അക്കരെ നിക്കുമ്പോൾ ഇക്കരെ പച്ച എന്ന അവസ്ഥയാണ് എല്ലാം പ്രവാസികൾക്കും. ഇവിടെ കുറച്ചു കാലം നിന്നു കഴിയുമ്പോൾ, ഒരു ഗൃഹാതുരത മനസ്സിനെ അലട്ടും. എന്റെ നാട്, എന്റെ വീടു, എന്റെ പ്രിയപ്പെട്ടവർ എന്നിങ്ങനെ. അവധിക്കു പോകുന്ന ദിവസം കലണ്ടറിൽ വട്ടമിട്ടു അക്ഷമയോടെ കാത്തിരിക്കും. പിന്നെ പോണ ദിവസം അടുക്കും തോറും എന്തിനെന്നു അറിയാത്ത ഒരു ആധിയാണ്. കഴിച്ചിട്ട് ഭക്ഷണം ഇറങ്ങാത്ത, ഉറങ്ങാൻ കിടന്നിട്ടു തിരിഞ്ഞു മറിഞ്ഞു നേരം വെളുപ്പിക്കുന്ന വിവരിക്കാൻ പറ്റാത്ത എന്തോ ഒന്നു.
നാട്ടിൽ ചെന്നു കഴിഞ്ഞാലോ എല്ലാം ആവർത്തനം. വിമാനത്താവളം തൊട്ടു തുടങ്ങുന്ന ഔപചാരികതകൾ. ആരോ വരച്ച വരയിലൂടെ ഒരു പാവയെ പോലെ ഞാൻ നീങ്ങുന്നു. ഇതാണോ എന്റെ നാട്, എന്നെ കാത്തിരിക്കുന്ന എന്റെ വീടു,. സങ്കൽപ്പത്തിൽ നിന്നു ഒരു പാട് മാറ്റം ഉണ്ട് ഓരോ യാഥാർഥ്യത്തിനും.
ചില സമയത്തു ഒരു തടവുകാരനെ പോലെ എന്റെ മനസ്സ് വിമ്മിഷ്ടപെടും. എന്റെ ചുറ്റും ഉള്ള മുഖങ്ങൾ എവിടെയോ കണ്ട ഓർമ്മകൾ മാത്രം. ഒരു ബാധ്യത പോലെ ചിലർ എന്നെ സ്നേഹിക്കുന്നു , ചിലർ വെറുക്കുന്നു, വേറെ ചിലർ സ്നേഹിക്കുന്ന പോലെ അഭിനയിക്കുന്നു. ഇതിൽ ഏതാണ് സത്യം എന്നറിയാതെ ഞാൻ പകച്ചു നിൽക്കുന്നു.
എത്ര കൊല്ലം കഴിഞ്ഞാലും മാറാത്ത ചില കാഴ്ചകൾ നമ്മുടെ നാട്ടിലെ കാണാൻ കിട്ടൂ. അതു പോലെ എത്ര നാള് ലീവ് എന്ന പതിവ് ചോദ്യവും. ഇതു എന്റെ കൂടി മണ്ണാണ്. ഒരിക്കൽ തിരിച്ചു വരേണ്ട മണ്ണ്. ഇവിടെ ഞാൻ എങ്ങനെ അതിഥി ആവും.
എല്ലാവർക്കും ചൂഷണം ചെയ്യാൻ നിന്നു കൊടുക്കേണ്ടി വരുന്ന പാവം പ്രവാസി. എയർപോർട്ടിൽ ഡ്യൂട്ടി അതു ഇതെന്ന് തുടങ്ങി പിന്നെ തിരിച്ചു പോരും വരെ പല തരത്തിൽ ഉള്ള ചൂഷണം. പൊരി വെയിലത്ത് കൊല്ലങ്ങൾ പണി ചെയ്തു പ്രിയപ്പെട്ട ആൾക്കാരെ കാണാൻ കൊതിച്ചു വരുന്ന അവന്റെ പെട്ടിയിൽ പല കഴുകന്മാരുടെ കണ്ണുകൾ. എത്ര പാവം മനുഷ്യർ ഉണ്ണാതെ ഉറങ്ങാതെ കുടുംബത്തിന് വേണ്ടി ഉറുമ്പ് അരിമണി കൂട്ടും പോലെ കൂട്ടി വെച്ച അവന്റെ സമ്പാദ്യം. പണ്ടത്തെ പ്രവാസി ജീവിതത്തിൽ നിന്നു ഒരു പാടൊക്കെ മാറിയിരിക്കുന്നു ഇന്നും. എങ്കിലും അവധിക്കാലം ഒക്കെ അതു പോലെ തന്നെ. സ്വന്തം നാട്ടിലും വീട്ടിലും വിരുന്നുകാർ ആയുള്ള അവസ്ഥ.
അങ്ങനെ അവധി ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി. ഇട മുറിയാതെ പെയ്യുന്ന മഴയത്തു, ചൂട് ചായ മൊത്തികുടിച്ചു, ഒറ്റയ്ക്ക് ഇരിക്കാൻ ഒരുപാട് മോഹിക്കും. പക്ഷെ ഒന്നു സ്വസ്ഥമായി ഇരിക്കാൻ പോലും പറ്റാറില്ല എന്നതാണ് വാസ്തവം. പകുതിയിലേറെ ദിവസങ്ങൾ അമ്പലങ്ങളിൽ, ഡോക്ടറുടെ അടുത്തു. കൂടാതെ കല്യാണങ്ങൾ, പേര് വിളി, പാല് കാച്ചൽ പോരാത്തതിന് ബന്ധു വീടുകളിൽ സന്ദർശനം, വിരുന്നുകൾ എല്ലാം കഴിയുമ്പോളേക്കും ആറ്റുനോറ്റ് കാത്തിരുന്ന ദിനങ്ങൾ കൊഴിഞ്ഞു പോയി, ആരുമറിയാതെ.
ഒരു അവധിക്കാലത്ത് ചെയ്യാനുള്ള ഒരു പാട് കടമകൾ ചെയ്തു തീർത്തു ചിലത് അടുത്ത അവധിക്കു വേണ്ടി മാറ്റി വെച്ച് വീണ്ടും യാത്ര...
..................................................................................................................................................
3 comments:
റിയാ..ഏതൊരു ഗള്‍ഫുകാര്‍ക്കും പരിചിതമായ അവധിക്കാലമാണ് ഇവിടെ തുന്നിച്ചേര്‍ത്തിരിക്കുന്നത്. മനസ്സിലാകും..ഈ വേദനകള്‍..എങ്കിലും,ഞാനടക്കമുള്ള പ്രവാസികള്‍ എന്നും,പഴയ കാല ഓര്‍മ്മകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു...നാടിനു വന്ന മാറ്റം അത്ഭുതത്തോടെ നോക്കി കണ്ടുകൊണ്ട്
:) :)
പ്രവാസക്കുറിപ്പുകള്‍..
Post a Comment