Saturday, September 29, 2018

എന്റെ വാഹന പരീക്ഷണങ്ങൾ

പണ്ടേ തൊട്ടു എനിക്കു എല്ലാത്തിനും ഭയമായിരുന്നു.  അപരിചിതരുടെ മുന്നിൽ പോകാൻ ഭയം,  സൈക്കിൾ ചവിട്ടാൻ ഭയം, നീന്താൻ ഭയം.  ഭയത്തിന്റെ ഒരു കൂട്ടിനുള്ളിൽ ഞാൻ എന്റേതായ ജീവിതം ജീവിച്ചു പോന്നു
അച്ഛൻ നാട്ടിൽ വരുമ്പോളാണ് നീന്തൽ പഠിപ്പിക്കൽ മഹാമഹം.  അങ്ങ് റാസ് അൽ ഖൈമയിൽ ബീച്ചിൽ സായിപ്പന്മാർ മക്കളെ നീന്തൽ പഠിപ്പിക്കുന്നത് കണ്ടു ലഹരി പിടിച്ച അച്ഛൻ നാട്ടിൽ വന്നാൽ മൂന്ന് വയസ്സ് മാത്രം ഉള്ള എന്റെ അനിയനെയും എന്നെയും തറവാട്ടിലെ കുളത്തിൽ നിർദാക്ഷിണ്യം വലിച്ചെറിയുക പതിവായിരുന്നു .  വായിലും മൂക്കിലും ഒക്കെ വെള്ളം കയറി കാലൻ വെള്ളത്തിന്റെ അടിയിൽ നിന്നു തന്നെ  ടിക്കറ്റും വിസയും തന്ന് കൂട്ടി കൊണ്ടു പോകും എന്നു തോന്നുമായിരുന്നു.

സായിപ്പന്മാരുടെ കുഞ്ഞുങ്ങളെ വെച്ച് നോക്കുമ്പോൾ സ്വന്തം പ്രൊഡക്ഷൻ പോരെന്നു തോന്നി കലി കയറിയ അച്ഛന്റെ കൈ വിരലുകൾ ഞങ്ങളുടെ ദേഹത്ത് പതിഞ്ഞു കിടക്കും.  ഉറങ്ങാൻ കിടക്കുമ്പോൾ പ്രാർത്ഥിക്കും ഈശ്വരാ ഈ മനുഷ്യൻ പെട്ടെന്ന് തിരിച്ചു പോണേ എന്നു. അന്നു ഉള്ളിൽ കയറിയ പേടി എന്ത്‌ ചെയ്യുമ്പോളും എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.
എന്റെ ഏതോ പിറന്നാളിന് അച്ഛൻ ഒരു സൈക്കിൾ വാങ്ങി തന്നു . ക്ഷമയുടെ മൂർത്തീഭാവമായതു കൊണ്ടു ഒരാഴ്ചക്കുള്ളിൽ ഞാൻ സൈക്കിൾ കൊണ്ടു റേസ് ചെയ്യും എന്നു മോഹിച്ചു അച്ഛൻ.  അപ്പോളും കിട്ടി എന്റെ ഷെയർ. തറവാട്ടിലെ ആദ്യത്തെ കണ്മണി ആയതു കൊണ്ടും,   ഇളയച്ഛന്മാർ എട്ടു പേര് ഉള്ളത് കൊണ്ടും ഊഴം വെച്ച് പലരും എന്നെ സൈക്കിൾ പഠിപ്പിക്കാൻ ഉള്ള ദൗത്യം ഏറ്റെടുത്തു . ഓരോരുത്തരായി തോറ്റു മടങ്ങുന്നത് കണ്ടു ഞാൻ ചിരിച്ചു.  നമ്മളോടാണോ കളി എന്നോർത്തു  .  അവർ ഓരോരുത്തരും സ്വന്തം ശാസ്ത്രം പഠിപ്പിച്ചു ഞാൻ എന്റേതായ സൈക്കിൾ ശാസ്ത്രം പിന്തുടർന്നു.  സൈക്കിളിൽ  ഉള്ള ബലം മുഴുവൻ എടുത്തു ഞാൻ അള്ളി പിടിച്ചിരിക്കും   ഉന്തി നടന്നു എന്റെ ട്രൈനെർമാർ തളരും.  ഒരിക്കൽ ഒരുപാട്  ക്ഷമയുള്ള ശക്തി പാപ്പൻ എന്നു ഞാൻ വിളിക്കുന്ന എന്റെ ട്രൈനെർ ക്ഷമയുടെ നെല്ലിപ്പടിയും അതിനപ്പുറത്തെ പടിയും കണ്ടു കൈതകൂട്ടിലിലേക്ക് എന്നെ തള്ളി വിട്ടു ആ ജോലി രാജി വെച്ചു പോയി.
ഇതൊന്നും നമ്മുക്ക് പറ്റിയ പണിയല്ല എന്നോർത്തു ഞാനും വിരമിച്ചു. പിന്നെ കോളേജിൽ പോയി തുടങ്ങിയപ്പോൾ ആണ് വീണ്ടും ആ മോഹം തല പൊക്കുന്നതു . എന്നേക്കാൾ അഞ്ചു വയസ്സ് താഴെയുള്ള അനിയൻ ആ ദൗത്യം ഏറ്റെടുത്തു. അവസാനം അച്ഛന്റെ ടു വീലർ വരെ എത്തിയതാ .അപ്പോളേക്കും എന്റെ ഡ്രൈവിംഗ് കൊണ്ടു റോഡിൽ പോകുന്ന നിഷ്കളങ്ക മനുഷ്യരെ ഓർത്തിട്ടോ എന്തോ അവനും പാതി വഴിയിൽ ഉപേക്ഷിച്ചു.
കുറെ വർഷങ്ങൾ കടന്നു പോയി ദുബൈയിൽ വന്നപ്പോൾ ഭർത്താവിന്റെ കാർ ഉള്ളത് കൊണ്ട്‌ ഡ്രൈവിംഗ് മോഹം തല പൊക്കിയില്ല . പിന്നെ പെണ്ണുങ്ങൾ ഓടിച്ചു പോണത് കണ്ടപ്പോൾ,  ഷോപ്പിംഗിനു പോണം എന്നു ആശിച്ച സ്ഥലത്തു ഭർത്താവ് കൊണ്ടു പോവാത്ത നിരാശ ഒക്കെ വന്നപ്പോൾ ഇടക്കൊക്കെ മോഹം തോന്നി.
ഇപ്പോൾ എന്റെ മോന് പതിനെട്ടു വയസ്സായി , ഇനി അവൻ വന്നു ലൈസെൻസ് എടുക്കും മുന്ന് എടുത്തിട്ടേ ഉള്ളൂ എന്നു പറഞ്ഞു ഡ്രൈവിങ്ങിനു ചേർന്നു. അങ്ങനെ രണ്ടും കല്പ്പിച്ചു ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു .
ആദ്യത്തെ ദിവസം ഒരു പാകിസ്താനി ഡ്രൈവർ ആയിരുന്നു പഠിപ്പിക്കാൻ വന്നത് .  സുമുഖനായ അയാളുടെ മുഖം ഇടയ്ക്കിടെ ദേഷ്യം വന്നു ചുവന്നു .കാരണം നമ്മള് ഭയങ്കര അനുസരണ അല്ലേ . സ്റ്റീയറിങ്ങിൽ പൂ പോലെ പിടിക്കാൻ പറഞ്ഞപ്പോൾ.  പൂ പറിക്കാൻ എന്ന പോലെ ഞാൻ അതിനെ ഞെക്കി പിടിച്ചു വലിച്ചു.  ഇടത്തോട്ട് പോകാൻ പറഞ്ഞപ്പോൾ വലത്തോട്ട് പോയി . അവസാനം അയാളെന്നെ തലയിൽ നിന്നു ഒഴിവാക്കാൻ വേറെ സ്ഥലത്തേക്ക് പറഞ്ഞു വിട്ടു.
കലക്കി  .തിമിർത്തു എന്നു പറയുന്ന നടനെ പോലെ മലയാളി ആയ വേറൊരു ഡ്രൈവർ.  ആദ്യം തന്നെ അയാളെന്നെ പരിഹസിച്ചു.  ഇത്ര പ്രായം ആയിട്ടാണോ ഡ്രൈവിംഗ് പഠിക്കാൻ തോന്നിയെ എന്നു . സൈഡിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾ ഇടിച്ചു തെറുപ്പിക്കും എന്ന പോലെ ഞാൻ ഒരു സൈഡിലേക്ക് ബലം പിടിച്ചു പോകുമ്പോൾ , അയാളെന്നെ നിരുത്സാഹപെടുത്തി കൊണ്ടിരുന്നു   ഇങ്ങനെ ആയാൽ അടുത്തൊന്നും ലൈസെൻസ് കിട്ടില്ല എന്നു പറഞ്ഞു . ശ്രീനിവാസന്റെ തലയിണമന്ത്രത്തിലെ ഡയലോഗ് മാത്രം പറഞ്ഞില്ല " ഇത്ര ബുദ്ധിയില്ലാത്ത മനുഷ്യനെ ഞാൻ കണ്ടിട്ടില്ല " എന്നു ചിലപ്പോൾ അയാൾ ഉള്ളിൽ ഓർത്തു കാണും .
