Wednesday, February 28, 2018

അവൾ എന്റെ കൂട്ടുകാരി

അവൾ എന്റെ കൂട്ടുകാരി

എല്ലാവർക്കും ഓർത്തെടുക്കാൻ ഉള്ളിന്റെ ഉള്ളിൽ ഒരു ബാല്യ കാല സുഹൃത്ത് അല്ലെങ്കിൽ കളിക്കൂട്ടുകാർ കാണും. ഒരിക്കലും പിരിയില്ല എന്നു തന്നെ വിശ്വസിച്ചു,  പിന്നെ ഒരിക്കലും കാണാൻ പോലും പറ്റാതായ കൂട്ടുകാർ .
അവൾ എന്റെ കൂട്ടുകാരി ... വീട്ടുകാർ തമ്മിൽ ഉള്ള അകന്ന ഒരു ബന്ധമാണ് ഞങ്ങൾ തമ്മിൽ കുഞ്ഞിലേ തൊട്ടു കാണാനും പരിചയപ്പെടാനും ഇട ആയതു. പിന്നെ സ്കൂളിൽ നാലാം ക്ലാസ്സിൽ ഞാൻ പോയി ചേർന്നപ്പോൾ അവൾ അവിടെ ഉണ്ട്. അങ്ങനെ വീണ്ടും പരിചയം പുതുക്കി   ഞങ്ങൾ രണ്ടു പേരുടെയും അച്ചന്മാർ ഗൾഫിൽ ആയിരുന്നു . രണ്ടു കൊല്ലത്തിൽ ഒരിക്കൽ ഞങ്ങളെ തല്ലാൻ വേണ്ടി വരുന്ന പോലെ ടിക്കറ്റ് എടുത്തു വരും.  വരുമ്പോൾ മിക്കവാറും രണ്ടു നിറത്തിൽ ഒരേ പോലെ ഉടുപ്പുകൾ ഞങ്ങൾക്ക് ഉണ്ടാവും. അതൊക്കെ ഇട്ടു സ്കൂളിൽ പോകും കാണാൻ യാതൊരു സാമ്യം ഇല്ലെങ്കിലും ഇരട്ട കുട്ടികൾ ആണോ എന്നു ആരൊക്കെയോ ചോദിച്ചു.
അന്നത്തെ ഞങ്ങളുടെ സ്കൂളിലേക്ക് ഉള്ള യാത്ര സംഭവബഹുലം ആയിരുന്നു.  രണ്ടു കിലോമീറ്റർ നടത്തം ഞങ്ങൾ ആഘോഷം ആക്കി മാറ്റി   നീലത്തിന്റെ നിറമുള്ള പാവാടയും , ഒരാളെ കൂടി കയറ്റാവുന്ന വെള്ള ഷർട്ടും   ഇരു വശത്തു പിന്നിയിട്ട മുടിയിലെ നീല ശീലയും  അതായിരുന്നു അന്നത്തെ ഏറ്റവും മടുത്തു പോയ ഞങ്ങളുടെ യൂണിഫോം.
ആദ്യം ഞാൻ വീട്ടിൽ നിന്നു ഇറങ്ങും,  പിന്നെ വഴിയിൽ അവളെന്നെ കാത്തു നിക്കും.  അങ്ങനെ നാലഞ്ചു പേരുള്ള ഒരു സംഘം ആയി നടക്കും . ഇടവഴികൾ കണ്ടു പിടിച്ചു യാത്ര ചെയ്യുന്നതാണ് ഒരു ഹോബി.  അതിലെ ആയാൽ റോഡ് നമ്മുടെ സ്വന്തമായി, കൈ കോർത്തു പിടിച്ചു റോഡിനു കുറുകെ നടക്കാം.  വഴിയിൽ ആരും കാണാതെ കണ്ണി മാങ്ങ എറിഞ്ഞു വീഴ്ത്താം . കണ്ണിൽ കണ്ട പഴങ്ങൾ രുചിച്ചു നോക്കാം.  ദാഹിച്ചാൽ ഏതെ ങ്കിലും വീട്ടിൽ കയറി അവരുടെ കിണറ്റിൽ നിന്നു വെള്ളം കോരി കുടിക്കാം . വഴിയിൽ രണ്ടു മൈന ഉണ്ടോന്നു നോക്കാം ( രണ്ടു മൈനയെ കണ്ടാൽ സന്തോഷം.. ഒറ്റ മൈന ആണെങ്കിൽ ദുഃഖം എന്നാണ് ആരോ എഴുതി വെച്ചിരുന്നെ ).
