള്ള വാശിയില്‍ ഞാന്‍ പരമാവധി പഠിച്ചു, പരീക്ഷയില്‍ നല്ല മാര്‍ക്കുകള്‍ നേടി. തീരെ പ്രതീക്ഷിക്കാത്ത മറ്റു ചിലത് സംഭവിച്ചു. എല്ലാ മാതാപിതാക്കളെയും പോലെ പെണ്‍കുട്ടി എന്ന ഭാരം ഇറക്കി വെക്കാന്‍ എന്റെ വീട്ടുകാരും തീരുമാനിച്ചു. പിന്നെ എല്ലാം മുറ പോലെ ജാതകം, ഫോട്ടോ കാണല്‍, പെണ്ണ് കാണല്‍. എന്റെ ലോകം മാറി പോയി. എന്നില്‍ നിന്ന് ഓരോന്നായി അകന്നു പോയി. പുതിയ സ്വപ്നങ്ങളുടെ മായലോകത്തില്‍ ഞാന്‍ എന്റെ കലാലയത്തെ മറന്നു, കൂട്ടുകാരെ മറന്നു. കല്യാണം കഴിഞ്ഞു, ആളുകള്‍ ഒഴിഞ്ഞു, ബഹളങ്ങള്‍ തീര്‍ന്നു, സ്വപ്നലോകത്തില്‍ കൂട്ടുണ്ടായ അവനും എന്നെ തനിച്ചാക്കി ജോലി സ്ഥലത്തേക്ക് പോയി. ഒരു ദിവസം കണ്ണ് തുറന്നപ്പോ ഞാന്‍ ഒരു സ്വര്‍ണ കൂട്ടില്‍ ആയിരുന്നു. എന്റെ ചേതന എന്നെ വിട്ടു പോയിരുന്നു. കണ്ണാടിയില്‍ കാന്നുന്ന എന്നെ എനിക്ക് അപരിചിതമായി തോന്നി. അതോ ഞാന്‍ അത്ര നാളും സ്വപ്നം കാണുകയായിരുന്നോ?
മഞ്ഞ നിറമുള്ള എന്റെ കോളേജും, മുന്‍വശത്തെ വിശാലമായ മുറ്റവും, എന്റെ കുഞ്ഞു ക്ലാസ്സുമുറിയും എല്ലാം സ്വപ്നമാണോ? സത്യമാണോ? എന്ന് വേര്‍തിരിച്ചറിയാന്‍ ആവാതെ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു ഇന്നും.
.......................................................................................................................................................