Wednesday, December 26, 2012

ഭാര്യ


ഭാര്യ 




വിതുമ്പി  കരയാന്‍ നിൽക്കുന്ന ഒരു തൊട്ടാവാടി പെണ്ണിനെ പോലെ വീര്‍ത്തു കെട്ടിയ ആകാശത്തു നോക്കിയിരുന്നപ്പോള്‍ അവളുടെ മനസ്സും എന്തിനെന്നറിയാതെ വിങ്ങുകയായിരുന്നു . ഒരു ലക്ഷ്യ ബോധവും ഇല്ലാതെ നൂല് പൊട്ടിയ പട്ടം പോലെ തന്‍റെ ജീവിതവും കാറ്റിനൊപ്പം ഒഴുകി പോകുന്നത് ഒരു ദീര്‍ഘ നിശ്വാസത്തോടെ നോക്കി  നില്‍ക്കാന്‍ മാത്രമേ അവള്‍ക്കു കഴിഞ്ഞുള്ളൂ .

ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തില്‍ കണ്ട സ്വപ്നങ്ങളൊക്കെയും വെറും പകല്‍ കിനാവുകള്‍ മാത്രമായിരുന്നു എന്ന് ഒരു ഭാര്യയായി കഴിഞ്ഞ ആദ്യ ദിവസം തന്നെ അവള്‍ മനസിലാക്കി. ഒരുപാടൊന്നും അവള്‍ ആഗ്രഹിചിരുന്നില്ല. തന്‍റെ ചെറിയ ഒരു നോട്ടത്തിന്‍റെ അര്‍ത്ഥം പോലും മനസ്സിലാക്കുന്ന ഒരു കൂട്ടുകാരന്‍. സുഹൃത്തുക്കളെ പോലെ എല്ലാം തുറന്നു പറയാന്‍ പറ്റിയ അവന്‍റെ  സഹോദരങ്ങള്‍ . സ്വന്തം മക്കളെക്കാള്‍ വന്നു കയറിയ മകളെ സ്നേഹിക്കുന്ന അച്ഛനമ്മമാര്‍. അതൊക്കെ വെറും കഥകളിലും, സിനിമകളിലും മാത്രമേ കാണുനുള്ളൂ  എന്നും അവള്‍ താമസിയാതെ മനസ്സിലാക്കി.
ജീവിതം എന്താണെന്നു തിരിച്ചറിയാൻ പ്രായം ആവുമ്പോളേക്കും അവളൊരു ഭാര്യയായി. അത്ര നാളും ദിവാസ്വപ്നം കണ്ടു നടന്നിരുന്ന അവൾ യാഥാർഥ്യത്തിനു മുന്നിൽ പകച്ചു നിന്നു. ചുറ്റും മിന്നുന്ന ക്യാമറ കണ്ണുകൾക്ക് മുന്നിൽ. തുറിച്ചു നോക്കുന്ന ആൾക്കൂട്ടത്തിനു മുന്നിൽ തല കുനിച്ചു അവളിരുന്നു . എടുത്താൽ പൊങ്ങാത്ത സാരിയും, കഴുത്തു തൊട്ടു അരകെട്ടു വരെ പരന്നു കിടക്കുന്ന നെറ്റിപ്പട്ടം പോലെ മാലകളുടെ ഭാരവും , കൈ മുട്ട് വരെ കുത്തി തിരുകിയ വളകളുടെ വേദനയും അവളറിഞ്ഞില്ല.
തനിക്കു കിട്ടിയാൽ പുതിയ കൂട്ടുകാരന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും മനസ്സ് കൊണ്ടു അവൾ ഒരുങ്ങി കഴിഞ്ഞു .

എല്ലാ പെണ്‍ കുട്ടികളേയും  പോലെ മഞ്ഞു  മൂടിയ താഴ്‌വരയിൽ അവന്‍റെ നെഞ്ചില്‍ ചാരി കിടന്നു സ്വകാര്യമായി കുറച്ചു ദിവസങ്ങള്‍ അവള്‍ കൊതിച്ചു , സിനിമ തിയറ്ററില്‍ അവന്‍റെ കൈ കോര്‍ത്ത്‌ പിടിച്ചു പ്രണയ നിമിഷങ്ങള്‍  ആസ്വദിക്കണമെന്നും അവള്‍ മോഹിച്ചു. പക്ഷെ ഭാര്യയെക്കാള്‍ തന്‍റെ ചുറ്റുമുള്ളവരെ ബോധിപ്പിക്കാനാണ് അവന്‍ എപ്പോഴും  ശ്രമിച്ചതു . അവളുടെ മനസ്സില്‍ എന്താണെന്നു ഒരിക്കല്‍ പോലും അറിയാന്‍ അവന്‍ ശ്രമിച്ചില്ല . പെട്ടന്നൊരു ദിവസം സ്വപ്നങ്ങളുടെ ആ നനുത്ത തണുപ്പില്‍ നിന്നും ചുട്ടു പഴുത്ത യാഥാര്‍ത്യത്തിന്‍റെ തിളച്ചു മറിയുന്ന ചൂടിലേക്ക് അവള്‍ വലിച്ചെറിയപ്പെട്ടു .

ഇത്ര നാളും ജീവിച്ചിരുന്ന എല്ലാ സാഹചര്യങ്ങളും മാറി സ്വന്തമായുള്ള എല്ലാവരെയും വിട്ടു അവന്‍റെ  ഭാര്യയായി വേറൊരു വീട്ടില്‍ വന്നു കയറിയപ്പോള്‍ അവള്‍ ഒരിക്കല്‍ പോലും കരഞ്ഞില്ല, വേദനിച്ചില്ല ഇന്നു മുതൽ എന്റെ വീടു ഇതാണ്, എന്റെ അച്ഛനമ്മമാർ ഇതാണ് എന്നു ഉരുവിട്ട് മനസ്സിനെ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു .എന്നാൽ വർഷങ്ങൾ കഴിയും തോറും അവൾ തിരിച്ചറിഞ്ഞു , പുതിയ വീട്ടിൽ ഒരു അതിഥി ആണ് താനെന്നു  കാലം എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ചിതലരിച്ച ആചാരങ്ങൾ, ഒരു പെൺകുട്ടിയോടുള്ള ആളുകളുടെ മനോഭാവം അതൊക്കെ പഴയതിൽ നിന്നു മുന്നോട്ടു നീങ്ങിയിട്ടില്ല . പക്ഷെ അവളുടെ വ്യക്തിത്വം തളക്കപെട്ടു. മനസ്സ് തുറന്നു ഒന്ന് ചിരിക്കാനോ , സംസാരിക്കാനോ പറ്റാതെ കൂട്ടില്‍ അടച്ച തത്തയെ പോലെ അവള്‍ വീര്‍പ്പു മുട്ടി .ആദ്യമെല്ലാം എല്ലാ ബന്ധനങ്ങളും പോട്ടിചെറിഞ്ഞു പറന്നു പോകാന്‍ അവള്‍ ആഗ്രഹിച്ചു . എന്നാല്‍ അവനോടുള്ള അവളുടെ സ്നേഹം അവളെ തടഞ്ഞു .

പുറം ലോകം അവള്‍ മറന്നു. ഒരു വീട്ടുജോലിക്കാരിയുടെ പരിഗണന പോലും ഇല്ലാതെ അവളൊരു യന്ത്രമായി മാറി . വര്‍ഷങ്ങള്‍ കടന്നു പോയത് അവള്‍ അറിഞ്ഞില്ല . അവന്‍റെ കുഞ്ഞുങ്ങളെ പെട്ട് വളര്‍ത്തി അവനു വെച്ച് വിളമ്പി ആ യന്ത്രം ഓടി കൊണ്ടിരുന്നു. ആരും അവളോട്‌ ഒരു അഭിപ്രായവും ചോദിച്ചില്ല, അവളുടെ ഇഷ്ടങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല. 

ചിലപ്പോള്‍ തോന്നി ജീവിതം ഒരു നാടകമെന്ന് . എല്ലാവരും അവരവരുടെ ഭാഗം അഭിനയിക്കുന്നു .ഇല്ലാത്ത സ്നേഹം അഭിനയിച്ചും , സ്നേഹം പ്രകടനത്തിനായ് മാത്രം എന്തൊക്കെയോ കാണിച്ചു കൂട്ടിയും എല്ലാവരും തകര്‍ത്തു അഭിനയിക്കുന്നു . അഭിനയിക്കാന്‍ അറിയാത്ത അവള്‍ മാത്രം ഒറ്റ പെടുന്നു. അവളെ ധിക്കാരിയെന്നു അവര്‍ വിളിക്കുന്നു,കുറ്റ പെടുത്തുന്നു .