മഴകാലത്തു ഞങ്ങളുടെ റോഡിൽ മുട്ടറ്റം വെള്ളം ഉണ്ടാവും , എനിക്കു ഉയരം കൂടുതൽ ആയതു കൊണ്ട്‌ എനിക്കു ചിലപ്പോൾ അരക്കൊപ്പം വെള്ളം കാണും.  ടാങ്ക് കലക്കിയ നിറത്തിൽ ആയിരുന്നു വെള്ളം,  ചില സമയത്തു കുറച്ചു വെള്ളത്തിൽ കൂടുതൽ ടാങ്ക് ഇട്ട പോലെ കുറുകിയും.  ചെരുപ്പ് അടിച്ചു ഷർട്ടിൽ ഇടയ്ക്കു ഡിസൈൻ ആയി ഓറഞ്ച് പുള്ളികൾ കൂടെ ഉണ്ടാവും .
അവളുടെ കാലിൽ വിണ്ടു പൊട്ടിയിരുന്നു അന്നൊക്കെ .. വേദന കൊണ്ട്‌ പതുക്കെ ആണ് എപ്പോളും അവൾ നടക്കുക.  ഞാൻ എപ്പോളും ഓരോ പൊട്ടത്തരം പറഞ്ഞു, അവളുടെ ചിരി കാണാൻ ഇഷ്ടപ്പെട്ടു .  എന്നോട് അല്ലാതെ വേറെ ആരോടെങ്കിലും അവൾ കൂടുതൽ സ്നേഹം കാണിച്ചാൽ എനിക്കു ആരുമില്ല എന്നു തോന്നുമായിരുന്നു .
സ്കൂളിനടുത്തുള്ള പള്ളിയിൽ പോയി ഇടക്ക് ഞങ്ങൾ മുട്ട് കുത്തി പ്രാർത്ഥിക്കാറുണ്ടായിരുന്നു.  മിക്കവാറും ഇന്നു ക്ലാസ്സിൽ ആരും ചോദ്യം ചോദിക്കല്ലേ എന്നാവും ഇടയ്ക്കു പ്രാർഥന.  പ്രസാദം പോലെ ഉരുകി അടർന്നു കിടക്കുന്ന മെഴുകുതിരി വായിൽ ഇടും.  ചോദ്യം ചോദിച്ചു ഉത്തരം കിട്ടിയില്ലെങ്കിൽ പല തരം ശിക്ഷകൾ നടപ്പിലാക്കിയിരുന്നു. സിസ്റ്ററിന്റെ ചോക്ക് പൊടി കൂട്ടി കൈയിൽ ഏറ്റവും മാംസം ഉള്ള ഭാഗം നോക്കിയുള്ള ഒരു പ്രയോഗം ഉണ്ട്   കണ്ണിലൂടെ പൊന്നീച്ച മാത്രല്ല ഡയമണ്ട് ഈച്ച പോലും പറക്കും .  ഇടക്ക് വെള്ള പേപ്പർ കൊണ്ട്‌ തൊപ്പി ഉണ്ടാക്കി ബെഞ്ചിൽ കേറ്റി നിർത്തൽ എന്നൊരു കലാപരിപാടി കൂടി ഉണ്ട്.
സ്കൂൾ വിട്ടു കഴിഞ്ഞുള്ള വീട്ടിലിലേക്കുള്ള യാത്ര കൂടുതൽ ബഹളം ആയിരിക്കും.  പെരുംതോടിന്റെ അവിടെ ഒരു അപ്പൂപ്പന്റെ പെട്ടിക്കട ഉണ്ട്.  അതാണ് ഒരു ഊർജ്ജം.  അവിടെ നിന്നു പത്തു പൈസ കൊടുത്തു ചുക്കുണ്ടയോ .. തേൻനിലാവോ.. ഗ്യാസ് മിട്ടായിയോ. .കടുത്ത റോസ് നിറത്തിൽ കപ്പലണ്ടി മിട്ടായി  .ഉപ്പിലിട്ട ലൂബിക്ക എന്നിങ്ങനെ വീട്ടിൽ ഒന്നും കാണാത്ത പല തരം പലഹാരം ചില്ലു ഭരണികളിൽ ഞങ്ങളെ മാടി വിളിക്കും .
കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അപൂർവമായി സമരം കാരണം സ്കൂൾ നേരത്തെ വിട്ടാൽ ഞാൻ അവളുടെ വീട്ടിലേക്കു പോകും . അവിടെ ഇരുന്നു ചിലപ്പോൾ വെല്ലിമ്മയുടെ (അവളുടെ അമ്മ ) മോര് കാച്ചിയതും മീൻ വറുത്തതും കൂട്ടി ചോറ് കഴിക്കും   പിന്നെ എന്റെ മനസ്സറിഞ്ഞു എന്നാ പോലെ സിനിമ കാണാമെന്നു അവൾ പറയും   അവരുടെ വീട്ടിൽ ഒരു ഷോ കേസ് നിറയെ സിനിമ കാസറ്റ് ആണ്.  അതു കാണുമ്പോൾ അവൾ എത്ര ഭാഗ്യം ചെയ്തതാണ് എന്നു എനിക്കു തോന്നും.  സിനിമ കഴിഞ്ഞു ഇടയ്ക്കു ചായയും കപ്പലണ്ടി അല്ലെങ്കിൽ അരിമണി വറുത്തതും ഒക്കെ കഴിച്ചു വീട്ടിൽ എത്തുമ്പോൾ ചിലപ്പോൾ അമ്മയുടെ വക വേദനിക്കുന്ന സ്നേഹോപഹാരം കിട്ടും.
ഒരു കൊല്ലത്തു വേറെ കാര്യപരിപാടി ഞങ്ങളുടെ അമ്പലത്തിലെ ഉത്സവം ആണ്. അതിനു പോകാൻ ചിലപ്പോൾ സ്കൂളിൽ നിന്നു കള്ളം പറഞ്ഞു പുറത്തു ചാടാൻ ധൈര്യം ഇല്ലാത്തതു കൊണ്ടു, ജയിൽ ചാടുന്ന തടവ് പുള്ളികളെ പോലെ പ്ലാൻ ഇട്ടു സാഹസികമായി ചാടി പോരും.
പിന്നെ വീട്ടിലെത്തി ഉടുപ്പൊക്കെ മാറി,  മോന്തകൊട്ടയിൽ ഒരിഞ്ചു കനത്തിൽ പൌഡർ ഒക്കെ വാരി പൂശി ഒരിറക്കം ആണ് . പ്രധാന ഉദ്ദേശം,  പൂര പറമ്പിലെ ഐസ് ആണ്.  പിന്നെ മധുരസേവ...അലുവ ..ഉഴുന്നട.. പൊരി എന്നീ വിശിഷ്ട വസ്തുക്കൾ.  അടുത്തത് വെച്ചു കെട്ടിയ കടകളിൽ പല നിറത്തിൽ സ്വർണ്ണപ്പൊട്ടുള്ള കുപ്പിവളകൾ.
വലുതാവും തോറും എല്ലാ വിനോദങ്ങളും കുറഞ്ഞു വന്നു. പത്താം ക്ലാസ്സിൽ ആയതോടെ കാലിൽ ഒരു ചങ്ങല വീണ പോലെ.  നടന്നു ആഘോഷം ആയുള്ള സ്കൂൾ പോക്ക് ഓട്ടോയിൽ തിങ്ങി ഞെരുങ്ങി ആയി.  കാലത്തും വൈകീട്ടും ട്യൂഷൻ . മനസ്സ് മാറി പോയാൽ പോൾ മാഷിന്റെ " കുഞ്ഞിരാമന്റെ മൂക്ക് വളഞ്ഞതോ നീർന്നതോ ? " എന്നാ ചോദ്യം വരും. ( ഏത് കുഞ്ഞിരാമനെ ഓർത്തു ഇരിക്കുന്നു എന്നു വ്യഘ്യം ).
അതിനിടയിൽ എന്തെന്ന് മനസ്സിലാകാതെ എന്റെയും അവളുടെയും വീട്ടുകാർ ഇന്ത്യ പാക്കിസ്ഥാൻ പോലെ ആയി. അവളുടെ ചേട്ടന്റെ കല്യാണത്തിന് ഏത് ഡ്രസ്സ്‌ ഇടണം എന്നൊക്കെ ചർച്ച നടന്നിരുന്ന സമയത്തു,  കല്യാണത്തിന് പോയിട്ട് ആ വീടിന്റെ പരിസരത്ത് പോയാൽ വെടിവെയ്പ്പ് വരെ ഉണ്ടാകും എന്ന് സ്ഥിതി
അങ്ങനെ ആരോ പ്ലാൻ ചെയ്തു ആർക്കോ വേണ്ടി അത്ര നാളും ഒന്ന് പോലെ ഉണ്ടായിരുന്ന കുടുംബങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാതെ ആയി.
ഇതിനിടയിൽ ഞങ്ങൾ വേറെ വേറെ കോളേജിൽ ആയി . ഇടയ്ക്കു എല്ലാം പറയാൻ അടുത്ത് അവൾ ഇല്ലെന്നു വേദനയോടെ ഓർത്തു   കാലങ്ങൾ വാശിയോടെ ഓടി മറഞ്ഞു.  ഞങ്ങളുടെ വിവാഹം കഴിഞ്ഞു വേറെ വേറെ സ്ഥലങ്ങളിൽ ആയി.  ഒരിക്കൽ ഒരു അവധി കാലത്തു ഞാൻ അവളെ പോയി കണ്ടു.  അവളാകെ മാറിയിരിക്കുന്നു.  ഒരു വീട്ടമ്മയുടെ പക്വത വന്നിരിക്കുന്നു, നീണ്ട മുടിയും,  പാകത്തിന് വണ്ണവും ഒക്കെ ആയി കൂടുതൽ സുന്ദരി ആയിരിക്കുന്നു .
മറവിയുടെ ചിലന്തിവലകളിൽ ഇടയ്ക്കു അവളുടെ മുഖം തെളിഞ്ഞു വന്നു. പിന്നെയും ഒരുപാട് വർഷത്തിന് ശേഷം വീണ്ടും ഞാൻ അവളെ വിളിച്ചു.  എന്റെ വീട്ടിൽ ഒരു കല്യാണത്തിന് അവൾ വന്നു . എന്നെ കണ്ടപ്പോൾ പെട്ടെന്ന് എന്നെ കെട്ടി പിടിച്ചു കുറെ കരഞ്ഞു . ഭയങ്കര സ്ട്രോങ്ങ്‌ എന്നു വിചാരിച്ചു അഹങ്കരിച്ചിരുന്ന എന്റെ കണ്ണിൽ നിന്നു നയാഗ്ര വെള്ളച്ചാട്ടം പോലെ ഒഴുകിയിറങ്ങിയത് കണ്ണീരോ അതോ ഞങ്ങളുടെ ഒതുക്കി വെച്ച സ്നേഹപ്രവാഹമോ...
ഇപ്പോളും ഇടയ്ക്കിടെ ഞാൻ അവളോട്‌ ചാറ്റ് ചെയ്യാറുണ്ട്.  അടുത്ത ചിലന്തി വലകൾ ഓർമകളെ പൊതിയും വരെ അവളെ ഓർമയുടെ വെള്ളിവെളിച്ചത്തിൽ എനിക്കെപ്പോളും കാണണം...
സമർപ്പിക്കുന്നു നിനക്ക് മാത്രം

Tuesday, February 20, 2018

അന്നത്തെ അസ്തമയം

അന്നത്തെ അസ്തമയം

മങ്ങി തുടങ്ങിയ വെയിലിൽ അയാളോടൊപ്പം ചേർന്ന് നടക്കുമ്പോൾ അവൾ തല ഉയർത്തി പിടിച്ചിരുന്നു. വഴിവക്കിലെ ചെറിയ കട മുറിയിൽ നിന്നു തങ്ങളുടെ നേർക്ക് പാളി വീഴുന്ന നോട്ടം കണ്ടില്ലെന്നു നടിച്ചു അവൾ നടന്നു. അവൾ തല ഉയർത്തി അയാളെ നോക്കി . അയാൾ ഒരു പാട് മാറിയിരിക്കുന്നു.  തലയിൽ നര വീണു തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ പതിനഞ്ചു കൊല്ലം ആയി ഒരു ജീവനും രണ്ടു ശരീരവുമായി അവർ ജീവിക്കുന്നു.  ലാളിക്കാൻ ഒരു കുഞ്ഞില്ല എന്ന വിഷമം ആദ്യം ആദ്യം അവളെ ഒരുപാട് കരയിപ്പിച്ചു എങ്കിലും അയാളെ അതൊന്നും ബാധിച്ചിരുന്നില്ല.  "നിനക്ക് ഞാൻ പോരെ കൊഞ്ചിക്കാൻ " എന്ന് ചെറു പുഞ്ചിരിയോടെ അയാൾ ചോദിക്കുമ്പോൾ സ്നേഹം കൊണ്ട് അവളുടെ നെഞ്ച് വേദനിച്ചിരുന്നു. അയാളുടെ വീട്ടിൽ ഇടയ്ക്കിടെ ആ വിഷയത്തിൽ മുറുമുറുപ്പ് ഉയർന്നിരുന്നു.  എങ്കിലും അയാളെ പേടിച്ചു ആരും അവളെ വേദനിപ്പിച്ചില്ല .

ചിലപ്പോൾ പുറത്തു പോകുമ്പോൾ "വിശേഷം ഒന്നും ആയില്ലേ "എന്ന പതിവ് ചോദ്യങ്ങൾ വർഷങ്ങൾ കഴിഞ്ഞതോടെ ആളുകൾ മറന്നു തുടങ്ങി.  എങ്കിലും ഇടയ്ക്കിടെ മനപ്പൂർവ്വം ഒന്ന് വേദനിപ്പിക്കാൻ കല്യാണ വീടുകളിലും,  അമ്പലങ്ങളിലും ചോദ്യവും സഹതാപം നിറഞ്ഞ നോട്ടവും അവളുടെ കണ്ണ് നിറയിച്ചു.  എന്നാൽ അയാൾ കാണാതെ ആ കണ്ണു നീർ അവൾ ഒളിപ്പിച്ചു വെച്ചു.

അങ്ങനെ പല ചിന്തകളിൽ വീടെത്തിയത് അവൾ അറിഞ്ഞില്ല . ഉമ്മറത്ത് ഇരുന്നിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ തന്നെ നോക്കി ചിരിച്ച പോലെ തോന്നി.  എപ്പോളും ഗൗരവം നിറഞ്ഞ മുഖത്തോടെയേ അച്ഛനെ കണ്ടിട്ടുളൂ.  വസ്ത്രം മാറി മുറിയിൽ നിന്നു പുറത്തു വന്നപ്പോൾ അതുവരെ അടക്കം പറഞ്ഞിരുന്ന അയാളും അമ്മയും നിശബ്ദരായി.

എല്ലാരും എണീറ്റു പോയപ്പോളും അവൾ അവിടെ ഇരുന്നു . മേശപ്പുറത്തു ആരോ മനപൂർവം തനിക്കു എന്ന പോലെ വെച്ചിരുന്ന വെളുത്ത കവർ അവൾ എടുത്തു നോക്കി . ആരുടെ എങ്കിലും കല്യാണ കത്താവും.  തുറന്നു നോക്കി അതിൽ ഒരുപാട് സ്ത്രീയുടെ ഫോട്ടോ ഉണ്ടായിരുന്നു . കാണാൻ പ്രത്ത്യേകത ഒന്നും ഇല്ലാത്ത ഒരു മുപ്പതു വയസ്സിൽ ഏറെ പ്രായം തോന്നുന്ന സ്ത്രീ.  കൂടെ ഒരു പത്ര പരസ്യം.  തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിക്കാനായ. പിന്നെ അയാളുടെ പേര് കണ്ടപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കയറി.  തനിക്കു ചുറ്റും ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ അവൾ തിരിച്ചറിഞ്ഞു.

അത്ര നാളും കണ്ണും ചെവിയും അടച്ചു താൻ എല്ലാവരെയും സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞ വർഷങ്ങൾ അവളെ നോക്കി അട്ടഹസിക്കുന്ന പോലെ.  അവൾ പതുക്കെ മന്ദഹസിച്ചു. സ്വന്തം എന്നു കരുതിയ എല്ലാം ഒരു മരീചിക ആയിരുന്നു എന്ന സത്യം ആത്മനിന്ദയോടെ അവൾ ഓർത്തു

തിരികെ മുറിയിൽ വന്നപ്പോൾ അയാൾ അവളുടെ പ്രതികരണം പ്രതീക്ഷിച്ചു എന്ന പോലെ എന്തൊക്കെയോ ചെയ്തു തന്റെ മുഖത്തേക്ക് നോക്കുന്നത് അവൾ അറിഞ്ഞു . ഒരു പൊട്ടിക്കരച്ചിലോ,  പൊട്ടിത്തെറിയോ ആ പാവം പ്രതീക്ഷിച്ചു കാണും.  അവൾ അലമാരയിൽ നിന്നു തന്റെ വസ്ത്രങ്ങൾ എടുത്തു ബാഗിൽ വെച്ചു അദ്ദേഹത്തെ നോക്കി പതിവുപോലെ മധുരമായ് ചിരിച്ചു.  " അങ്ങനെ നാടകം തീർന്നു അല്ലേ  . ഇനി എങ്ങനെ കൂലി തന്ന് എന്നെ കൊണ്ടു പോയി വീട്ടിൽ വിടുമോ  .അതോ വീട്ടിൽ നിന്നു ഒരു ഭാരം എടുക്കാൻ ഉണ്ട്   വണ്ടിയും കൊണ്ടു വരാൻ പറയണോ " അവൾ ചോദിച്ചു   അത്ര നാള് ജീവശ്വാസം പോലെ കഴുത്തിൽ പറ്റി ചേർന്ന് കിടന്നിരുന്ന താലി മാല ഊരി അയാളുടെ കൈയിൽ വെച്ചു കൊടുത്തു,  അയാളുടെ മറുപടി പ്രതീക്ഷിച്ചു ജനലിലൂടെ പുറത്തേക്കു നോക്കി നിന്നു .

വീണ്ടും ഒരു സൂര്യാസ്തമയം നോക്കി കൊണ്ട്‌ .