Thursday, July 22, 2021

ഓർമക്കായ്

 വർഷങ്ങൾക്കിപ്പുറം അവളെ വേട്ടയാടികൊണ്ടിരുന്ന ആ ഒരു മുഖം, ആ ശബ്ദം വീണ്ടും. മനസ്സിന്റെ പല കോണുകളിൽ നിന്നും പല വിസ്‌ഫോടനം നടക്കുന്ന പോലെ. മനസ്സ് കടിഞ്ഞാൺ പൊട്ടിച്ചു വർഷങ്ങൾക്കു പിറകിലേക്ക് ഓടി പോകുന്നു.

എന്നാണ് എന്നു അറിയില്ല മനസ്സിൽ ഒരിഷ്ടം തോന്നിയത്. പരസ്പരം സംസാരിക്കുമ്പോൾ കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ, അറിയാതെ അവൾ  തല താഴ്ത്തി പോകുന്നു. ക്ലാസ്സ് മുറിയുടെ ഇടനാഴിയിൽ നിന്നും ഒരു പാട് എന്തൊക്കെയോ അവർ സംസാരിച്ചിരുന്നു. പക്ഷേ ഒരിക്കൽ പോലും മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞില്ല. പക്ഷെ അവരുടെ കണ്ണുകൾ പരസ്പരം ഒരു ജന്മത്തെ കഥകൾ മുഴുവൻ പങ്കുവെച്ചു മറ്റാരും അറിയാതെ.

അവളുടെ മനസ്സ് മുഴുവൻ നിറങ്ങൾ ആയിരുന്നു. എപ്പോളും രണ്ടു കണ്ണുകൾ പിന്തുടരുന്ന പോലെ. എന്തൊക്കെയോ ഒരുപാട് സംസാരിക്കണം എന്നു കരുതി അടുത്തു പോകും. പക്ഷേ അവനെ കാണുന്ന മാത്രയിൽ എല്ലാം മറന്നു വേറെ എന്തൊക്കെയോ സംസാരിക്കുന്നു. ഇത്രയും കൊല്ലം കൂടെ ഉണ്ടായിട്ടും പിരിഞ്ഞു പോരാറായ സമയത്തു ആണോ ഇങ്ങനെ ഒരു ചാഞ്ചാട്ടം മനസ്സിന്. മനസ്സിനെ കുറെ പറഞ്ഞു മനസ്സിലാക്കി. ഒരുപാട് പഠിക്കാനുണ്ട്, ഒറു പാട് സ്വപ്‌നങ്ങൾ ബാക്കിയാണ്, ചെന്നു വീഴുന്നത് ഒന്നു കനലിൽ ആണ്‌. യാതൊരു പ്രതീക്ഷ ഇല്ലാത്ത കനലിൽ.

വേണ്ട വേണ്ട എന്നു മനസ്സിന്റെ ഒരു പകുതി, വേണം എന്നു മറു പകുതി.ഒരിക്കൽ പോലും ഭാവിയെ കുറിച്ചൊന്നും ഓർക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. ജാതിയും മതവും സാമൂഹികവും സാമ്പത്തികവും ഒന്നും ഒരു വേലിയും അവർക്കിടയിൽ തീർത്തില്ല.  അവൻ നോമ്പ് നോക്കുമ്പോൾ അവൾ ഉപവാസം അനുഷ്ഠിച്ചു. രാത്രികൾക്ക് പതിവില്ലാത്ത നീളം ആയിരുന്നു അന്നൊക്കെ. എപ്പോ നേരം പുലരും എന്നു ക്ലോക്കിന്റെ ശബ്ദം കാതോർത്തു കിടന്നു നേരം വെളുപ്പിച്ചു. കാലത്തു എത്രയും പെട്ടന്ന് കോളേജിൽ പോകണം അവനെ കാണണം അത്രയേ ഉള്ളൂ. അതിനപ്പുറം അതിമോഹം ഒന്നും തോന്നിയിട്ടും ഇല്ല.

ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ഒരുപാട് കൊടുങ്കാറ്റു വീശി. അവളിലെ മാറ്റങ്ങൾ, അവൾ കടലാസ്സിൽ പകർത്തിവെച്ച സ്വപ്‌നങ്ങൾ ഒക്കെ വീട്ടുകാരുടെ നിരീക്ഷണത്തിൽ പെട്ടു. പതുക്കെ വീട്ടിൽ കല്യാണ ആലോചനയുടെ സംസാരങ്ങൾ തുടങ്ങി. എതിർത്തു പറയാൻ ഒരു ധൈര്യത്തിന് അവന്റെ സൈഡിൽ നിന്നും ഒരു മറുപടി ഇതുവരെ ഇല്ല. മിണ്ടിയാൽ കരണം അടിച്ചു പൊട്ടിക്കുന്ന അച്ഛനെ ഓർത്തപ്പോൾ കൈയും കാലും തളർന്നു.

മനസ്സിൽ ഉള്ളത് തുറന്നു പറയാൻ പല വട്ടം, പല വിധത്തിൽ ശ്രമിച്ചു. രണ്ടുപേർക്കും വളരെ അടുത്ത ഒരു കൂട്ടുകാരി ഒരിക്കൽ പറഞ്ഞു, അവളിൽ ഇല്ലാത്ത ഒരു പ്രത്ത്യേകതയും എന്നിൽ അവൻ കണ്ടിട്ടില്ല എന്നു. അവളുടെ ചുറ്റിലെ മഞ്ഞു മാഞ്ഞു പോയി. ഇത്രയും നാള് സ്വപ്നത്തിൽ ആയിരുന്നോ എന്നാ പോലെ ഉണർന്നു. മനസ്സ് നൂറു കഷ്ണം ആയി പൊട്ടിച്ചിതറുന്ന പോലെ. കല്യാണം ഉറച്ചു വരുന്ന കാര്യം പറഞ്ഞപ്പോൾ, അവൻ ചിരിയോടെ പറഞ്ഞു എന്തായാലും വിളിക്കണം എന്നു.

പിന്നേ എല്ലാം യാന്ത്രികമായിരുന്നു, പെട്ടെന്ന് ആയിരുന്നു. കല്യാണ വേഷത്തിൽ പന്തലിൽ നിൽക്കുമ്പോൾ കൂടെ അവൻ അടുത്തു വന്നപ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് അറിഞ്ഞു. അവൻ വേറെ ഏതോ ലോകത്തു എന്ന പോലെ കണ്ണുകൾ പോലും പിടി തരാതെ. അവളുടെ മനസ്സിൽ ഒരുപാട് ദേഷ്യം തോന്നി, ചുറ്റും എല്ലാത്തിനോടും. പിന്നെയും കൊല്ലങ്ങൾ എടുത്തു ആ മുറിവ് ഉണങ്ങാൻ.

പിന്നെ എല്ലാം മനസ്സിൽ തന്നെ കുഴിച്ചു മൂടി. ഇന്നത്തെ കാലത്തു ജനിച്ചിരുന്നെങ്കിൽ എന്ന് അവൾക്കു തോന്നും. ഇപ്പോൾ എല്ലാം വിരൽ തുമ്പിൽ. പക്ഷേ അവനെ ഒരുപാട് അന്വേഷിച്ചു, ഒരു വിവരവും കിട്ടിയില്ല. എവിടെയെങ്കിലും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.

ഇപ്പോൾ വർഷങ്ങക്കിപ്പുറം യാദൃശ്ചികമായി വീണ്ടും അവന്റെ ശബ്ദം. രണ്ടു പേരും വല്ലാതെ മാറി പോയി. ഒരുപാട് കൊല്ലം മനസ്സിൽ ഭാരമായി കൊണ്ട് നടന്ന എല്ലാം പരസ്പരം പറഞ്ഞു.  അവൾ സഞ്ചരിച്ച അതേ പാതയിൽ വിപരീത ദിശയിൽ അവനും ഉണ്ടായിരുന്നു. കുറച്ചു ദൂരത്തിനപ്പുറം ഉണ്ടായിട്ടും ഇത്രയും കാലം ഈ ഭാരം ഇറക്കി വെക്കാൻ പറ്റാതെ കൊണ്ടു നടന്നത് ആ ദൈവത്തിന്റെ നിശ്ചയം.

