Thursday, March 22, 2018

യോദ്ധാവിന്റെ തോൽവി

ഒരു ലക്ഷ്യബോധവും ഇല്ലാതെ അവൻ നടന്നു. ചെരുപ്പിടാതെ കാലിൽ കൂർത്ത കല്ലുകൾ തട്ടി ചോര പൊടിയുന്നത് അവൻ അറിഞ്ഞില്ല. നെഞ്ചിലെ നീറ്റൽ അതിലും ഒരുപാട് അധികം ആയിരുന്നു.
ഓർമ്മ വെച്ച നാൾ മുതൽ അമ്മയുടെ കണ്ണുകൾ കലങ്ങിയെ അവൻ കണ്ടിട്ടുള്ളൂ . അതു പോലെ അച്ഛൻ എന്നു വിളിക്കുന്ന ആ മനുഷ്യൻ സത്യത്തിൽ തന്റെ അച്ഛൻ തന്നെ ആണോ എന്നു പോലും ചിന്തിച്ചിരുന്നു.  ഒരിക്കൽ പോലും വാത്സല്യത്തോടെ ഒരു തലോടൽ, എന്തിനു ഒരു നോട്ടം പോലും അയാളിൽ നിന്നു ഒരിക്കൽ പോലും ഉണ്ടായിട്ടില്ല
എന്തിനും ഏതിനും കുത്തുവാക്കുകൾ   ഒടിഞ്ഞു തീർന്ന ചൂരലുകൾ എണ്ണം കൂടും തോറും മനസ്സിൽ ഒരു മൃഗം ചങ്ങല പൊട്ടിക്കാൻ വെമ്പും പോലെ തോന്നി. കൂട്ടുകാരുമായി കളിക്കാൻ പോയാൽ,  പോകാതെ വീട്ടിലിരുന്നു പഠിച്ചാൽ  ഉറക്കെ ചിരിച്ചാൽ,  ഏതിനെന്നും എന്തിനെന്നും അറിയാത്ത ചൂരലിന്റെ നീറ്റൽ ആദ്യം ആദ്യം അവനെ കരയിപ്പിച്ചിരുന്നു.  പിന്നീട് ആ വേദന അവഗണിച്ചു കണ്ണിൽ പ്രതിക്ഷേധവുമായി അവൻ എല്ലാ തല്ലും നിന്നു കൊള്ളും. ഒന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്നു അമ്മയുടെ മുഖം മാത്രം ഒരു വിങ്ങലായി ഉള്ളിൽ കിടന്നു .
തനിക്കു കൂട്ടായി ഒരു അനിയത്തി കുട്ടി വന്നപ്പോൾ അവൻ സന്തോഷിച്ചു. അവളോടെങ്കിലും അയാൾ സ്നേഹം കാണിക്കുമെന്ന് പ്രതീക്ഷിച്ചു.  പക്ഷെ അവൾ വളർന്നു,  എന്നിട്ടും അച്ഛന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും കണ്ടില്ല. അമ്മ ദിവസം കഴിയും തോറും വിളർത്തു വന്നു.
നന്നായി പഠിച്ചു അമ്മയെയും അനിയത്തി കുട്ടിയേയും കൊണ്ടു ദൂരെ എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കണം എന്നു മനസ്സിൽ ഉറച്ചു . സമ പ്രായത്തിൽ എല്ലാവരും ആവശ്യമുള്ളതൊക്കെ പൈസ കൊടുത്തു വാങ്ങുമ്പോൾ ,  അവൻ ഓരോ പൈസയും കൂട്ടി വെച്ചു,  തന്റെ ഭാവി സ്വപ്നങ്ങൾക്ക് നിറം നൽകാൻ. കൗമാര സ്വപ്‌നങ്ങൾ അവന്റെ മനസ്സിൽ കൂട് കൂട്ടാതെ മാറി നടന്നു. ഓരോ പെൺകുട്ടിക്കും തന്റെ അമ്മയുടെ നിസ്സഹായ മുഖം ആണെന്ന് അവന് തോന്നി.