അവസാന ദിവസത്തെ ക്ലാസ്സിൽ ഞാൻ വലിയ കുഴപ്പം കാണിക്കാതെ ഡ്രൈവ് ചെയ്തു. പിന്നെ പാർക്കിംഗ് ക്ലാസുകൾ ആയിരുന്നു. പാർക്കിംഗ് പുറത്തു പോകാതെ ഡ്രൈവിംഗ് സെന്ററിന്റെ ഉള്ളിൽ തന്നെ ആയിരുന്നു.  ആ ട്രൈനെർ ശാന്ത സ്വഭാവമുള്ള ഒരാള് ആയിരുന്നു.  അയാള് അയാളുടെ പണി ചെയ്തു . കുറെ തവണ പാർക്കിംഗ് ഒക്കെ ചെയ്തു പഠിച്ചു . ഓരോ പോളിനെ ആധാരമാക്കി ആണ് പഠിപ്പിച്ചേ.  പോളിന്റെ അറ്റം കാണുമ്പോൾ ഇത്ര സ്റ്റിയറിംഗ് തിരിക്കണം   . പിന്നെ പാർക്കിംഗ് ടെസ്റ്റ്‌ ആയിരുന്നു.  ആദ്യം അല്പം ആത്മവിശ്വാസം തോന്നിയെങ്കിലും ഇൻസ്‌പെക്ടർ കാറിൽ കയറിയപ്പോൾ എന്റെ ഹൃദയം മിടിക്കുന്നതു അയാള് പോലും കേട്ടു കാണും.  വലിയ കണക്കു കൂട്ടലിൽ ആയിരുന്നു ഞാൻ . പക്ഷെ അയാള് സ്റ്റിയറിംഗ് പിടിച്ചു രണ്ടു തിരി, അതോടെ എന്റെ കണക്കു പിഴച്ചു. അപ്പോളാണ് എനിക്കു വെളിപാട് ഉണ്ടായതു,  ഞാൻ പഠിക്കുന്ന സമയം ഒക്കെയും വണ്ടി നിയന്ത്രിച്ചത് എന്റെ ട്രൈനെർ ആയിരുന്നു എന്നത് . വളരെ പതുക്കെ ചെയ്യേണ്ട കാര്യം തിക്കും തിരക്കും കൂട്ടി എന്തൊക്കെയോ ചെയ്തു   ഒന്ന് തെറ്റിയപ്പോൾ ബാക്കി എല്ലാം ആരോടാ ദേഷ്യം തീർക്കുന്ന പൊലെ ചെയ്തു.  തോറ്റു തുന്നം പാടി അടുത്ത ടെസ്റ്റിന്റെ ഡേറ്റ് എടുത്തു   കുറെ പൈസ പൊടിച്ചു പുറത്തു ഇറങ്ങി.

അടുത്ത ടെസ്റ്റിന് ഒരു ലേഡി ആയിരുന്നു ഇൻസ്‌പെക്ടർ,  മൂന്നെണ്ണം ചെയ്തതിൽ വീണ്ടും രണ്ടെണ്ണം പോയി . അങ്ങനെ മൂന്നാമത്തെ പ്രാവശ്യം,  വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ഇരുന്നു എങ്കിലും എല്ലാം കിട്ടി . ഇനി അടുത്ത കടമ്പ.
അതിനു മുന്ന് പഠിച്ചതൊക്കെ മറന്ന പോലെ ആയിരുന്നു. അതുകൊണ്ട് കുറച്ചു ക്ലാസ്സ്‌ കൂടെ എടുത്തു.  പണ്ടത്തെ ചങ്കരൻ തെങ്ങിൽ തന്നെ എന്ന് പറഞ്ഞ പോലെ ഞാൻ എന്റെ കലാപരിപാടികൾ പുറത്തെടുത്തു.  അപ്പോൾ എന്റെ ഗുരു പറഞ്ഞു  , ടെസ്റ്റ്‌ കൊടുക്കാറായില്ല എന്നു.  പക്ഷെ എന്റെ ആത്മവിശ്വാസ കൂടുതൽ കൊണ്ട്‌ ടെസ്റ്റ്‌  എടുത്തു വെച്ചിരുന്നു .
വീണ്ടും വലിയ മിറക്കിൾ  ഒന്നും നടന്നില്ല.  വണ്ടിയിൽ മൂന്ന് പേരെ കയറ്റി കൊണ്ട്‌ പോയി. അതിൽ ഒരാൾ അഞ്ചാമത്തെ ടെസ്റ്റ്‌ പോയി വീണ്ടും വന്നതാ.  അവര് വലിയ കുഴപ്പം ഒന്നും ഇല്ലാതെ ഓടിപ്പിച്ചു,  പിന്നെ ആദ്യം ടെസ്റ്റ്‌ കൊടുക്കുന്ന വേറെ ഒരു പെൺകുട്ടി എടുത്തു. ആളു എന്റെ ലെവലിൽ തന്നെ ഓടിപ്പിച്ചു. അവസാനം എന്റെ ഊഴം ആയിരുന്നു. അങ്ങനെ അതും പോയി . ഇനി കുറച്ചു നന്നായി പഠിച്ചു വേണം ടെസ്റ്റ്‌ കൊടുക്കാൻ എന്നു നിശ്ചയിച്ചു.
അങ്ങനെ അവസാനം ഫൈനൽ ടെസ്റ്റിന് ഡേറ്റ് എടുത്തു . ആദ്യത്തെ ടെസ്റ്റിൽ കിട്ടില്ല എന്ന് എല്ലാവരും പോസിറ്റീവ് ആയി പറഞ്ഞ കാരണം   ഞാനും ഭയങ്കര പോസിറ്റീവ് ആയി . എന്തായാലും അന്ന് ഞാൻ എന്റെ സൈഡിൽ നിന്നു നോക്കുമ്പോൾ അടിപൊളി ആയി ഡ്രൈവ് ചെയ്തു .ഇൻസ്‌പെക്ടർ ആണേൽ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൈയിൽ ഉള്ള ടാബിൽ എന്തോ ചെയ്യുന്നു . എല്ലാം കഴിഞ്ഞു ഇറങ്ങി,  വെയ്റ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ ഒരു പ്രതീക്ഷ തോന്നി. പക്ഷെ അവര് തന്ന പേപ്പറിൽ മൂന്നാലു വലിയ മിസ്റ്റേക്ക് പിന്നെ പത്തു പതിമൂന്നു കുട്ടി മിസ്റ്റേക്ക്.  ഇതൊക്കെ ആയിരുന്നോ ടാബിൽ അവര് കുത്തി കുറിച്ചിരുന്നത് . അങ്ങനെ ആയുധം വെച്ചു പരാജിതനായ യോദ്ധാവിനെ പോലെ അടുത്ത യുദ്ധത്തിന് നാള് കുറിച്ചു മടങ്ങി പോന്നു.
നാട്ടിൽ അവധിക്കു പോകാൻ ദിവസങ്ങൾ കൂടി മാത്രം  ഈ പ്രാവശ്യം കൂടി ലൈസൻസ് കിട്ടിയില്ലെങ്കിൽ പിന്നെ രണ്ടു മാസം വെക്കേഷൻ കഴിഞ്ഞു വരുമ്പോളേക്കും ആദ്യം പൂജ്യം തുടങ്ങേണ്ടി വരുമോ എന്നൊരു ഭയം ഉണ്ടായിരുന്നു . ഈ പ്രാവശ്യം രണ്ടാമത്തെ ഊഴം ആണ് എനിക്ക് കിട്ടിയത് .ഇൻസ്‌പെക്ടർ ആണെങ്കിൽ എപ്പോളും ഒച്ച വെച്ചു കൊണ്ടിരിക്കുന്നു   തീരെ പ്രതീക്ഷ ഇല്ലാതെ അവര് പറയുന്നത് പോലെ ചെയ്യുമ്പോളും മനസ്സിൽ അടുത്ത ടെസ്റ്റ് നാട്ടിൽ പോകുന്നതിനു മുന്നേ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് ആധി പിടിക്കുക ആയിരുന്നു . വണ്ടി തിരിച്ചു കൊണ്ടിട്ടപ്പോൾ അവര് എന്തോ പറഞ്ഞു . കുറച്ചു കൂടി പ്രാക്ടീസ് വേണം പക്ഷെ പാസ്സായി എന്നോ മറ്റോ കേട്ട പോലെ. കൂടെ ഉണ്ടായിരുന്നവർ ഒരു ശത്രുവിനെ പോലെ എന്നെ നോക്കുന്നു .ഒന്നും പിടികിട്ടിയില്ല . വെയിറ്റ് ചെയ്തിരിക്കുമ്പോൾ മനസ്സിൽ ആശങ്കയുണ്ടായിരുന്നു   . പക്ഷെ അവസാനം ഞാൻ പാസ്സായി . ലൈസൻസ് കൈയിൽ വാങ്ങി ലോകം കൈയടക്കിയ ഭാവത്തോടെ തിരിച്ചു പോന്നു . അറിഞ്ഞവർ എല്ലാം അനുമോദിച്ചു .
അങ്ങനെ നാട്ടിൽ പോയി തിരിച്ചു എത്തി.  ഇനി എന്റെ വാഹന  പരീക്ഷണങ്ങൾ തുടരും.. .
.