ഒടുവിൽ ഓരോന്നായി അവൾക്കു നഷ്ടപ്പെട്ടു.  സ്വന്തം ആയിരുന്ന വീടു, അച്ഛനമ്മമാർ. പല ഭാഗത്തായി ചിന്നഭിന്നമായി കിടക്കുന്ന തന്‍റെ കൂടിനെ നോക്കി പകച്ചു നില്‍ക്കുന്ന അമ്മക്കിളിയെ പോലെ, എവിടുന്നു തുടങ്ങണം എന്നറിയാതെ  അവളും നിന്നു . പറക്കാമുറ്റാത്ത തന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ തകര്‍ന്ന എല്ലാം പെറുക്കി കൂട്ടി. 

ഒരിക്കല്‍ അവരും പറന്നു പോകും . അന്നീ  കപടത മാത്രം നിറഞ്ഞ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ തനിക്കു പറ്റുമോ? പറന്നു പറന്നു ചിറകു തളര്‍ന്നിരിക്കുമ്പോ അവനു വേണ്ടി ഭാര്യ എന്ന സ്വര്‍ണ്ണ കൂട്ടില്‍ കിടന്ന തനിക്കു  ചാരാന്‍ അവന്‍റെ ചുമലെങ്ങിലും ഉണ്ടാകുമോ?

.....................................................................................................................................................................

Sunday, March 11, 2012

മണല്‍ നഗരം

മണല്‍ നഗരം 










ജീവിതത്തില്‍  ഒരിക്കല്‍ പോലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഈ മണല്‍ നഗരത്തില്‍ എന്റെ ജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഒരു തണുത്ത രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ ഈ നാട്ടിലെ ഒരു അതിഥി മാത്രമാണ് ഞാന്‍ എന്ന് വിസ്മരിച്ചു പോകുന്നു.


എന്നും ഇതൊരു സ്വപ്ന ഭൂമി തന്നെയായിരുന്നു, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുന്ന അച്ഛന്‍ കൊണ്ട് വരുന്ന പെട്ടിയിലെ മോഹിപ്പിക്കുന്ന ഗന്ധമായിരുന്നു എന്നും ഈ സ്വപ്നഭൂമിക്ക് എന്റെ മനസ്സില്‍. നാട്ടിലെ കടകളിലെ ചില്ല് ഭരണികളില്‍ കൊതിപ്പിച്ച മധുരങ്ങളെക്കള്‍ മുന്തിയ മിട്ടായികള്‍ കിട്ടുമ്പോള്‍ അതിന്റെ  മധുരമായിരുന്നു  ആ സ്വപ്നങ്ങള്‍ക്ക്. എല്ലാവരെയും വിളിച്ചു കൂട്ടി തുറക്കുന്ന പെട്ടിയിലെ കണ്ണ് അഞ്ജിപ്പിക്കുന്ന  പല നിറത്തിലുള്ള തുണികളുടെ വര്‍ണമായിരുന്നു ഈ നഗരത്തിനു.

അങ്ങനെ തീരെ നിനച്ചിരിക്കാതെ ഞാനും ഒരു നിയോഗം പോലെ ഇവിടെയെത്തി. ആദ്യമായി വിമാനത്തില്‍ കയറിയപ്പോ മനസ്സ് നിറയെ സന്തോഷമായിരുന്നു. താഴ്ന്നു പറക്കുന്ന വിമാനത്തില്‍ നിന്ന് ജനലിലൂടെ കണ്ടപ്പോ കണ്ണില്‍ സ്വര്‍ണ മണികള്‍ വിതറിയിട്ട പോലെ ആ സ്വപ്ന ഭൂമി തിളങ്ങി.


എയര്‍പോര്‍ട്ടില്‍ നിന്നും വീടിലെക്കെത്തി, പുറമേ കണ്ട പകിട്ടിനു വിപരീതമായി ചെറിയ ഒരു ഒറ്റ മുറി. പല സ്ഥലങ്ങളില്‍ നിന്നുള്ള മലയാളികള്‍ താമസിക്കുന്ന ഒരു വീട്. ഓണവും, വിഷുവും, പിറന്നാളുകളും എല്ലാം ഒത്തുകൂടി വര്‍ഷങ്ങള്‍ കടന്നു പോയി. ആദ്യം ആദ്യം  എല്ലാം ഒരു കൌതുകമായിരുന്നു . വഴിയോരത്തെ പല നിറത്തിലെ പൂക്കളും, വലിയ വലിയ കെട്ടിടങ്ങളും, സ്വിച്ച് അമര്‍ത്തിയാല്‍ നില്‍ക്കുന്ന ബസ്സും, എന്തിനു വേസ്റ്റ് എടുക്കാന്‍ വരുന്ന വണ്ടി പോലും ആശ്ച്ചര്യമായിരുന്നു. പിന്നെ പിന്നെ വളരെ പെട്ടന്ന് എല്ലാം ജീവിതത്തിന്റെ ഭാഗമായി മാറി.
കാനില്‍ വാങ്ങുന്ന പാലും, കുബൂസും , സോസേജും എല്ലാം ഭക്ഷണത്തിന്റെ ഭാഗമായി.

ഒരു വര്‍ഷത്തില്‍ തന്നെ പല ഭാവങ്ങളാണ് ഈ നഗരത്തിനു. ചൂട് കാറ്റ് വീശി രൌദ്രയായി ചിലപ്പോ. കെട്ടിടങ്ങളില്‍ ഉറുമ്പുകളെ പോലെ കാണുന്ന മനുഷ്യര്‍ കരിഞ്ഞു പോകും എന്ന് തോന്നുന്ന ചൂട് . നാട്ടില്‍ മാസാമാസം തങ്ങളുടെ കുടുംബത്തിനു കഴിയാനുള്ള വകക്ക് വേണ്ടി എന്ത് പണിയും ചെയ്യുന്ന അവരുടെ മുഖത്ത് എരിയുന്ന സൂര്യനെക്കാള്‍ തീവ്രത. മഞ്ഞു കാലമാകുന്നതോടെ നഗരത്തിന്റെ മുഖചായ മാറി വരും. മഞ്ഞിന്റെ മൂടുപടം അണിഞ്ഞു ഒരു നവവധുവിനെ പോലെ.


എന്റെ ജീവിതത്തില്‍ ഓരോ സന്തോഷത്തിലും, ദുഖത്തിലും ഈ നഗരം എനിക്ക് കൂട്ടായി . സ്വരുകൂടിയ പണം കൊണ്ട് അവധിക്കു കുറെ സാധനങ്ങളും വാങ്ങി പോകുമ്പോള്‍ ഞാനുംഅറിഞ്ഞു, അച്ഛന്‍ കൊണ്ട് വന്നിരുന്ന പെട്ടിയിലെ സാധങ്ങളുടെ സുഗന്ധതിനപ്പുറം അതില്‍ ത്യാഗത്തിന്റെ , അധ്വാനത്തിന്റെ ഗന്ധമാണ്. നല്ല വില കൊടുത്തു ഇവിടുന്നു വാങ്ങി എല്ലാം കെട്ടി പെറുക്കി നാട്ടിലെത്തുമ്പോ ചുമട്ടു കൂലിക്കാർക്ക് കൊടുക്കുന്ന പരിഗണന പോലും കിട്ടാറില്ല എന്നതാണ് സത്യം. തിരിച്ചു വരുമ്പോളും അച്ചാറുകളും, പൊടികളും,ബന്ധുക്കള്‍ക്കുള്ള സാധനങ്ങളുമായി വീണ്ടും തിരിച്ചു.

കുറച്ചു കൊല്ലം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു. "ഷയറിംഗ്"എന്നാ ഓമന പേരില്‍ പ്രവാസികള്‍ വിളിക്കുന്ന താമസവും അനുഭവിച്ചു. അടുക്കള , കുളിമുറി എല്ലാം വീതിച്ചു കൊണ്ട് ഒരു കൊല്ലത്തോളം കൊട്ടാരം പോലത്തെ വലിയ ഒരു വില്ലയില്‍ താമസിച്ചു. പുറമേ നിന്ന് കാണുന്ന മോടിയൊന്നും ഉള്ളിലില്ല. ഒരു യുക്തിയുമില്ലാത്ത പണിതു വച്ച കുറെ മുറികള്‍. പക്ഷെ ആ വീടിനു വലിയ മുറ്റം ഉണ്ടായിരുന്നു . ജോലിയും തിരക്കുമായി രണ്ടു കൊല്ലം എങ്ങനെയോ പോയി. ഒന്നിച്ചു ഉള്ള താമസത്തിൽ കൂടെ ഉള്ള ആളുകൾ നമ്മളുമായി യോജിച്ചു പോയില്ലെങ്കിൽ , അതു കാലിൽ ചങ്ങല ഇട്ട പോലെയാ.ഒന്നിനും ഒരു സ്വകാര്യത ഇല്ലാതെ. വീണ്ടും ഒരു വീടു മാറ്റം.  പെട്ടി പോലെ ചെറിയ മുറികളുള്ള വൃത്തി ഹീനമായ ഒരു പഴയ ഫ്ലാറ്റ്. അവിടെ പുറത്തിറങ്ങാതെ എന്റെ മക്കളുടെ ചിരിയും, കരച്ചിലും  എല്ലാം ആ മുറിയില്‍ മാത്രം ഒതുങ്ങി. എല്ലാവരും പോയ്‌ കഴിയുമ്പോ എന്റെ നെടുവീര്‍പ്പുകള്‍ക്ക് ഞാന്‍ തന്നെ കാതോര്‍ത്തു .അവിടെയും ഒരു കൊല്ലം കഴിഞ്ഞ ശേഷമാണ് മനുഷ്യര്‍ക്കു താമസയോഗ്യമായ ഒരു ഇടത്തിലേക്ക് മാറിയത്.
നാട്ടിലെ പോലെ ശുദ്ധ വായുവും, പച്ച നിറവും , മഴയും ഒന്നുമില്ലെങ്ങിലും ഈ നഗരം ഒരു പാട് മനുഷ്യ ജീവിതങ്ങള്‍ക്ക് നിറം കൊടുക്കുന്നു. കാലത്ത് എണീറ്റ് ജോലിക്ക് പോയി വൈകുന്നേരം തി രിച്ചെത്തുന്ന പല തരം  മനുഷ്യര്‍. പല ജീവിത സാഹചര്യങ്ങള്‍. അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത ഒറ്റ മുറിയില്‍ തലങ്ങും വിലങ്ങും അടുക്കി വെച്ച പോലെ കുറെ മനുഷ്യര്‍. വിരഹം കൊണ്ട് തലയിണയില്‍ മുഖം അമര്‍ത്തി കണ്ണുനീര്‍ ഒപ്പുന്ന ചിലര്‍, മദ്യത്തിന്റെ ലഹരിയില്‍ സ്വയം മറക്കുന്ന ചിലര്‍. ഭാര്യയും കുഞ്ഞുങ്ങള്‍ക്കും ഒപ്പം ശാന്തമായി ഉറങ്ങുന്നവര്‍. കൊട്ടാരം പോലത്തെ ഹോട്ടല്‍ മുറികളില്‍ ആഡംബര ജീവിതം എങ്ങനെ ആഘോഷിച്ചു തീർക്കും എന്ന് പിടിയില്ലാതെ ചിലര്‍.എല്ലാവരും ഓരോ ലകഷ്യതിനായി ഈ നഗര വധുവിനെ ഉപയോഗിക്കുന്നു. മനസ്സില്‍ സ്വന്തം നാടിലെക്കുള്ള തിരിച്ചു പോക്കും സ്വപ്നം കണ്ടു കൊണ്ട്.

എന്നാല്‍ എന്നെ സംബന്ധിച്ച് ഈ നഗരം എനിക്ക് തന്നത് സ്വന്തം നാടിനെക്കാള്‍ സന്തോഷമാണ്, സുരക്ഷിതത്വമാണ് . നാട്ടില്‍ സ്വന്തം വീടിന്റെ ജനലുകള്‍ തുറന്നിടാന്‍ പോലും ഭയം തോന്നിയിരുന്നു, ചുറ്റും നമ്മളെ നിരീക്ഷിക്കുന്ന ഒരു പാട് കണ്ണുകള്‍ ഉണ്ടായിരുന്നു . ഇവിടെ അതൊന്നുമില്ല . സ്വന്തം വീട്ടിലെക്കാള്‍ അടുത്ത വീട്ടില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിച്ചു നടക്കുന്ന പരദൂഷണ കാരായ അയല്പക്കകാരും ഇല്ല. എന്നാല്‍ ഇവിടെ തന്നെ ജീവിച്ചു തീർക്കാനായി ഈ മണല്‍ നഗരത്തിലും എന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുമില്ല. ഭഗവാന്റെ നിശ്ചയം പോലെ ഈ പ്രവാസം നീണ്ടു പോകുകയോ അവസാനിക്കുകയോ ചെയ്യും ഒരിക്കല്‍ . എങ്കിലും ഈ മണല്‍ നഗരത്തിന്റെ സാന്ത്വനം എനിക്കൊപ്പം എന്നും ഉണ്ടാകും.

***********************************************************************************