പത്താം ക്ലാസ്സിൽ ആയി . ശിവൻ മാഷ് അവനോടു പറഞ്ഞു " മനസ്സ് ഏകാഗ്രമാക്കി പഠിച്ചാൽ നീ ആവും ഈ സ്കൂളിൽ ഒന്നാമൻ". സ്വസ്ഥമായി ഇരുന്നു പഠിക്കാൻ ഒരു മുറി പോട്ടെ ഒരു മേശയും കസേരയും പോലും ഇല്ലായിരുന്നു. എല്ലാവരും ഉറങ്ങുമ്പോൾ അരണ്ട വെളിച്ചത്തിൽ പഠിക്കാനിരിക്കും.  ചിലപ്പോൾ ലഹരി വിട്ടു ഉണരുന്ന അച്ഛന്റെ അലർച്ച കേൾക്കാം "കറണ്ടിന്റെ കാശു കൊടുക്കാൻ നിന്റെ അപ്പൻ സമ്പാദിച്ചു കൂട്ടുന്നുണ്ടല്ലോ ?" അതു കേൾക്കുമ്പോൾ ബാക്കി കേൾക്കാൻ അറക്കുന്ന പദങ്ങൾ കേൾക്കാതിരിക്കാൻ മനസ്സില്ലാമനസ്സോടെ വിളക്കണക്കും. അയാൾ എന്നും മോന്തുന്ന ലഹരിയിൽ വിഷം വല്ലതും ചേർത്തു അയാളെ ഇല്ലാതാക്കിയാലോ എന്നു പോലും ചിന്തിച്ചു .
എപ്പോളും നിറയുന്ന അമ്മയുടെ കണ്ണുകളും , വിലങ്ങു വെച്ചു കൊണ്ടു പോകുന്ന പോലീസും , ഒരിക്കലും നടക്കാതെ പോകുന്ന ഭാവി സ്വപ്നങ്ങളും അവനെ നിസ്സഹായനാക്കി. സ്റ്റഡി ലീവിന് എല്ലാരും ഇരുന്നു പഠിക്കുമ്പോൾ അവന് അച്ഛൻ ഇല്ലാത്ത സമയം മാത്രമേ പഠിക്കാൻ കിട്ടിയിരുന്നുള്ളൂ .വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛൻ എന്തിനാണ് എല്ലാം ഇട്ടെറിഞ്ഞു പോന്നത് എന്നു അവന് ചിന്തിച്ചു. ജോലിയില്ലാതെ കൈയിൽ പൈസ ഇല്ലാതെ ആയതോടെ ആണ് അച്ഛൻ ഇങ്ങനെ ആയി തീർന്നതെന്നു അമ്മ ന്യായീകരിച്ചു .  എന്തിനാ ആ ദേഷ്യം ഒന്നും അറിയാത്ത മക്കളുടെ മേലെ തീർക്കുന്നതെന്ന് അവനു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
പരീക്ഷയുടെ രണ്ടു ദിവസം മുന്ന് അയാൾ പതിവിലും കലി തുള്ളിയാണ് എത്തിയത്.  "കടയിൽ പോയി സിഗരറ്റ് വാങ്ങി കൊണ്ടു വാടാ " എന്നലർച്ച കേട്ടു.  പുസ്തകം മടക്കി വെക്കുന്നതിനിടെ അച്ഛൻ മുറിയിലേക്ക് വന്നു.  "ചെവി കേട്ടു കൂടെടാ നായെ " എന്നു അലറി കൊണ്ടു ആദ്യത്തെ അടി ചെവിക്കു തന്നെ വീണു. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി.
"അവന്റെ ഒരു പഠിപ്പു" എന്നും പറഞ്ഞു കൈയിൽ കിട്ടിയ പുസ്തകങ്ങൾ വാരിയെടുത്തു പുറത്തേക്കു പാഞ്ഞു    കരഞ്ഞു കൊണ്ടു അമ്മ പിന്നാലെ . അവന് പുറത്തേക്കു വന്നപ്പോളേക്കും ആളുന്ന തീയിൽ പുസ്തകങ്ങൾ പാതിയിലേറെ കത്തി കഴിഞ്ഞിരുന്നു.
ഒന്നും ഓർത്തില്ല,  വേലിക്കലെ ശീമ കൊന്ന ഒടിച്ചെടുത്തു അയാളുടെ പുറത്തു ഒന്ന് കൊടുത്തു .
