വർഷങ്ങൾക്കിപ്പുറം അവളെ വേട്ടയാടികൊണ്ടിരുന്ന ആ ഒരു മുഖം, ആ ശബ്ദം വീണ്ടും. മനസ്സിന്റെ പല കോണുകളിൽ നിന്നും പല വിസ്‌ഫോടനം നടക്കുന്ന പോലെ. മനസ്സ് കടിഞ്ഞാൺ പൊട്ടിച്ചു വർഷങ്ങൾക്കു പിറകിലേക്ക് ഓടി പോകുന്നു.
എന്നാണ് എന്നു അറിയില്ല മനസ്സിൽ ഒരിഷ്ടം തോന്നിയത്. പരസ്പരം സംസാരിക്കുമ്പോൾ കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ, അറിയാതെ അവൾ തല താഴ്ത്തി പോകുന്നു. ക്ലാസ്സ് മുറിയുടെ ഇടനാഴിയിൽ നിന്നും ഒരു പാട് എന്തൊക്കെയോ അവർ സംസാരിച്ചിരുന്നു. പക്ഷേ ഒരിക്കൽ പോലും മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞില്ല. പക്ഷെ അവരുടെ കണ്ണുകൾ പരസ്പരം ഒരു ജന്മത്തെ കഥകൾ മുഴുവൻ പങ്കുവെച്ചു മറ്റാരും അറിയാതെ.
അവളുടെ മനസ്സ് മുഴുവൻ നിറങ്ങൾ ആയിരുന്നു. എപ്പോളും രണ്ടു കണ്ണുകൾ പിന്തുടരുന്ന പോലെ. എന്തൊക്കെയോ ഒരുപാട് സംസാരിക്കണം എന്നു കരുതി അടുത്തു പോകും. പക്ഷേ അവനെ കാണുന്ന മാത്രയിൽ എല്ലാം മറന്നു വേറെ എന്തൊക്കെയോ സംസാരിക്കുന്നു. ഇത്രയും കൊല്ലം കൂടെ ഉണ്ടായിട്ടും പിരിഞ്ഞു പോരാറായ സമയത്തു ആണോ ഇങ്ങനെ ഒരു ചാഞ്ചാട്ടം മനസ്സിന്. മനസ്സിനെ കുറെ പറഞ്ഞു മനസ്സിലാക്കി. ഒരുപാട് പഠിക്കാനുണ്ട്, ഒറു പാട് സ്വപ്‌നങ്ങൾ ബാക്കിയാണ്, ചെന്നു വീഴുന്നത് ഒന്നു കനലിൽ ആണ്. യാതൊരു പ്രതീക്ഷ ഇല്ലാത്ത കനലിൽ.
വേണ്ട വേണ്ട എന്നു മനസ്സിന്റെ ഒരു പകുതി, വേണം എന്നു മറു പകുതി.ഒരിക്കൽ പോലും ഭാവിയെ കുറിച്ചൊന്നും ഓർക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. ജാതിയും മതവും സാമൂഹികവും സാമ്പത്തികവും ഒന്നും ഒരു വേലിയും അവർക്കിടയിൽ തീർത്തില്ല. അവൻ നോമ്പ് നോക്കുമ്പോൾ അവൾ ഉപവാസം അനുഷ്ഠിച്ചു. രാത്രികൾക്ക് പതിവില്ലാത്ത നീളം ആയിരുന്നു അന്നൊക്കെ. എപ്പോ നേരം പുലരും എന്നു ക്ലോക്കിന്റെ ശബ്ദം കാതോർത്തു കിടന്നു നേരം വെളുപ്പിച്ചു. കാലത്തു എത്രയും പെട്ടന്ന് കോളേജിൽ പോകണം അവനെ കാണണം അത്രയേ ഉള്ളൂ. അതിനപ്പുറം അതിമോഹം ഒന്നും തോന്നിയിട്ടും ഇല്ല.
ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ഒരുപാട് കൊടുങ്കാറ്റു വീശി. അവളിലെ മാറ്റങ്ങൾ, അവൾ കടലാസ്സിൽ പകർത്തിവെച്ച സ്വപ്‌നങ്ങൾ ഒക്കെ വീട്ടുകാരുടെ നിരീക്ഷണത്തിൽ പെട്ടു. പതുക്കെ വീട്ടിൽ കല്യാണ ആലോചനയുടെ സംസാരങ്ങൾ തുടങ്ങി. എതിർത്തു പറയാൻ ഒരു ധൈര്യത്തിന് അവന്റെ സൈഡിൽ നിന്നും ഒരു മറുപടി ഇതുവരെ ഇല്ല. മിണ്ടിയാൽ കരണം അടിച്ചു പൊട്ടിക്കുന്ന അച്ഛനെ ഓർത്തപ്പോൾ കൈയും കാലും തളർന്നു.
മനസ്സിൽ ഉള്ളത് തുറന്നു പറയാൻ പല വട്ടം, പല വിധത്തിൽ ശ്രമിച്ചു. രണ്ടുപേർക്കും വളരെ അടുത്ത ഒരു കൂട്ടുകാരി ഒരിക്കൽ പറഞ്ഞു, അവളിൽ ഇല്ലാത്ത ഒരു പ്രത്ത്യേകതയും എന്നിൽ അവൻ കണ്ടിട്ടില്ല എന്നു. അവളുടെ ചുറ്റിലെ മഞ്ഞു മാഞ്ഞു പോയി. ഇത്രയും നാള് സ്വപ്നത്തിൽ ആയിരുന്നോ എന്നാ പോലെ ഉണർന്നു. മനസ്സ് നൂറു കഷ്ണം ആയി പൊട്ടിച്ചിതറുന്ന പോലെ. കല്യാണം ഉറച്ചു വരുന്ന കാര്യം പറഞ്ഞപ്പോൾ, അവൻ ചിരിയോടെ പറഞ്ഞു എന്തായാലും വിളിക്കണം എന്നു.
പിന്നേ എല്ലാം യാന്ത്രികമായിരുന്നു, പെട്ടെന്ന് ആയിരുന്നു. കല്യാണ വേഷത്തിൽ പന്തലിൽ നിൽക്കുമ്പോൾ കൂടെ അവൻ അടുത്തു വന്നപ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് അറിഞ്ഞു. അവൻ വേറെ ഏതോ ലോകത്തു എന്ന പോലെ കണ്ണുകൾ പോലും പിടി തരാതെ. അവളുടെ മനസ്സിൽ ഒരുപാട് ദേഷ്യം തോന്നി, ചുറ്റും എല്ലാത്തിനോടും. പിന്നെയും കൊല്ലങ്ങൾ എടുത്തു ആ മുറിവ് ഉണങ്ങാൻ.
പിന്നെ എല്ലാം മനസ്സിൽ തന്നെ കുഴിച്ചു മൂടി. ഇന്നത്തെ കാലത്തു ജനിച്ചിരുന്നെങ്കിൽ എന്ന് അവൾക്കു തോന്നും. ഇപ്പോൾ എല്ലാം വിരൽ തുമ്പിൽ. പക്ഷേ അവനെ ഒരുപാട് അന്വേഷിച്ചു, ഒരു വിവരവും കിട്ടിയില്ല. എവിടെയെങ്കിലും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.
ഇപ്പോൾ വർഷങ്ങക്കിപ്പുറം യാദൃശ്ചികമായി വീണ്ടും അവന്റെ ശബ്ദം. രണ്ടു പേരും വല്ലാതെ മാറി പോയി. ഒരുപാട് കൊല്ലം മനസ്സിൽ ഭാരമായി കൊണ്ട് നടന്ന എല്ലാം പരസ്പരം പറഞ്ഞു. അവൾ സഞ്ചരിച്ച അതേ പാതയിൽ വിപരീത ദിശയിൽ അവനും ഉണ്ടായിരുന്നു. കുറച്ചു ദൂരത്തിനപ്പുറം ഉണ്ടായിട്ടും ഇത്രയും കാലം ഈ ഭാരം ഇറക്കി വെക്കാൻ പറ്റാതെ കൊണ്ടു നടന്നത് ആ ദൈവത്തിന്റെ നിശ്ചയം.
No comments:
Post a Comment