Sunday, July 28, 2019

മരണത്തിന്റെ സമ്മാനം

തിളച്ചു മറിയുന്ന വെയിലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ തുടിക്കുന്നുണ്ടായിരുന്നു.  പതിവില്ലാതെ അമ്മുവിന്റെ വിളി വന്നു.. "നീ അറിഞ്ഞോ ആഷേ നമ്മുടെ അനൂപ് മരിച്ചു". പ്രത്ത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല. എങ്ങനെ മരിച്ചു,  എത്ര മക്കൾ എന്നൊക്കെ സാധാരണ പോലെ ചോദിച്ചു.
ഫോൺ വെച്ചു കഴിഞ്ഞു അവൾ ഓർത്തു,  ജീവിതത്തിൽ എന്തൊക്കെ നമ്മുക്ക് കൈമോശം വന്നിരിക്കുന്നു. അതിൽ ആത്മാർത്ഥമായി വേദനിക്കാനുള്ള കഴിവ് പോലും. ഒരു കാലത്ത് അനൂപ് അവൾക്കു സ്വന്തമാക്കണം എന്ന് കൊതിച്ച ഒരു സ്വപ്നം ആയിരുന്നു.
കൗമാര സ്വപ്‌നങ്ങൾ പൂവിടുന്ന കാലം. തന്റെ അച്ഛന്റെ കാറ്‌ ഓടിപ്പിക്കാൻ വന്ന ചെറുപ്പക്കാരൻ. ഉയരം കുറഞ്ഞു, വെളുത്തു,  നല്ല മുടിയും,  നല്ല കണ്ണുകളും,  ചുറുചുറുക്കുള്ള ചിരിയുമായി സുന്ദരനായ ചെറുപ്പക്കാരൻ. കണ്ടപ്പോളേ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞ പോലെ.. പിന്നെ ഒന്നും നോക്കിയില്ല ആരുടേയും അനുമതി ഇല്ലാതെ അവൾ സ്വപ്നം നെയ്തു തുടങ്ങി. സിനിമ കാണുമ്പോൾ പാട്ടു സീനിൽ അവളും അയാളോടൊപ്പം ആടി പാടി നടന്നു.. ആദ്യം ഒന്നും അനൂപ് തന്നെ ശ്രദ്ധിക്കുന്നു പോലും ഇല്ല എന്ന് തോന്നി.. പിന്നെ എപ്പോളോ അവന്റെ കണ്ണുകൾ അവളുടെ കണ്ണിൽ ഉടക്കാൻ തുടങ്ങി.. വശ്യമായ പുഞ്ചിരി ഇടയ്ക്കു.. അതു മതിയായിരുന്നു അവൾക്കു. ബാക്കി കഥകൾ അവളുടെ മനസ്സ് മെനഞ്ഞു കൂട്ടി.. അപ്പോളാണ് തനിക്കു ഒരു ശത്രു ഉണ്ടെന്നു തിരിച്ചറിഞ്ഞത്.. അതു മറ്റാരുമല്ല തന്റെ ജീവന്റെ ജീവനായ കൂട്ടുകാരി അമ്മു.. കാര്യമൊക്കെ ശെരി തന്നെ,  പക്ഷെ അവൾക്കു തന്റെ നായകനെ തന്നെ വേണം എന്നത് ഉൾകൊള്ളാൻ മനസ്സ് തയ്യാറായില്ല. അതു വരെ എല്ലാം പങ്കുവെച്ചിരുന്ന അവരുടെ ഉള്ളിൽ രഹസ്യങ്ങൾ ഉറഞ്ഞു കൂടി.. അമ്മുവിനേക്കാൾ ഒരു പടി കൂടി ഭംഗിയിൽ ഒരുങ്ങിx അനൂപിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ അവളും ശ്രമിച്ചു കൊണ്ടിരിക്കുന്നു.. എന്നാൽ അവൻ ആവട്ടെ രണ്ടു പേർക്കും ഒരുപോലെ തന്റെ പുഞ്ചിരി കൊടുത്തു.
വീട്ടിൽ എല്ലാരും കൂടി അനൂപിന്റെ കൂടെ കാറിൽ പോകുമ്പോൾ,  കാറിൽ വേറെ ആരും ഇല്ലെന്നും,  താനും അവനും മാത്രം എന്ന് എത്ര തവണ സ്വപ്നം കണ്ടു.. അവൻ തന്റെ കൈയിൽ പിടിക്കുന്നതായും ഒരുപാട് ഇഷ്ടമെന്ന് ചെവിയിൽ പറയുമ്പോ,  വെണ്ണ പോലെ താൻ അലിഞ്ഞു പോകുന്നതായും ഇടയ്ക്കു തോന്നും. പക്ഷെ ഒന്നും ഉണ്ടായില്ല.  ഒരു ദിവസം അമ്മു ഒരു ജേതാവിന്റ സന്തോഷത്തോടെ വന്നു പറഞ്ഞു,  അനൂപിന് ഒരു പ്രണയം ഉണ്ടെന്നു,  പാവപെട്ട വീട്ടിലെ ഒരു കുട്ടിയാണ് എന്ന്.. അവള് തകർന്നു അടിയുന്നത് നോക്കി മനസ്സിൽ പുഞ്ചിരിയോടെ അമ്മു നിന്നു. രണ്ടു പേർക്കും ഇല്ലാലോ സമാധാനം.
എന്നാലും വിട്ടുകൊടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.. ആരും അറിയാതെ ഒരു കത്തെഴുതി അയച്ചു അനൂപിന്.  പിറ്റേന്ന് കാറിന്റെ ഹോൺ കേട്ടപ്പോൾ ഓടി ഗേറ്റിനടുത്തു പോയി നിന്നു. അവൻ പതിവുപോലെ മനുഷ്യനെ കൊല്ലുന്ന ചിരിയുമായി നോക്കി നോക്കി പോയി.  അങ്ങനെ പതുക്കെ പതുക്കെ മനസ്സിൽ നിന്നു അവള് ആ പ്രണയം കരിച്ചു കളഞ്ഞു. കുറച്ചു കൂടി പാകത വന്നപ്പോൾ,  അതോർത്തു നാണക്കേട് എന്ന് വിചാരിച്ചു.
കാലങ്ങൾക്കു ശേഷം വിവാഹം കഴിഞ്ഞു ഭർത്താവിന്റെ കൂടി ബൈക്കിൽ പറ്റിപിടിച്ചിരുന്നു പോകുമ്പോൾ അനൂപിനെ വഴിയിൽ ഒന്നും കാണരുത് എന്ന് ആശിച്ചു.. താൻ എഴുതിയ കത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ,  അയാള് അതുമായി തന്റെ വിവാഹ ജീവിതം തകർത്താലോ എന്നൊക്കെ ചിന്തിച്ചു..

വർഷങ്ങൾ ഒരു പാട് കഴിഞ്ഞു പോയി. മനസ്സിൽ നിന്നു അങ്ങനെ ഒരാളെ മുഴുവനായും തുടച്ചു മാറ്റി.. അമ്മുവിന്റെ ഫോൺ വീണ്ടും ഇന്ന് മുഴുവൻ അനൂപിന്റെ ആ ചിരി മനസ്സിൽ നിറച്ചു.  എന്നിട്ടും അവളുടെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.. ഇതു പുതിയ തലമുറ ആണ്. പ്രണയം നഷ്ടപ്പെട്ടാൽ കാമുകിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന കാമുകന്മാരുള്ള തലമുറ. തനിക്കു കിട്ടാതെ പോയാൽ  തടസ്സം ആയാൽ വെട്ടി മാറ്റുന്ന കാമുകന്മാരുടെ നാട്.. അപ്പോൾ തന്റെ ഒരു ശത്രു ഇല്ലാതായി എന്ന് മനസ്സിനെ പറഞ്ഞു പഠിക്കാൻ അവളും തീരുമാനം എടുത്തു..

Saturday, September 29, 2018

എന്റെ വാഹന പരീക്ഷണങ്ങൾ

പണ്ടേ തൊട്ടു എനിക്കു എല്ലാത്തിനും ഭയമായിരുന്നു.  അപരിചിതരുടെ മുന്നിൽ പോകാൻ ഭയം,  സൈക്കിൾ ചവിട്ടാൻ ഭയം, നീന്താൻ ഭയം.  ഭയത്തിന്റെ ഒരു കൂട്ടിനുള്ളിൽ ഞാൻ എന്റേതായ ജീവിതം ജീവിച്ചു പോന്നു
അച്ഛൻ നാട്ടിൽ വരുമ്പോളാണ് നീന്തൽ പഠിപ്പിക്കൽ മഹാമഹം.  അങ്ങ് റാസ് അൽ ഖൈമയിൽ ബീച്ചിൽ സായിപ്പന്മാർ മക്കളെ നീന്തൽ പഠിപ്പിക്കുന്നത് കണ്ടു ലഹരി പിടിച്ച അച്ഛൻ നാട്ടിൽ വന്നാൽ മൂന്ന് വയസ്സ് മാത്രം ഉള്ള എന്റെ അനിയനെയും എന്നെയും തറവാട്ടിലെ കുളത്തിൽ നിർദാക്ഷിണ്യം വലിച്ചെറിയുക പതിവായിരുന്നു .  വായിലും മൂക്കിലും ഒക്കെ വെള്ളം കയറി കാലൻ വെള്ളത്തിന്റെ അടിയിൽ നിന്നു തന്നെ  ടിക്കറ്റും വിസയും തന്ന് കൂട്ടി കൊണ്ടു പോകും എന്നു തോന്നുമായിരുന്നു.

സായിപ്പന്മാരുടെ കുഞ്ഞുങ്ങളെ വെച്ച് നോക്കുമ്പോൾ സ്വന്തം പ്രൊഡക്ഷൻ പോരെന്നു തോന്നി കലി കയറിയ അച്ഛന്റെ കൈ വിരലുകൾ ഞങ്ങളുടെ ദേഹത്ത് പതിഞ്ഞു കിടക്കും.  ഉറങ്ങാൻ കിടക്കുമ്പോൾ പ്രാർത്ഥിക്കും ഈശ്വരാ ഈ മനുഷ്യൻ പെട്ടെന്ന് തിരിച്ചു പോണേ എന്നു. അന്നു ഉള്ളിൽ കയറിയ പേടി എന്ത്‌ ചെയ്യുമ്പോളും എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.
എന്റെ ഏതോ പിറന്നാളിന് അച്ഛൻ ഒരു സൈക്കിൾ വാങ്ങി തന്നു . ക്ഷമയുടെ മൂർത്തീഭാവമായതു കൊണ്ടു ഒരാഴ്ചക്കുള്ളിൽ ഞാൻ സൈക്കിൾ കൊണ്ടു റേസ് ചെയ്യും എന്നു മോഹിച്ചു അച്ഛൻ.  അപ്പോളും കിട്ടി എന്റെ ഷെയർ. തറവാട്ടിലെ ആദ്യത്തെ കണ്മണി ആയതു കൊണ്ടും,   ഇളയച്ഛന്മാർ എട്ടു പേര് ഉള്ളത് കൊണ്ടും ഊഴം വെച്ച് പലരും എന്നെ സൈക്കിൾ പഠിപ്പിക്കാൻ ഉള്ള ദൗത്യം ഏറ്റെടുത്തു . ഓരോരുത്തരായി തോറ്റു മടങ്ങുന്നത് കണ്ടു ഞാൻ ചിരിച്ചു.  നമ്മളോടാണോ കളി എന്നോർത്തു  .  അവർ ഓരോരുത്തരും സ്വന്തം ശാസ്ത്രം പഠിപ്പിച്ചു ഞാൻ എന്റേതായ സൈക്കിൾ ശാസ്ത്രം പിന്തുടർന്നു.  സൈക്കിളിൽ  ഉള്ള ബലം മുഴുവൻ എടുത്തു ഞാൻ അള്ളി പിടിച്ചിരിക്കും   ഉന്തി നടന്നു എന്റെ ട്രൈനെർമാർ തളരും.  ഒരിക്കൽ ഒരുപാട്  ക്ഷമയുള്ള ശക്തി പാപ്പൻ എന്നു ഞാൻ വിളിക്കുന്ന എന്റെ ട്രൈനെർ ക്ഷമയുടെ നെല്ലിപ്പടിയും അതിനപ്പുറത്തെ പടിയും കണ്ടു കൈതകൂട്ടിലിലേക്ക് എന്നെ തള്ളി വിട്ടു ആ ജോലി രാജി വെച്ചു പോയി.
ഇതൊന്നും നമ്മുക്ക് പറ്റിയ പണിയല്ല എന്നോർത്തു ഞാനും വിരമിച്ചു. പിന്നെ കോളേജിൽ പോയി തുടങ്ങിയപ്പോൾ ആണ് വീണ്ടും ആ മോഹം തല പൊക്കുന്നതു . എന്നേക്കാൾ അഞ്ചു വയസ്സ് താഴെയുള്ള അനിയൻ ആ ദൗത്യം ഏറ്റെടുത്തു. അവസാനം അച്ഛന്റെ ടു വീലർ വരെ എത്തിയതാ .അപ്പോളേക്കും എന്റെ ഡ്രൈവിംഗ് കൊണ്ടു റോഡിൽ പോകുന്ന നിഷ്കളങ്ക മനുഷ്യരെ ഓർത്തിട്ടോ എന്തോ അവനും പാതി വഴിയിൽ ഉപേക്ഷിച്ചു.
കുറെ വർഷങ്ങൾ കടന്നു പോയി ദുബൈയിൽ വന്നപ്പോൾ ഭർത്താവിന്റെ കാർ ഉള്ളത് കൊണ്ട്‌ ഡ്രൈവിംഗ് മോഹം തല പൊക്കിയില്ല . പിന്നെ പെണ്ണുങ്ങൾ ഓടിച്ചു പോണത് കണ്ടപ്പോൾ,  ഷോപ്പിംഗിനു പോണം എന്നു ആശിച്ച സ്ഥലത്തു ഭർത്താവ് കൊണ്ടു പോവാത്ത നിരാശ ഒക്കെ വന്നപ്പോൾ ഇടക്കൊക്കെ മോഹം തോന്നി.
ഇപ്പോൾ എന്റെ മോന് പതിനെട്ടു വയസ്സായി , ഇനി അവൻ വന്നു ലൈസെൻസ് എടുക്കും മുന്ന് എടുത്തിട്ടേ ഉള്ളൂ എന്നു പറഞ്ഞു ഡ്രൈവിങ്ങിനു ചേർന്നു. അങ്ങനെ രണ്ടും കല്പ്പിച്ചു ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു .
ആദ്യത്തെ ദിവസം ഒരു പാകിസ്താനി ഡ്രൈവർ ആയിരുന്നു പഠിപ്പിക്കാൻ വന്നത് .  സുമുഖനായ അയാളുടെ മുഖം ഇടയ്ക്കിടെ ദേഷ്യം വന്നു ചുവന്നു .കാരണം നമ്മള് ഭയങ്കര അനുസരണ അല്ലേ . സ്റ്റീയറിങ്ങിൽ പൂ പോലെ പിടിക്കാൻ പറഞ്ഞപ്പോൾ.  പൂ പറിക്കാൻ എന്ന പോലെ ഞാൻ അതിനെ ഞെക്കി പിടിച്ചു വലിച്ചു.  ഇടത്തോട്ട് പോകാൻ പറഞ്ഞപ്പോൾ വലത്തോട്ട് പോയി . അവസാനം അയാളെന്നെ തലയിൽ നിന്നു ഒഴിവാക്കാൻ വേറെ സ്ഥലത്തേക്ക് പറഞ്ഞു വിട്ടു.
കലക്കി  .തിമിർത്തു എന്നു പറയുന്ന നടനെ പോലെ മലയാളി ആയ വേറൊരു ഡ്രൈവർ.  ആദ്യം തന്നെ അയാളെന്നെ പരിഹസിച്ചു.  ഇത്ര പ്രായം ആയിട്ടാണോ ഡ്രൈവിംഗ് പഠിക്കാൻ തോന്നിയെ എന്നു . സൈഡിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾ ഇടിച്ചു തെറുപ്പിക്കും എന്ന പോലെ ഞാൻ ഒരു സൈഡിലേക്ക് ബലം പിടിച്ചു പോകുമ്പോൾ , അയാളെന്നെ നിരുത്സാഹപെടുത്തി കൊണ്ടിരുന്നു   ഇങ്ങനെ ആയാൽ അടുത്തൊന്നും ലൈസെൻസ് കിട്ടില്ല എന്നു പറഞ്ഞു . ശ്രീനിവാസന്റെ തലയിണമന്ത്രത്തിലെ ഡയലോഗ് മാത്രം പറഞ്ഞില്ല " ഇത്ര ബുദ്ധിയില്ലാത്ത മനുഷ്യനെ ഞാൻ കണ്ടിട്ടില്ല " എന്നു ചിലപ്പോൾ അയാൾ ഉള്ളിൽ ഓർത്തു കാണും .
അവസാന ദിവസത്തെ ക്ലാസ്സിൽ ഞാൻ വലിയ കുഴപ്പം കാണിക്കാതെ ഡ്രൈവ് ചെയ്തു. പിന്നെ പാർക്കിംഗ് ക്ലാസുകൾ ആയിരുന്നു. പാർക്കിംഗ് പുറത്തു പോകാതെ ഡ്രൈവിംഗ് സെന്ററിന്റെ ഉള്ളിൽ തന്നെ ആയിരുന്നു.  ആ ട്രൈനെർ ശാന്ത സ്വഭാവമുള്ള ഒരാള് ആയിരുന്നു.  അയാള് അയാളുടെ പണി ചെയ്തു . കുറെ തവണ പാർക്കിംഗ് ഒക്കെ ചെയ്തു പഠിച്ചു . ഓരോ പോളിനെ ആധാരമാക്കി ആണ് പഠിപ്പിച്ചേ.  പോളിന്റെ അറ്റം കാണുമ്പോൾ ഇത്ര സ്റ്റിയറിംഗ് തിരിക്കണം   . പിന്നെ പാർക്കിംഗ് ടെസ്റ്റ്‌ ആയിരുന്നു.  ആദ്യം അല്പം ആത്മവിശ്വാസം തോന്നിയെങ്കിലും ഇൻസ്‌പെക്ടർ കാറിൽ കയറിയപ്പോൾ എന്റെ ഹൃദയം മിടിക്കുന്നതു അയാള് പോലും കേട്ടു കാണും.  വലിയ കണക്കു കൂട്ടലിൽ ആയിരുന്നു ഞാൻ . പക്ഷെ അയാള് സ്റ്റിയറിംഗ് പിടിച്ചു രണ്ടു തിരി, അതോടെ എന്റെ കണക്കു പിഴച്ചു. അപ്പോളാണ് എനിക്കു വെളിപാട് ഉണ്ടായതു,  ഞാൻ പഠിക്കുന്ന സമയം ഒക്കെയും വണ്ടി നിയന്ത്രിച്ചത് എന്റെ ട്രൈനെർ ആയിരുന്നു എന്നത് . വളരെ പതുക്കെ ചെയ്യേണ്ട കാര്യം തിക്കും തിരക്കും കൂട്ടി എന്തൊക്കെയോ ചെയ്തു   ഒന്ന് തെറ്റിയപ്പോൾ ബാക്കി എല്ലാം ആരോടാ ദേഷ്യം തീർക്കുന്ന പൊലെ ചെയ്തു.  തോറ്റു തുന്നം പാടി അടുത്ത ടെസ്റ്റിന്റെ ഡേറ്റ് എടുത്തു   കുറെ പൈസ പൊടിച്ചു പുറത്തു ഇറങ്ങി.

അടുത്ത ടെസ്റ്റിന് ഒരു ലേഡി ആയിരുന്നു ഇൻസ്‌പെക്ടർ,  മൂന്നെണ്ണം ചെയ്തതിൽ വീണ്ടും രണ്ടെണ്ണം പോയി . അങ്ങനെ മൂന്നാമത്തെ പ്രാവശ്യം,  വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ഇരുന്നു എങ്കിലും എല്ലാം കിട്ടി . ഇനി അടുത്ത കടമ്പ.
അതിനു മുന്ന് പഠിച്ചതൊക്കെ മറന്ന പോലെ ആയിരുന്നു. അതുകൊണ്ട് കുറച്ചു ക്ലാസ്സ്‌ കൂടെ എടുത്തു.  പണ്ടത്തെ ചങ്കരൻ തെങ്ങിൽ തന്നെ എന്ന് പറഞ്ഞ പോലെ ഞാൻ എന്റെ കലാപരിപാടികൾ പുറത്തെടുത്തു.  അപ്പോൾ എന്റെ ഗുരു പറഞ്ഞു  , ടെസ്റ്റ്‌ കൊടുക്കാറായില്ല എന്നു.  പക്ഷെ എന്റെ ആത്മവിശ്വാസ കൂടുതൽ കൊണ്ട്‌ ടെസ്റ്റ്‌  എടുത്തു വെച്ചിരുന്നു .
വീണ്ടും വലിയ മിറക്കിൾ  ഒന്നും നടന്നില്ല.  വണ്ടിയിൽ മൂന്ന് പേരെ കയറ്റി കൊണ്ട്‌ പോയി. അതിൽ ഒരാൾ അഞ്ചാമത്തെ ടെസ്റ്റ്‌ പോയി വീണ്ടും വന്നതാ.  അവര് വലിയ കുഴപ്പം ഒന്നും ഇല്ലാതെ ഓടിപ്പിച്ചു,  പിന്നെ ആദ്യം ടെസ്റ്റ്‌ കൊടുക്കുന്ന വേറെ ഒരു പെൺകുട്ടി എടുത്തു. ആളു എന്റെ ലെവലിൽ തന്നെ ഓടിപ്പിച്ചു. അവസാനം എന്റെ ഊഴം ആയിരുന്നു. അങ്ങനെ അതും പോയി . ഇനി കുറച്ചു നന്നായി പഠിച്ചു വേണം ടെസ്റ്റ്‌ കൊടുക്കാൻ എന്നു നിശ്ചയിച്ചു.
അങ്ങനെ അവസാനം ഫൈനൽ ടെസ്റ്റിന് ഡേറ്റ് എടുത്തു . ആദ്യത്തെ ടെസ്റ്റിൽ കിട്ടില്ല എന്ന് എല്ലാവരും പോസിറ്റീവ് ആയി പറഞ്ഞ കാരണം   ഞാനും ഭയങ്കര പോസിറ്റീവ് ആയി . എന്തായാലും അന്ന് ഞാൻ എന്റെ സൈഡിൽ നിന്നു നോക്കുമ്പോൾ അടിപൊളി ആയി ഡ്രൈവ് ചെയ്തു .ഇൻസ്‌പെക്ടർ ആണേൽ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൈയിൽ ഉള്ള ടാബിൽ എന്തോ ചെയ്യുന്നു . എല്ലാം കഴിഞ്ഞു ഇറങ്ങി,  വെയ്റ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ ഒരു പ്രതീക്ഷ തോന്നി. പക്ഷെ അവര് തന്ന പേപ്പറിൽ മൂന്നാലു വലിയ മിസ്റ്റേക്ക് പിന്നെ പത്തു പതിമൂന്നു കുട്ടി മിസ്റ്റേക്ക്.  ഇതൊക്കെ ആയിരുന്നോ ടാബിൽ അവര് കുത്തി കുറിച്ചിരുന്നത് . അങ്ങനെ ആയുധം വെച്ചു പരാജിതനായ യോദ്ധാവിനെ പോലെ അടുത്ത യുദ്ധത്തിന് നാള് കുറിച്ചു മടങ്ങി പോന്നു.
നാട്ടിൽ അവധിക്കു പോകാൻ ദിവസങ്ങൾ കൂടി മാത്രം  ഈ പ്രാവശ്യം കൂടി ലൈസൻസ് കിട്ടിയില്ലെങ്കിൽ പിന്നെ രണ്ടു മാസം വെക്കേഷൻ കഴിഞ്ഞു വരുമ്പോളേക്കും ആദ്യം പൂജ്യം തുടങ്ങേണ്ടി വരുമോ എന്നൊരു ഭയം ഉണ്ടായിരുന്നു . ഈ പ്രാവശ്യം രണ്ടാമത്തെ ഊഴം ആണ് എനിക്ക് കിട്ടിയത് .ഇൻസ്‌പെക്ടർ ആണെങ്കിൽ എപ്പോളും ഒച്ച വെച്ചു കൊണ്ടിരിക്കുന്നു   തീരെ പ്രതീക്ഷ ഇല്ലാതെ അവര് പറയുന്നത് പോലെ ചെയ്യുമ്പോളും മനസ്സിൽ അടുത്ത ടെസ്റ്റ് നാട്ടിൽ പോകുന്നതിനു മുന്നേ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് ആധി പിടിക്കുക ആയിരുന്നു . വണ്ടി തിരിച്ചു കൊണ്ടിട്ടപ്പോൾ അവര് എന്തോ പറഞ്ഞു . കുറച്ചു കൂടി പ്രാക്ടീസ് വേണം പക്ഷെ പാസ്സായി എന്നോ മറ്റോ കേട്ട പോലെ. കൂടെ ഉണ്ടായിരുന്നവർ ഒരു ശത്രുവിനെ പോലെ എന്നെ നോക്കുന്നു .ഒന്നും പിടികിട്ടിയില്ല . വെയിറ്റ് ചെയ്തിരിക്കുമ്പോൾ മനസ്സിൽ ആശങ്കയുണ്ടായിരുന്നു   . പക്ഷെ അവസാനം ഞാൻ പാസ്സായി . ലൈസൻസ് കൈയിൽ വാങ്ങി ലോകം കൈയടക്കിയ ഭാവത്തോടെ തിരിച്ചു പോന്നു . അറിഞ്ഞവർ എല്ലാം അനുമോദിച്ചു .
അങ്ങനെ നാട്ടിൽ പോയി തിരിച്ചു എത്തി.  ഇനി എന്റെ വാഹന  പരീക്ഷണങ്ങൾ തുടരും.. .
.

Thursday, March 29, 2018

ആടിയുലഞ്ഞ മനസ്സ്

പഴുത്ത ഇലകൾ വീണു കിടന്നിരുന്ന ആ വലിയ മരത്തിന്റെ ചുവട്ടിൽ ഇരുന്നു സ്വയം ആ ലോകത്തു നിന്നു അപ്രത്യക്ഷമാകുന്ന പോലെ സങ്കൽപ്പിച്ചു  ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചു. കൊടുംകാറ്റു പൊലെ എന്റെ വേരുകൾ കൂടി പിഴുതെറിഞ്ഞു കൊണ്ടും   ഇളം കാറ്റു പോലെ തഴുകി ആശ്വസിപ്പിച്ചും ഒരുപാട് അനുഭവങ്ങൾ.
പലപ്പോളായി ലാവ പൊലെ ഉരുകിയൊലിച്ച എന്റെ മാത്രമായ സങ്കടങ്ങൾ മനസ്സിൽ പലപ്പോളായി മനസ്സിൽ അടിഞ്ഞു കൂടി. എപ്പോളൊക്കേയൊ മനസ്സ് എന്റെ പിടിയിൽ നിന്നു കൈ വിട്ടുപോയി. പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല,  സമാധാനിപ്പിക്കാനും . അതുകൊണ്ട് ഞാൻ ദൈവത്തെ എന്റെ കൂട്ടാക്കി .  ചിലപ്പോൾ കൃഷ്ണനായും , ചിലപ്പോൾ ദേവി ആയും അവർ എന്റെ സങ്കടങ്ങൾ കേട്ടു. എന്റെ പരാതികൾ കേട്ടു അവർ പറയും " വിഷമിക്കണ്ട മോളെ   ഞങ്ങൾ കൂടെ തന്നെ ഉണ്ട് ".  അങ്ങനെ മനസ്സ് താളം തെറ്റാതെ കൊണ്ട്‌ നടന്നു.
മനസ്സ് താളം തെറ്റിയ ചില മുഖങ്ങൾ മനസ്സിലേക്ക് കടന്നു വന്നു   . പണ്ട് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു 'പട്ടാണി ഐശു ' എന്നു എല്ലാരും വിളിച്ചിരുന്ന വൃദ്ധയായ ഒരു സ്ത്രീ ഉണ്ടായിരുന്നു.  നട്ടെല്ല് അല്പം വളഞ്ഞു,  എപ്പോളും പിറുപിറുത്തു കൊണ്ടു ചുള്ളിയും കമ്പും പെറുക്കി അവർ അവരുടേതായ ലോകത്തു സന്തുഷ്ടയായി നടന്നു. എങ്ങനെ ആയിരിക്കും അവരുടെ മനസ്സ് കൈവിട്ടു പോയത്.  ഒരുപാട് സ്നേഹിച്ച ആരെങ്കിലും ഉപേക്ഷിച്ചു പോയതാണോ,  ഇല്ലെങ്കിൽ മനസ്സിന് താങ്ങാൻ പറ്റാത്ത വല്ലതും സംഭവിച്ചു കാണും.  ഒരു അടച്ചുറപ്പും ഇല്ലാത്ത ചെറ്റ കുടിലിൽ അവർ ഒറ്റയ്ക്ക് ജീവിച്ചു പോന്നു.  ആരെയും ഉപദ്രവിക്കുന്ന പ്രകൃതം ആയിരുന്നില്ല എങ്കിലും അവർ അടുത്തു എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ പേടിച്ചു മാറുമായിരുന്നു .
വേറെ ഓർമയിൽ തെളിയുന്ന മുഖം സ്കൂളിലിനടുത്തുള്ള ആളില്ലാത്ത പീടിക തിണ്ണയിൽ മുഷിഞ്ഞുലഞ്ഞ ഉടുപ്പും ജഡ കെട്ടിയ മുടിയുമായി ' ദേവൂട്ടി '.  25-30 വയസ്സ് പ്രായം തോന്നുന്ന കാണാൻ സാധാരണ ഒരു സ്ത്രീ   ആദ്യം കാണുമ്പോൾ അവരുടെ ഒക്കത്തു ഒരു കുട്ടിയുണ്ടായിരുന്നു.  പാവം തോന്നി ആരെങ്കിലും ഭിക്ഷ കൊടുക്കുന്നത് കൊണ്ടു ആ കുട്ടി വളർന്നു. കുറച്ചു ആയപ്പോൾ കുട്ടിയെ ആരോ അനാഥാലയത്തിൽ ആക്കി എന്നു ആരോ പറഞ്ഞു.  പിന്നത്തെ കൊല്ലം വീണ്ടും ദേവൂട്ടിയെ കാണുമ്പോൾ അവരുടെ വയറു വീണ്ടും വീർത്തു വന്നു . കുളിക്കാതെയും നനക്കാതെയും നടക്കുന്ന,  ദുർഗന്ധം വമിക്കുന്ന ബുദ്ധിസ്ഥിരതയില്ലാത്ത ആ പാവത്തിനെയും,  ഒരു പാട് ബുദ്ധിയും സംസ്കാരസമ്പന്നർ എന്നു സ്വയം ധരിക്കുന്ന പകൽ മാന്യന്മാർ വെറുതെ വിട്ടില്ല എന്നതിന്റെ തെളിവെന്ന പൊലെ .
ഗർഭിണിയാണെന്ന് അറിഞ്ഞ മാസം മുതൽ കിടക്കയിൽ മാത്രം ചെലവഴിക്കുന്ന ഇന്നത്തെ തലമുറ,  വയറു കീറി കുഞ്ഞിന് ജന്മം നൽകുമ്പോൾ   ദേവൂട്ടി വണ്ടികൾ ചീറിപ്പായുന്ന റോഡിന്റെ സൈഡിൽ പുല്ലുകളുടെ മറയിൽ പിന്നെയും കുഞ്ഞിന് ജന്മം നൽകി  . ആ കുഞ്ഞിന് ദേവൂട്ടി പാല് കൊടുത്തു കാണുമ്പോൾ . ഇടക്കെപ്പോഴോ വിശന്നു കരയുന്ന കുഞ്ഞിന് മണ്ണും ഇഷ്ടിക പൊടിയും വെള്ളം ചേർത്തു കുഴച്ചു അവൾ ഊട്ടി.  സെറിലാക്കും,  പുഴുങ്ങിയ ഏത്തപ്പഴവും കൊടുത്തു വളർത്തിയ കുഞ്ഞുങ്ങൾ വിരശല്യം കൊണ്ടു വിളർത്തു വന്നപ്പോൾ    ദേവുട്ടിയുടെ മകൻ പൂർണാരോഗ്യവാനായി തന്റെ അമ്മയുടെ വിരൽ പിടിച്ചു നടക്കുന്നത് മറ്റു അമ്മമാർ ആശ്ചര്യത്തോടെ നോക്കി കണ്ടു .
ഇടയ്ക്കു തോന്നും മനസ്സിന്റെ സ്ഥിരതയില്ലായ്മ ഒരു അനുഗ്രഹമാണെന്നു.  അവർ ചുറ്റും നടക്കുന്നത് അറിയുന്നില്ലാലോ.  ശരീരം നൊന്താലും അവരുടെ മനസ്സ് നൂല് പൊട്ടിയ പട്ടം പൊലെ പാറി നടന്നു അതുകൊണ്ട് തന്നെ അവർ ഒന്നിനെ പറ്റിയും പേടിച്ചില്ല , മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്നു ഉത്ക്കണ്ഠപ്പെട്ടില്ല .
ബോധത്തിന്റെയും ഉന്മാദത്തിന്റെയും ഇടയിലെ നൂൽപ്പാലത്തിലൂടെ പലപ്പോളും വിറക്കുന്ന കാലുകളോടെ ഞാൻ നടന്നു നീങ്ങി.  ഈ ലോകത്തിലെ ഏറ്റവും നിർഭാഗ്യവതി ഞാൻ ആണെന്ന് തോന്നി,  ആരും എന്നെ സ്നേഹിക്കുന്നില്ല എന്നു തോന്നി. പലപ്പോളായി മനസ്സിൽ കട്ടകൂടിയ ലാവ ഇടക്കു ഉരുകിയൊലിച്ചു എന്റെ കണ്ണീരായി.  രാത്രികളിൽ എന്റെ തലയിണകൾ കണ്ണുനീരിൽ കുതിർന്നു .
ഡിപ്രെഷൻ എന്ന ആ അഗാധ ഗർത്തത്തിന്റെ വക്കിൽ നിന്നു എന്നെ അനുനയിപ്പിച്ചു കൂടെ കൊണ്ടു വന്നത് അവന്റെ സ്നേഹം ആയിരുന്നു.  അനാവശ്യമായ എന്റെ ദേഷ്യവും , വാശികളും , സംശയവും അവൻ സഹിച്ചു. ഇടക്കെല്ലാം ഞാൻ അതിരുവിടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയതും സംതൃപ്തിയോടെ ഞാൻ നോക്കിയിരുന്നു.
ഒരു പക്ഷെ പണ്ടേ തൊട്ടു ഞാൻ എല്ലാം പറയുന്ന എന്റെ ദൈവങ്ങൾ പറഞ്ഞു വിട്ടതാകാം അവനെ എന്റെ അടുത്തേക്ക്.  ഉന്മാദത്തിന്റെ പിടിയിൽ നിന്നു എന്നെ മോചിപ്പിച്ചു ഒരുപാടു കാലം സാധാരണ സ്ത്രീ ജന്മം ജീവിച്ചു തീർക്കാൻ... 


Thursday, March 22, 2018

യോദ്ധാവിന്റെ തോൽവി

ഒരു ലക്ഷ്യബോധവും ഇല്ലാതെ അവൻ നടന്നു. ചെരുപ്പിടാതെ കാലിൽ കൂർത്ത കല്ലുകൾ തട്ടി ചോര പൊടിയുന്നത് അവൻ അറിഞ്ഞില്ല. നെഞ്ചിലെ നീറ്റൽ അതിലും ഒരുപാട് അധികം ആയിരുന്നു.
ഓർമ്മ വെച്ച നാൾ മുതൽ അമ്മയുടെ കണ്ണുകൾ കലങ്ങിയെ അവൻ കണ്ടിട്ടുള്ളൂ . അതു പോലെ അച്ഛൻ എന്നു വിളിക്കുന്ന ആ മനുഷ്യൻ സത്യത്തിൽ തന്റെ അച്ഛൻ തന്നെ ആണോ എന്നു പോലും ചിന്തിച്ചിരുന്നു.  ഒരിക്കൽ പോലും വാത്സല്യത്തോടെ ഒരു തലോടൽ, എന്തിനു ഒരു നോട്ടം പോലും അയാളിൽ നിന്നു ഒരിക്കൽ പോലും ഉണ്ടായിട്ടില്ല
എന്തിനും ഏതിനും കുത്തുവാക്കുകൾ   ഒടിഞ്ഞു തീർന്ന ചൂരലുകൾ എണ്ണം കൂടും തോറും മനസ്സിൽ ഒരു മൃഗം ചങ്ങല പൊട്ടിക്കാൻ വെമ്പും പോലെ തോന്നി. കൂട്ടുകാരുമായി കളിക്കാൻ പോയാൽ,  പോകാതെ വീട്ടിലിരുന്നു പഠിച്ചാൽ  ഉറക്കെ ചിരിച്ചാൽ,  ഏതിനെന്നും എന്തിനെന്നും അറിയാത്ത ചൂരലിന്റെ നീറ്റൽ ആദ്യം ആദ്യം അവനെ കരയിപ്പിച്ചിരുന്നു.  പിന്നീട് ആ വേദന അവഗണിച്ചു കണ്ണിൽ പ്രതിക്ഷേധവുമായി അവൻ എല്ലാ തല്ലും നിന്നു കൊള്ളും. ഒന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്നു അമ്മയുടെ മുഖം മാത്രം ഒരു വിങ്ങലായി ഉള്ളിൽ കിടന്നു .
തനിക്കു കൂട്ടായി ഒരു അനിയത്തി കുട്ടി വന്നപ്പോൾ അവൻ സന്തോഷിച്ചു. അവളോടെങ്കിലും അയാൾ സ്നേഹം കാണിക്കുമെന്ന് പ്രതീക്ഷിച്ചു.  പക്ഷെ അവൾ വളർന്നു,  എന്നിട്ടും അച്ഛന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും കണ്ടില്ല. അമ്മ ദിവസം കഴിയും തോറും വിളർത്തു വന്നു.
നന്നായി പഠിച്ചു അമ്മയെയും അനിയത്തി കുട്ടിയേയും കൊണ്ടു ദൂരെ എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കണം എന്നു മനസ്സിൽ ഉറച്ചു . സമ പ്രായത്തിൽ എല്ലാവരും ആവശ്യമുള്ളതൊക്കെ പൈസ കൊടുത്തു വാങ്ങുമ്പോൾ ,  അവൻ ഓരോ പൈസയും കൂട്ടി വെച്ചു,  തന്റെ ഭാവി സ്വപ്നങ്ങൾക്ക് നിറം നൽകാൻ. കൗമാര സ്വപ്‌നങ്ങൾ അവന്റെ മനസ്സിൽ കൂട് കൂട്ടാതെ മാറി നടന്നു. ഓരോ പെൺകുട്ടിക്കും തന്റെ അമ്മയുടെ നിസ്സഹായ മുഖം ആണെന്ന് അവന് തോന്നി.
പത്താം ക്ലാസ്സിൽ ആയി . ശിവൻ മാഷ് അവനോടു പറഞ്ഞു " മനസ്സ് ഏകാഗ്രമാക്കി പഠിച്ചാൽ നീ ആവും ഈ സ്കൂളിൽ ഒന്നാമൻ". സ്വസ്ഥമായി ഇരുന്നു പഠിക്കാൻ ഒരു മുറി പോട്ടെ ഒരു മേശയും കസേരയും പോലും ഇല്ലായിരുന്നു. എല്ലാവരും ഉറങ്ങുമ്പോൾ അരണ്ട വെളിച്ചത്തിൽ പഠിക്കാനിരിക്കും.  ചിലപ്പോൾ ലഹരി വിട്ടു ഉണരുന്ന അച്ഛന്റെ അലർച്ച കേൾക്കാം "കറണ്ടിന്റെ കാശു കൊടുക്കാൻ നിന്റെ അപ്പൻ സമ്പാദിച്ചു കൂട്ടുന്നുണ്ടല്ലോ ?" അതു കേൾക്കുമ്പോൾ ബാക്കി കേൾക്കാൻ അറക്കുന്ന പദങ്ങൾ കേൾക്കാതിരിക്കാൻ മനസ്സില്ലാമനസ്സോടെ വിളക്കണക്കും. അയാൾ എന്നും മോന്തുന്ന ലഹരിയിൽ വിഷം വല്ലതും ചേർത്തു അയാളെ ഇല്ലാതാക്കിയാലോ എന്നു പോലും ചിന്തിച്ചു .
എപ്പോളും നിറയുന്ന അമ്മയുടെ കണ്ണുകളും , വിലങ്ങു വെച്ചു കൊണ്ടു പോകുന്ന പോലീസും , ഒരിക്കലും നടക്കാതെ പോകുന്ന ഭാവി സ്വപ്നങ്ങളും അവനെ നിസ്സഹായനാക്കി. സ്റ്റഡി ലീവിന് എല്ലാരും ഇരുന്നു പഠിക്കുമ്പോൾ അവന് അച്ഛൻ ഇല്ലാത്ത സമയം മാത്രമേ പഠിക്കാൻ കിട്ടിയിരുന്നുള്ളൂ .വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛൻ എന്തിനാണ് എല്ലാം ഇട്ടെറിഞ്ഞു പോന്നത് എന്നു അവന് ചിന്തിച്ചു. ജോലിയില്ലാതെ കൈയിൽ പൈസ ഇല്ലാതെ ആയതോടെ ആണ് അച്ഛൻ ഇങ്ങനെ ആയി തീർന്നതെന്നു അമ്മ ന്യായീകരിച്ചു .  എന്തിനാ ആ ദേഷ്യം ഒന്നും അറിയാത്ത മക്കളുടെ മേലെ തീർക്കുന്നതെന്ന് അവനു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
പരീക്ഷയുടെ രണ്ടു ദിവസം മുന്ന് അയാൾ പതിവിലും കലി തുള്ളിയാണ് എത്തിയത്.  "കടയിൽ പോയി സിഗരറ്റ് വാങ്ങി കൊണ്ടു വാടാ " എന്നലർച്ച കേട്ടു.  പുസ്തകം മടക്കി വെക്കുന്നതിനിടെ അച്ഛൻ മുറിയിലേക്ക് വന്നു.  "ചെവി കേട്ടു കൂടെടാ നായെ " എന്നു അലറി കൊണ്ടു ആദ്യത്തെ അടി ചെവിക്കു തന്നെ വീണു. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി.
"അവന്റെ ഒരു പഠിപ്പു" എന്നും പറഞ്ഞു കൈയിൽ കിട്ടിയ പുസ്തകങ്ങൾ വാരിയെടുത്തു പുറത്തേക്കു പാഞ്ഞു    കരഞ്ഞു കൊണ്ടു അമ്മ പിന്നാലെ . അവന് പുറത്തേക്കു വന്നപ്പോളേക്കും ആളുന്ന തീയിൽ പുസ്തകങ്ങൾ പാതിയിലേറെ കത്തി കഴിഞ്ഞിരുന്നു.
ഒന്നും ഓർത്തില്ല,  വേലിക്കലെ ശീമ കൊന്ന ഒടിച്ചെടുത്തു അയാളുടെ പുറത്തു ഒന്ന് കൊടുത്തു .
മദം പൊട്ടിയ ആനയെ പോലെ പല്ലിറുമ്പികൊണ്ടു അയാൾ അവനു നേരെ തിരിഞ്ഞു . കൈയിലെ വടി വാങ്ങി അതു ചിന്നി ചിതറും വരെ അവന്റെ ദേഹത്ത് വീണു കൊണ്ടിരുന്നു.  ഒരു തുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ ഉണ്ടായില്ല.
അന്നത്തെ ദിവസത്തിന് ശേഷം അവൻ സ്കൂളിൽ പോയില്ല  അമ്മയുടെ കണ്ണുനീരും,  മാഷിന്റെ ഉപദേശങ്ങളും ,  കൂട്ടുകാരുടെ നിര്ബന്ധവും അവനിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല.
പിന്നീടങ്ങോട്ട് ചെയ്യാൻ പാടില്ലാത്തതൊക്ക അവൻ ചെയ്തു.  അച്ഛന്റെ മുന്നിലിരുന്നു തന്നെ സിഗരറ്റ് ഊതി വിട്ടു.  എല്ലാ അടിപിടിക്കും പോയി.  മൂക്കറ്റം കള്ള് കുടിച്ചു.  അച്ഛന്റെ ശബ്ദത്തിനു മുകളിൽ അവന്റെ ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ അയാളുടെ ശബ്ദം നേർത്തു വന്നു.
ഇന്നു എന്തായിരുന്നു ഓണമോ വിഷുവോ  ?
പതിവുപോലെ നില തെറ്റി വീട്ടിൽ എത്തിയപ്പോൾ അമ്മ ഊണ് വിളമ്പുകയായിരുന്നു.  " നിന്നെ കാത്തിരിക്കുകയായിരുന്നു അച്ഛൻ,  പെട്ടെന്ന് കൈ കഴുകി വാ " അമ്മ പറഞ്ഞു.  " അച്ഛനാണത്രെ ആരുടെ അച്ഛൻ എന്നും പറഞ്ഞു പല്ലിറുമ്മി കൊണ്ടു അവൻ അകത്തേക്ക് നടന്നു.
കുറെ കഴിഞ്ഞപ്പോൾ അമ്മയുടെ നിലവിളി കേട്ടു .തന്നോടുള്ള കലി അയാൾ അമ്മയുടെ മേലെ തീർക്കുകയാണോ എന്നു തോന്നി. എന്തൊക്കെയോ വീഴുന്ന ശബ്ദം.  അവനു എണീക്കണം എന്നുണ്ട്. അനങ്ങാൻ പറ്റുന്നില്ല , കണ്ണു അടഞ്ഞു പോകുന്നു.  എത്ര നേരം അങ്ങനെ കിടന്നു എന്നു അറിയില്ല.
എണീറ്റപ്പോൾ തല പൊട്ടിത്തെറിക്കുന്ന പോലെ. പുറത്തു അലമുറയിട്ടു ആരൊക്കെയോ കരയുന്നു. വേച്ചുവേച്ചു നടന്നു സ്വീകരണ  മുറിയിലെത്തുമ്പോൾ,  വെള്ള പുതച്ചു അച്ഛന്റെ ശരീരം , ചുറ്റും ആളുകൾ , കരഞ്ഞു തളർന്നു കിടക്കുന്ന അമ്മ   തന്നെ കണ്ടതും അമ്മ തീ പാറുന്ന കണ്ണുകളോടെ അവനെ നോക്കി " ഇവനാ ഇവൻ കാരണമാ ആദ്യേഹം ഇത്ര പെട്ടെന്ന് പോയത്  ഇവനാണ് കൊന്നത് " അമ്മ അവന്റെ നേരെ കൈചൂണ്ടി .
അടുക്കളയിൽ  നിറഞ്ഞു നിൽക്കുന്ന സ്ത്രീകളെ വകഞ്ഞു മാറ്റി എങ്ങോട്ട് എന്നില്ലാതെ ഇറങ്ങി നടന്നു.  ഈ വഴി അവസാനിക്കാതെ ഭൂമിയുടെ അറ്റം വരെ നടന്നു പോകാൻ തോന്നി.  ഇത്ര നാളും യുദ്ധം ചെയ്തത് സ്വന്തം നിഴലിനോടോ? എതിരാളി വീണിട്ടും തോറ്റു പോയിരിക്കുന്നു.

Tuesday, March 13, 2018

ചുവന്ന വാക പൂക്കൾ

വാകപ്പൂക്കൾ വീണു കിടന്നിരുന്ന നിരത്തിലൂടെ അവൾ നടന്നു നീങ്ങി.  ആരൊക്കെയോ ചവിട്ടി മെതിച്ച പൂക്കൾ ഇളം വെയിലിൽ പറ്റി കിടന്നു,  ചിറകറ്റ ശലഭങ്ങളെ പോലെ. അവളുടെ കണ്ണിൽ കണ്ണീരിന്റെ മറയായിരുന്നു . കുറ്റബോധത്തിന്റെയോ,  നിസ്സഹായതയുടെയോ നെരിപ്പോട് അവളുടെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്നു.

ആദ്യമായി ആ കലാലയത്തിൽ കാല് കുത്തിയപ്പോൾ   അവളുടെ കാലുകൾ വിറച്ചിരുന്നു.  എത്രയോ കണ്ണുകൾ തന്റെ നേരെ നീളുന്നത് അവൾ അറിഞ്ഞു.  ഓരോ ദിവസം കഴിയുന്നതോടെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു.
വേദനകൾ മാത്രമുള്ള വീട്ടിൽ നിന്നു നേരം പുലർന്നു അവിടേക്കു ഓടി അണയാൻ അവളെന്നും കൊതിച്ചു .
അവനെ ആദ്യമായി കണ്ട ദിവസം സിനിമയിൽ കാണുന്ന പോലെ മഴ പെയ്തില്ല,  പൂക്കൾ ആകാശത്തു നിന്നു പെയ്തില്ല,  അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെയും തോന്നിയില്ല.  മറിച്ചു സമരത്തിന്റെ മുൻപന്തിയിൽ നടക്കുന്ന അവനെ കാണുമ്പോൾ ഭയം കലർന്ന ഒരു അകൽച്ച ആണ് തോന്നിയത് . ഒരു ദിവസം ജൂനിയർ വിദ്യാർത്ഥിനികളെ പരിചയപ്പെടുന്ന ചടങ്ങിൽ എന്റെ എതിരെ വന്നിരുന്നപ്പോളും ആ മുഖത്തു നോക്കാതെ ഞാൻ തല കുമ്പിട്ടു ഇരുന്നു
അന്ന് അവളൊരു സിൽക്ക് പാവാട ആണ് ഇട്ടിരുന്നത്. അമ്മയുടെ പഴയ സാരി വെട്ടി തയ്ച്ചതാണ് .പുതിയ തുണി വാങ്ങാനും തയ്ക്കാനും ആരോട് പറയാൻ . പാതി ബോധത്തിൽ കയറി വരുന്ന അച്ഛനോടോ ? അതോ അവിടെയും ഇവിടെയും വീടുപണി ചെയ്തു ഓരോ ദിവസം തള്ളി നീക്കുന്ന അമ്മയോടോ ?
അന്നു അവൻ അവളോട്‌ പറഞ്ഞു "താനിതു പോലെ ഒട്ടി കിടക്കുന്ന വസ്ത്രം ധരിക്കരുത്   പലരും പല കണ്ണിലൂടെ ആണ് നോക്കുക " എനിക്കു സങ്കടം വന്നു അതു കേട്ടപ്പോൾ  .പിന്നെയും പലവട്ടം അവർ കണ്ടു മുട്ടി. ഇടനാഴികളിൽ വെച്ചും ചൂള മരങ്ങൾ തിങ്ങി നിറഞ്ഞ ക്യാമ്പസ്സിലും,  പൊടി മണം നിറഞ്ഞ ലൈബ്രറിയിൽ . അവൾക്കു വേണ്ടി അവൻ ഒരുപാട് പുസ്തകങ്ങൾ കൊണ്ട്‌ കൊടുത്തു. അവന്റെ ഉച്ച ഭക്ഷണം അവൾക്കു പങ്കിട്ടു കൊടുത്തു. ലോകത്തിലെ പല കാര്യങ്ങളും അവർ ചർച്ച ചെയ്തു.  ബസ്സു കാത്തു നിന്നു
 അവസാനം ബസ്സു നിർത്താതെ പോകുമ്പോൾ അവൻ അവളെ വീടിനടുത്തു വണ്ടിയിൽ കൊണ്ട് പോയി  .
ഒരു മാസത്തെ അവധി അടുത്തു .അവനെ ഒന്ന് കാണാൻ പോയിട്ട് ഫോൺ വിളിക്കാനോ കത്തെഴുതാനോ പറ്റാത്ത സ്ഥിതി. ശ്വാസം ഇല്ലാതെ പിന്നെയും ജീവിക്കാം എന്നു പോലും അവൾക്കു തോന്നി. വീട്ടിലെ പ്രാരാബ്ധങ്ങളും അച്ഛനും അമ്മയും തമ്മിലുള്ള വാക്കേറ്റവും ആയി ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി . "പെണ്ണേ നീ ഓർക്കുമ്പോൾ അപ്പോൾ തന്നെ ഞാൻ മുന്നിൽ വരും " എന്നു വാക്ക് പറഞ്ഞ അവനെ പിന്നെ കണ്ടില്ല  . എല്ലാ കലാലയ പ്രണയം പോലെ അതും ഒരു നേരം പോക്കാകുമോ എന്നവൾ ഭയന്നു.
അതിനിടയിൽ അവൾ പോലും അറിയാതെ അവളുടെ കല്യാണം ഉറപ്പിക്കാനുള്ള ചർച്ചകളും കേട്ടു വീട്ടിൽ . " ഇതു നടന്നു കിട്ടിയാൽ കുടുംബം രക്ഷപെട്ടു. .മൂന്ന് ബ്ലേഡ് കമ്പനി ആണ് അവർക്കു " എന്നൊക്കെ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ എവിടെയോ അപകടം മണത്തു .

പുസ്തക താളിൽ കുറിച്ചിട്ട അവന്റെ നമ്പറിൽ ടെലിഫോൺ ബൂത്തിൽ പോയി വിളിച്ചു നോക്കി .ഓരോ ബെല്ലും  അപ്പുറത്ത് മുഴങ്ങുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി കൊണ്ടിരുന്നു . ഒരു അനക്കവും ഇല്ല. കത്തെഴുതി പോസ്റ്റ്‌ ചെയ്തു  മറുപടി ഇല്ല.  രാത്രിയിൽ അവളുടെ കണ്ണീര് വീണു തലയിണ കുതിർന്നു.
ഒടുവിൽ കോളേജ് തുറന്നു.  നടന്നിട്ടും എത്താത്ത പോലെ. കുറെ പ്രതീക്ഷയോടെ കണ്ണുകൾ പരതി അവനെ കണ്ടില്ല.  കഴിയുന്നതും മറ്റാരും അറിയാതെ സൂക്ഷിച്ച ബന്ധം ആയതിനാൽ ആരോടും ചോദിക്കാൻ ധൈര്യം വന്നില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അതിനിടയിൽ അവളെ കാണാൻ ആരൊക്കെയോ വന്നു.  ഒരു യന്ത്രം പോലെ അവരുടെ മുന്നിൽ പോയി നിന്നു .  അവർക്കു വീട്ടിൽ പണിയൊക്കെ ചെയ്യുന്ന, വയസ്സായ അമ്മയെ നോക്കുന്ന ഒരു പെണ്ണ് മതിയെന്ന്.  അതുകൊണ്ട് ഇനി കോളേജിൽ പോണ്ടെന്നു അച്ഛന്റെ കല്പ്പന.  അവൻ ഒരിക്കൽ അവളോട്‌ പറഞ്ഞു " താൻ പറ്റുന്ന വരെ പഠിച്ചോ,  എന്നിട്ടു ജോലിയൊക്കെ ചെയ്തോ ..ഞാൻ നമ്മുടെ മക്കളെയും നോക്കി വീട്ടിൽ ഇരുന്നോളാം " . അതോർത്തു അവളുടെ കണ്ണു നിറഞ്ഞു.  ഒരു ജന്മത്തെ മുഴുവൻ സ്വപ്നം കണ്ടു തീർത്തിട്ട് എവിടെയോ മറഞ്ഞിരിക്കുന്ന അവനോടു ആദ്യമായി അവൾക്കു പരിഭവം തോന്നി .
കല്യാണത്തിന് കത്തു അടിച്ചപ്പോൾ അതു കൊണ്ടു കൊടുക്കാൻ എന്നു പറഞ്ഞു അവൾ കോളേജിലേക്ക് പോയി. "കല്യാണത്തിന് ചെലവ് ഉണ്ട് കേട്ടോ " എന്നു കൂട്ടുകാർ കളിയാക്കി . ഇടയ്ക്കു അവന്റെ ഒപ്പം എപ്പോഴും കാണാറുള്ള കൂട്ടുകാരനെ കണ്ടു.  അവനെ പറ്റി തിരക്കി " നീ അറിഞ്ഞില്ലേ ഒന്നും അവനു കീമോതെറാപ്പി നടന്നു കൊണ്ടിരിക്കുകയാണ് . ഞാൻ കണ്ടിരുന്നു കണ്ടാൽ സഹിക്കില്ല ..മുടിയൊക്കെ പോയി. ലാസ്റ്റ് സ്റ്റേജ് ആയതു കൊണ്ടു രക്ഷയില്ലെന്ന് " പിന്നെ എന്തൊക്കെയോ അയാൾ പറഞ്ഞു കൊണ്ടിരുന്നു. കണ്ണുകളിൽ ഇരുട്ട് കയറിയ പോലെ ചെവിയിൽ ഒരു മൂളൽ മാത്രം.  അവിടുന്നു ഓടി ഭൂമിയുടെ അറ്റം വരെ പോകാൻ അവൾ ആശിച്ചു.
അവന്റെ കൈ പിടിച്ചു നടന്ന വഴിയിലൂടെ അവൾ വേച്ചു വേച്ചു നടന്നു . ശക്തിയിൽ എന്തോ ദേഹത്ത് വന്നു ഇടിച്ചു തെറിപ്പിച്ചു.  ശരീരം മുഴുവൻ നുറുങ്ങുന്ന വേദന . പിന്നെ ഭാരമില്ലാതെ പറന്നു പോകുന്ന പോലെ  ആരൊക്കെയോ തന്റെ ശരീരം ഒരു കാറിൽ എടുത്തു കയറ്റുന്നു .
അപ്പൂപ്പൻ താടി പോലെ അവൾ പാറി നടന്നു അതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടു.  ഇനി ആരെയും പേടിക്കാതെ അവനെ കാണാൻ അവൾക്കു പോകാം . അവനെ തോൽപ്പിച്ചു എന്നു പറഞ്ഞു അവനെ ദേഷ്യം പിടിപ്പിക്കാം.  ശാന്തമായി ഉറങ്ങുന്ന പോലെ ഉള്ളത് അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അപ്പോളും അവളുടെ ശരീരത്തിൽ വാക പൂക്കൾ പറ്റി കിടന്നിരുന്നു.

Wednesday, February 28, 2018

അവൾ എന്റെ കൂട്ടുകാരി

അവൾ എന്റെ കൂട്ടുകാരി

എല്ലാവർക്കും ഓർത്തെടുക്കാൻ ഉള്ളിന്റെ ഉള്ളിൽ ഒരു ബാല്യ കാല സുഹൃത്ത് അല്ലെങ്കിൽ കളിക്കൂട്ടുകാർ കാണും. ഒരിക്കലും പിരിയില്ല എന്നു തന്നെ വിശ്വസിച്ചു,  പിന്നെ ഒരിക്കലും കാണാൻ പോലും പറ്റാതായ കൂട്ടുകാർ .
അവൾ എന്റെ കൂട്ടുകാരി ... വീട്ടുകാർ തമ്മിൽ ഉള്ള അകന്ന ഒരു ബന്ധമാണ് ഞങ്ങൾ തമ്മിൽ കുഞ്ഞിലേ തൊട്ടു കാണാനും പരിചയപ്പെടാനും ഇട ആയതു. പിന്നെ സ്കൂളിൽ നാലാം ക്ലാസ്സിൽ ഞാൻ പോയി ചേർന്നപ്പോൾ അവൾ അവിടെ ഉണ്ട്. അങ്ങനെ വീണ്ടും പരിചയം പുതുക്കി   ഞങ്ങൾ രണ്ടു പേരുടെയും അച്ചന്മാർ ഗൾഫിൽ ആയിരുന്നു . രണ്ടു കൊല്ലത്തിൽ ഒരിക്കൽ ഞങ്ങളെ തല്ലാൻ വേണ്ടി വരുന്ന പോലെ ടിക്കറ്റ് എടുത്തു വരും.  വരുമ്പോൾ മിക്കവാറും രണ്ടു നിറത്തിൽ ഒരേ പോലെ ഉടുപ്പുകൾ ഞങ്ങൾക്ക് ഉണ്ടാവും. അതൊക്കെ ഇട്ടു സ്കൂളിൽ പോകും കാണാൻ യാതൊരു സാമ്യം ഇല്ലെങ്കിലും ഇരട്ട കുട്ടികൾ ആണോ എന്നു ആരൊക്കെയോ ചോദിച്ചു.
അന്നത്തെ ഞങ്ങളുടെ സ്കൂളിലേക്ക് ഉള്ള യാത്ര സംഭവബഹുലം ആയിരുന്നു.  രണ്ടു കിലോമീറ്റർ നടത്തം ഞങ്ങൾ ആഘോഷം ആക്കി മാറ്റി   നീലത്തിന്റെ നിറമുള്ള പാവാടയും , ഒരാളെ കൂടി കയറ്റാവുന്ന വെള്ള ഷർട്ടും   ഇരു വശത്തു പിന്നിയിട്ട മുടിയിലെ നീല ശീലയും  അതായിരുന്നു അന്നത്തെ ഏറ്റവും മടുത്തു പോയ ഞങ്ങളുടെ യൂണിഫോം.
ആദ്യം ഞാൻ വീട്ടിൽ നിന്നു ഇറങ്ങും,  പിന്നെ വഴിയിൽ അവളെന്നെ കാത്തു നിക്കും.  അങ്ങനെ നാലഞ്ചു പേരുള്ള ഒരു സംഘം ആയി നടക്കും . ഇടവഴികൾ കണ്ടു പിടിച്ചു യാത്ര ചെയ്യുന്നതാണ് ഒരു ഹോബി.  അതിലെ ആയാൽ റോഡ് നമ്മുടെ സ്വന്തമായി, കൈ കോർത്തു പിടിച്ചു റോഡിനു കുറുകെ നടക്കാം.  വഴിയിൽ ആരും കാണാതെ കണ്ണി മാങ്ങ എറിഞ്ഞു വീഴ്ത്താം . കണ്ണിൽ കണ്ട പഴങ്ങൾ രുചിച്ചു നോക്കാം.  ദാഹിച്ചാൽ ഏതെ ങ്കിലും വീട്ടിൽ കയറി അവരുടെ കിണറ്റിൽ നിന്നു വെള്ളം കോരി കുടിക്കാം . വഴിയിൽ രണ്ടു മൈന ഉണ്ടോന്നു നോക്കാം ( രണ്ടു മൈനയെ കണ്ടാൽ സന്തോഷം.. ഒറ്റ മൈന ആണെങ്കിൽ ദുഃഖം എന്നാണ് ആരോ എഴുതി വെച്ചിരുന്നെ ).
മഴകാലത്തു ഞങ്ങളുടെ റോഡിൽ മുട്ടറ്റം വെള്ളം ഉണ്ടാവും , എനിക്കു ഉയരം കൂടുതൽ ആയതു കൊണ്ട്‌ എനിക്കു ചിലപ്പോൾ അരക്കൊപ്പം വെള്ളം കാണും.  ടാങ്ക് കലക്കിയ നിറത്തിൽ ആയിരുന്നു വെള്ളം,  ചില സമയത്തു കുറച്ചു വെള്ളത്തിൽ കൂടുതൽ ടാങ്ക് ഇട്ട പോലെ കുറുകിയും.  ചെരുപ്പ് അടിച്ചു ഷർട്ടിൽ ഇടയ്ക്കു ഡിസൈൻ ആയി ഓറഞ്ച് പുള്ളികൾ കൂടെ ഉണ്ടാവും .
അവളുടെ കാലിൽ വിണ്ടു പൊട്ടിയിരുന്നു അന്നൊക്കെ .. വേദന കൊണ്ട്‌ പതുക്കെ ആണ് എപ്പോളും അവൾ നടക്കുക.  ഞാൻ എപ്പോളും ഓരോ പൊട്ടത്തരം പറഞ്ഞു, അവളുടെ ചിരി കാണാൻ ഇഷ്ടപ്പെട്ടു .  എന്നോട് അല്ലാതെ വേറെ ആരോടെങ്കിലും അവൾ കൂടുതൽ സ്നേഹം കാണിച്ചാൽ എനിക്കു ആരുമില്ല എന്നു തോന്നുമായിരുന്നു .
സ്കൂളിനടുത്തുള്ള പള്ളിയിൽ പോയി ഇടക്ക് ഞങ്ങൾ മുട്ട് കുത്തി പ്രാർത്ഥിക്കാറുണ്ടായിരുന്നു.  മിക്കവാറും ഇന്നു ക്ലാസ്സിൽ ആരും ചോദ്യം ചോദിക്കല്ലേ എന്നാവും ഇടയ്ക്കു പ്രാർഥന.  പ്രസാദം പോലെ ഉരുകി അടർന്നു കിടക്കുന്ന മെഴുകുതിരി വായിൽ ഇടും.  ചോദ്യം ചോദിച്ചു ഉത്തരം കിട്ടിയില്ലെങ്കിൽ പല തരം ശിക്ഷകൾ നടപ്പിലാക്കിയിരുന്നു. സിസ്റ്ററിന്റെ ചോക്ക് പൊടി കൂട്ടി കൈയിൽ ഏറ്റവും മാംസം ഉള്ള ഭാഗം നോക്കിയുള്ള ഒരു പ്രയോഗം ഉണ്ട്   കണ്ണിലൂടെ പൊന്നീച്ച മാത്രല്ല ഡയമണ്ട് ഈച്ച പോലും പറക്കും .  ഇടക്ക് വെള്ള പേപ്പർ കൊണ്ട്‌ തൊപ്പി ഉണ്ടാക്കി ബെഞ്ചിൽ കേറ്റി നിർത്തൽ എന്നൊരു കലാപരിപാടി കൂടി ഉണ്ട്.
സ്കൂൾ വിട്ടു കഴിഞ്ഞുള്ള വീട്ടിലിലേക്കുള്ള യാത്ര കൂടുതൽ ബഹളം ആയിരിക്കും.  പെരുംതോടിന്റെ അവിടെ ഒരു അപ്പൂപ്പന്റെ പെട്ടിക്കട ഉണ്ട്.  അതാണ് ഒരു ഊർജ്ജം.  അവിടെ നിന്നു പത്തു പൈസ കൊടുത്തു ചുക്കുണ്ടയോ .. തേൻനിലാവോ.. ഗ്യാസ് മിട്ടായിയോ. .കടുത്ത റോസ് നിറത്തിൽ കപ്പലണ്ടി മിട്ടായി  .ഉപ്പിലിട്ട ലൂബിക്ക എന്നിങ്ങനെ വീട്ടിൽ ഒന്നും കാണാത്ത പല തരം പലഹാരം ചില്ലു ഭരണികളിൽ ഞങ്ങളെ മാടി വിളിക്കും .
കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അപൂർവമായി സമരം കാരണം സ്കൂൾ നേരത്തെ വിട്ടാൽ ഞാൻ അവളുടെ വീട്ടിലേക്കു പോകും . അവിടെ ഇരുന്നു ചിലപ്പോൾ വെല്ലിമ്മയുടെ (അവളുടെ അമ്മ ) മോര് കാച്ചിയതും മീൻ വറുത്തതും കൂട്ടി ചോറ് കഴിക്കും   പിന്നെ എന്റെ മനസ്സറിഞ്ഞു എന്നാ പോലെ സിനിമ കാണാമെന്നു അവൾ പറയും   അവരുടെ വീട്ടിൽ ഒരു ഷോ കേസ് നിറയെ സിനിമ കാസറ്റ് ആണ്.  അതു കാണുമ്പോൾ അവൾ എത്ര ഭാഗ്യം ചെയ്തതാണ് എന്നു എനിക്കു തോന്നും.  സിനിമ കഴിഞ്ഞു ഇടയ്ക്കു ചായയും കപ്പലണ്ടി അല്ലെങ്കിൽ അരിമണി വറുത്തതും ഒക്കെ കഴിച്ചു വീട്ടിൽ എത്തുമ്പോൾ ചിലപ്പോൾ അമ്മയുടെ വക വേദനിക്കുന്ന സ്നേഹോപഹാരം കിട്ടും.
ഒരു കൊല്ലത്തു വേറെ കാര്യപരിപാടി ഞങ്ങളുടെ അമ്പലത്തിലെ ഉത്സവം ആണ്. അതിനു പോകാൻ ചിലപ്പോൾ സ്കൂളിൽ നിന്നു കള്ളം പറഞ്ഞു പുറത്തു ചാടാൻ ധൈര്യം ഇല്ലാത്തതു കൊണ്ടു, ജയിൽ ചാടുന്ന തടവ് പുള്ളികളെ പോലെ പ്ലാൻ ഇട്ടു സാഹസികമായി ചാടി പോരും.
പിന്നെ വീട്ടിലെത്തി ഉടുപ്പൊക്കെ മാറി,  മോന്തകൊട്ടയിൽ ഒരിഞ്ചു കനത്തിൽ പൌഡർ ഒക്കെ വാരി പൂശി ഒരിറക്കം ആണ് . പ്രധാന ഉദ്ദേശം,  പൂര പറമ്പിലെ ഐസ് ആണ്.  പിന്നെ മധുരസേവ...അലുവ ..ഉഴുന്നട.. പൊരി എന്നീ വിശിഷ്ട വസ്തുക്കൾ.  അടുത്തത് വെച്ചു കെട്ടിയ കടകളിൽ പല നിറത്തിൽ സ്വർണ്ണപ്പൊട്ടുള്ള കുപ്പിവളകൾ.
വലുതാവും തോറും എല്ലാ വിനോദങ്ങളും കുറഞ്ഞു വന്നു. പത്താം ക്ലാസ്സിൽ ആയതോടെ കാലിൽ ഒരു ചങ്ങല വീണ പോലെ.  നടന്നു ആഘോഷം ആയുള്ള സ്കൂൾ പോക്ക് ഓട്ടോയിൽ തിങ്ങി ഞെരുങ്ങി ആയി.  കാലത്തും വൈകീട്ടും ട്യൂഷൻ . മനസ്സ് മാറി പോയാൽ പോൾ മാഷിന്റെ " കുഞ്ഞിരാമന്റെ മൂക്ക് വളഞ്ഞതോ നീർന്നതോ ? " എന്നാ ചോദ്യം വരും. ( ഏത് കുഞ്ഞിരാമനെ ഓർത്തു ഇരിക്കുന്നു എന്നു വ്യഘ്യം ).
അതിനിടയിൽ എന്തെന്ന് മനസ്സിലാകാതെ എന്റെയും അവളുടെയും വീട്ടുകാർ ഇന്ത്യ പാക്കിസ്ഥാൻ പോലെ ആയി. അവളുടെ ചേട്ടന്റെ കല്യാണത്തിന് ഏത് ഡ്രസ്സ്‌ ഇടണം എന്നൊക്കെ ചർച്ച നടന്നിരുന്ന സമയത്തു,  കല്യാണത്തിന് പോയിട്ട് ആ വീടിന്റെ പരിസരത്ത് പോയാൽ വെടിവെയ്പ്പ് വരെ ഉണ്ടാകും എന്ന് സ്ഥിതി
അങ്ങനെ ആരോ പ്ലാൻ ചെയ്തു ആർക്കോ വേണ്ടി അത്ര നാളും ഒന്ന് പോലെ ഉണ്ടായിരുന്ന കുടുംബങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാതെ ആയി.
ഇതിനിടയിൽ ഞങ്ങൾ വേറെ വേറെ കോളേജിൽ ആയി . ഇടയ്ക്കു എല്ലാം പറയാൻ അടുത്ത് അവൾ ഇല്ലെന്നു വേദനയോടെ ഓർത്തു   കാലങ്ങൾ വാശിയോടെ ഓടി മറഞ്ഞു.  ഞങ്ങളുടെ വിവാഹം കഴിഞ്ഞു വേറെ വേറെ സ്ഥലങ്ങളിൽ ആയി.  ഒരിക്കൽ ഒരു അവധി കാലത്തു ഞാൻ അവളെ പോയി കണ്ടു.  അവളാകെ മാറിയിരിക്കുന്നു.  ഒരു വീട്ടമ്മയുടെ പക്വത വന്നിരിക്കുന്നു, നീണ്ട മുടിയും,  പാകത്തിന് വണ്ണവും ഒക്കെ ആയി കൂടുതൽ സുന്ദരി ആയിരിക്കുന്നു .
മറവിയുടെ ചിലന്തിവലകളിൽ ഇടയ്ക്കു അവളുടെ മുഖം തെളിഞ്ഞു വന്നു. പിന്നെയും ഒരുപാട് വർഷത്തിന് ശേഷം വീണ്ടും ഞാൻ അവളെ വിളിച്ചു.  എന്റെ വീട്ടിൽ ഒരു കല്യാണത്തിന് അവൾ വന്നു . എന്നെ കണ്ടപ്പോൾ പെട്ടെന്ന് എന്നെ കെട്ടി പിടിച്ചു കുറെ കരഞ്ഞു . ഭയങ്കര സ്ട്രോങ്ങ്‌ എന്നു വിചാരിച്ചു അഹങ്കരിച്ചിരുന്ന എന്റെ കണ്ണിൽ നിന്നു നയാഗ്ര വെള്ളച്ചാട്ടം പോലെ ഒഴുകിയിറങ്ങിയത് കണ്ണീരോ അതോ ഞങ്ങളുടെ ഒതുക്കി വെച്ച സ്നേഹപ്രവാഹമോ...
ഇപ്പോളും ഇടയ്ക്കിടെ ഞാൻ അവളോട്‌ ചാറ്റ് ചെയ്യാറുണ്ട്.  അടുത്ത ചിലന്തി വലകൾ ഓർമകളെ പൊതിയും വരെ അവളെ ഓർമയുടെ വെള്ളിവെളിച്ചത്തിൽ എനിക്കെപ്പോളും കാണണം...
സമർപ്പിക്കുന്നു നിനക്ക് മാത്രം