മദം പൊട്ടിയ ആനയെ പോലെ പല്ലിറുമ്പികൊണ്ടു അയാൾ അവനു നേരെ തിരിഞ്ഞു . കൈയിലെ വടി വാങ്ങി അതു ചിന്നി ചിതറും വരെ അവന്റെ ദേഹത്ത് വീണു കൊണ്ടിരുന്നു.  ഒരു തുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ ഉണ്ടായില്ല.
അന്നത്തെ ദിവസത്തിന് ശേഷം അവൻ സ്കൂളിൽ പോയില്ല  അമ്മയുടെ കണ്ണുനീരും,  മാഷിന്റെ ഉപദേശങ്ങളും ,  കൂട്ടുകാരുടെ നിര്ബന്ധവും അവനിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല.
പിന്നീടങ്ങോട്ട് ചെയ്യാൻ പാടില്ലാത്തതൊക്ക അവൻ ചെയ്തു.  അച്ഛന്റെ മുന്നിലിരുന്നു തന്നെ സിഗരറ്റ് ഊതി വിട്ടു.  എല്ലാ അടിപിടിക്കും പോയി.  മൂക്കറ്റം കള്ള് കുടിച്ചു.  അച്ഛന്റെ ശബ്ദത്തിനു മുകളിൽ അവന്റെ ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ അയാളുടെ ശബ്ദം നേർത്തു വന്നു.
ഇന്നു എന്തായിരുന്നു ഓണമോ വിഷുവോ  ?
പതിവുപോലെ നില തെറ്റി വീട്ടിൽ എത്തിയപ്പോൾ അമ്മ ഊണ് വിളമ്പുകയായിരുന്നു.  " നിന്നെ കാത്തിരിക്കുകയായിരുന്നു അച്ഛൻ,  പെട്ടെന്ന് കൈ കഴുകി വാ " അമ്മ പറഞ്ഞു.  " അച്ഛനാണത്രെ ആരുടെ അച്ഛൻ എന്നും പറഞ്ഞു പല്ലിറുമ്മി കൊണ്ടു അവൻ അകത്തേക്ക് നടന്നു.
കുറെ കഴിഞ്ഞപ്പോൾ അമ്മയുടെ നിലവിളി കേട്ടു .തന്നോടുള്ള കലി അയാൾ അമ്മയുടെ മേലെ തീർക്കുകയാണോ എന്നു തോന്നി. എന്തൊക്കെയോ വീഴുന്ന ശബ്ദം.  അവനു എണീക്കണം എന്നുണ്ട്. അനങ്ങാൻ പറ്റുന്നില്ല , കണ്ണു അടഞ്ഞു പോകുന്നു.  എത്ര നേരം അങ്ങനെ കിടന്നു എന്നു അറിയില്ല.
എണീറ്റപ്പോൾ തല പൊട്ടിത്തെറിക്കുന്ന പോലെ. പുറത്തു അലമുറയിട്ടു ആരൊക്കെയോ കരയുന്നു. വേച്ചുവേച്ചു നടന്നു സ്വീകരണ  മുറിയിലെത്തുമ്പോൾ,  വെള്ള പുതച്ചു അച്ഛന്റെ ശരീരം , ചുറ്റും ആളുകൾ , കരഞ്ഞു തളർന്നു കിടക്കുന്ന അമ്മ   തന്നെ കണ്ടതും അമ്മ തീ പാറുന്ന കണ്ണുകളോടെ അവനെ നോക്കി " ഇവനാ ഇവൻ കാരണമാ ആദ്യേഹം ഇത്ര പെട്ടെന്ന് പോയത്  ഇവനാണ് കൊന്നത് " അമ്മ അവന്റെ നേരെ കൈചൂണ്ടി .
അടുക്കളയിൽ  നിറഞ്ഞു നിൽക്കുന്ന സ്ത്രീകളെ വകഞ്ഞു മാറ്റി എങ്ങോട്ട് എന്നില്ലാതെ ഇറങ്ങി നടന്നു.  ഈ വഴി അവസാനിക്കാതെ ഭൂമിയുടെ അറ്റം വരെ നടന്നു പോകാൻ തോന്നി.  ഇത്ര നാളും യുദ്ധം ചെയ്തത് സ്വന്തം നിഴലിനോടോ? എതിരാളി വീണിട്ടും തോറ്റു പോയിരിക്കുന്നു.

No comments: